കോട്ടയം: നഗരമധ്യത്തിൽ സ്വകാര്യ ബസ് ഓടിക്കുന്നതിനിടെ മൊബൈൽ ഫോൺ ഉപയോഗിച്ച ഡ്രൈവർക്കെതിരെ കർശന നടപടിയുമായി മോട്ടോർ വാഹന വകുപ്പ്. ഡ്രൈവറോട് നാളെ കോട്ടയം എൻഫോഴ്സ്മെന്റ് ആർ.ടി.ഒ സി.ശ്യാം നിർദേശിച്ചു. സ്വകാര്യ ബസിന്റെ ഉടമയെ വിളിച്ചാണ് കർശന നിർദേശം നൽകിയത്. സംഭവത്തിൽ അന്വേഷണം നടത്തി റിപ്പോർട്ട് സമർപ്പിക്കാൻ മോട്ടോർ വെഹിക്കിൾ ഇൻസ്പെക്ടർ ബി.ആശാകുമാറിനെയും ചുമതലപ്പെടുത്തിയിട്ടുണ്ട്. ഇന്ന് ഉച്ചയ്ക്ക് പന്ത്രണ്ട് മണിയോടെ കോട്ടയം നഗരമധ്യത്തിലായിരുന്നു സംഭവം. കനത്ത മഴയ്ക്കിടെ കോട്ടയം ചന്തക്കവലയിൽ നിന്നും അനുപമ തീയറ്റർ ഭാഗത്തേയ്ക്ക് വരുന്നതിനിടെയാണ് സ്വകാര്യ ബസ് ഡ്രൈവർ മൊബൈൽ ഫോൺ ഉപയോഗിച്ചത്.
കോട്ടയം ചങ്ങനാശേരി റൂട്ടിൽ സർവീസ് നടത്തുന്ന സെന്റ് മേരീസ് ബസിലെ ഡ്രൈവറാണ് മൊബൈൽ ഫോൺ ഉപയോഗിച്ചത്. തുടർന്ന്, യാത്രക്കാരൻ ഈ വീഡിയോ ദൃശ്യങ്ങൾ പകർത്തി ജാഗ്രത ന്യൂസ് ലൈവിന് അയച്ചു നൽകുകയായിരുന്നു. തുടർന്നാണ് ജാഗ്രത ന്യൂസ് ലൈവ് തങ്ങളുടെ ഫെയ്സ്ബുക്ക് പേജിലും യുട്യൂബിലും പ്രസിദ്ധീകരിക്കുകയായിരുന്നു. ഇതിന് പിന്നാലെയാണ് മോട്ടോർ വെഹിക്കിൾ ഇൻസ്പെക്ടർ ബി.ആശാകുമാർ സ്വകാര്യ ബസ് ഉടമയെ ബന്ധപ്പെട്ട് ഡ്രൈവറോട് ഓഫിസിൽ ഹാജരാകാൻ നിർദേശിച്ചത്. സംഭവത്തിൽ കർശന നടപടി സ്വീകരിക്കുമെന്ന് കോട്ടയം എൻഫോഴ്സ്മെന്റ് ആർ.ടി.ഒ സി.ശ്യാം അറിയിച്ചു.