കോട്ടയം: നഗരസഭ കോർപ്പറേഷനാകാൻ ഒരുങ്ങുന്നു. നാലു പഞ്ചായത്തുകളെ കൂടി കൂട്ടിച്ചേർത്താണ് നഗരസഭയെ കോർപ്പറേഷനാകുന്നത്. കോട്ടയം നഗരസഭയിലേയ്ക്ക് വിജയപുരം, പനച്ചിക്കാട്, തിരുവാർപ്പ്, കുമരകം പഞ്ചായത്തുകൾ കൂടി കൂട്ടിച്ചേർക്കുന്നതിനാണ് ആലോചിക്കുന്നത്. മെഡിക്കൽ കോളേജ് ഉൾപ്പെടുന്ന ആർപ്പൂക്കര പഞ്ചായത്തിനെ കൂടി ഉൾപ്പെടുത്തുന്നതും പരിഗണനയിലുണ്ട്. സർക്കാർ നിർദേശം അനുസരിച്ച് കോട്ടയം നഗരസഭ കോർപ്പറേഷനാക്കുന്നതിനുള്ള നടപടികൾ തത്വത്തിൽ ആരംഭിച്ചിട്ടുണ്ട്.
ഇതിന്റെ പ്രാരംഭ നടപടികൾ ആരംഭിക്കാൻ സർക്കാർ വിവിധ വകുപ്പുകൾക്ക് നിർദേശം നൽകിയിട്ടുണ്ട്. ഏതൊക്കെ പഞ്ചായത്തുകളെ കൂട്ടിച്ചേർക്കണം എന്നത് അടക്കമുള്ള കാര്യങ്ങൾ സർക്കാർ ഇതിന്റെ ഭാഗമായി പരിഗണിക്കും. അടുത്ത തിരഞ്ഞെടുപ്പിന് മുൻപ് തന്നെ കോട്ടയം നഗരസഭ കോർപ്പറേഷനായി മാറുമെന്നാണ് ലഭിക്കുന്ന സൂചനകൾ. തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ വിഭജനം അടക്കമുള്ള കാര്യങ്ങൾ നടത്തുന്ന വകുപ്പുകളും പ്ലാനിംങ് വിഭാഗവും ഇതു സംബന്ധിച്ചുള്ള പരിശോധനകൾ ആരംഭിച്ചിട്ടുണ്ട്.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
നിലവിൽ 52 വാർഡുകളുള്ള കോട്ടയം നഗരസഭയിൽ നേരത്തെ കോട്ടയം ജില്ലയിലെ നാട്ടകം കുമാരനല്ലൂർ പഞ്ചായത്തുകൾ കൂട്ടിച്ചേർത്തിരുന്നു. കോർപ്പറേഷനാകുമ്പോൾ വാർഡുകളുടെ എണ്ണം 100ൽ കവിയും. ഈ സാഹചര്യത്തിൽ വിജയപുരം, പനച്ചിക്കാട്, കുമരകം , തിരുവാർപ്പ് പഞ്ചായത്തുകൾ കൂട്ടിച്ചേർക്കുന്നതിനാണ് ആലോചിക്കുന്നത്. കോട്ടയം മെഡിക്കൽ കോളേജ് കൂടി ഉൾപ്പെടുന്ന കോട്ടയം ജില്ലയിലെ ആർപ്പൂക്കര പഞ്ചായത്ത് കൂടി കോർപ്പറേഷന്റെ ഭാഗമാക്കണമെന്ന ആവശ്യം ഉയരുന്നുണ്ട്.
കോട്ടയം നഗരസഭ കോർപ്പറേഷനാകുന്നതോടെ കൂടുതൽ അംഗീകാരവും, വികസന പദ്ധതികളും തേടിയെത്തും. കോർപ്പറേഷൻ വികസന ഫണ്ട് കൂടുതലായി ലഭിക്കുന്നതിനാൽ വികസന പദ്ധതികൾക്ക് ഗതിവേഗം കൈവരും. കേന്ദ്ര ധനകാര്യ കമ്മിഷന്റെ ഫണ്ട് കൂടുതൽ ലഭിക്കുകയും, അമൃത് പദ്ധതിയിൽ കേന്ദ്ര നഗരവികസന പദ്ധതിയിൽ ഉൾപ്പെടുന്നത് വഴി കേന്ദ്ര സർക്കാരിന്റെ ഫണ്ടുകൾ കൂടുതലായി ലഭിക്കും. പട്ടിക ജാതി പട്ടിക വർഗ ഫണ്ട് ഇനത്തിലും വലിയ വ്യസ്യാസം കോട്ടയം നഗരസഭ കോർപ്പറേഷനാകുന്നതോടു കൂടി ഉണ്ടാകും. നഗരത്തിന്റെ മാസ്റ്റർ പ്ലാനിൽ വ്യത്യാസം വരുന്നതിനൊപ്പം, ഉയർന്ന റാങ്കിലുള്ള ഉദ്യോഗസ്ഥർ കോർപ്പറേഷനിൽ എത്തും. ഇത് ഭരണകാര്യങ്ങളിൽ അടക്കം മാറ്റം കൊണ്ടു വരും.
സോണുകളിൽ വ്യത്യാസം വരുന്നതോടെ വ്യവസായങ്ങൾക്ക് കൂടുതൽ ആനുകൂല്യം സർക്കാരിൽ നിന്നും സർക്കാർ ഇതര സംഘടനകൾ അടക്കമുള്ളവയിൽ നിന്നും ലഭിക്കും. സർക്കാർ ജീവനക്കാർക്ക് വീട്ടുവാടക ബത്ത വൻ ആനുകൂല്യം ഉണ്ടാകും. വീട്ടുവാടക അലവൻസിൽ 5000 രൂപ എങ്കിലും വർദ്ധനവ് ഉണ്ടാകുമെന്നും വിലയിരുത്തുന്നു.