കോട്ടയം: പുതുപ്പള്ളിയിൽ വോട്ടെടുപ്പ് പൂർത്തിയായതോടെ ഇരുമുന്നണികളും ബിജെപിയും ആത്മവിശ്വാസത്തിൽ. തങ്ങളുടെ ശക്തി കേന്ദ്രങ്ങളിൽ വോട്ട് വർദ്ധിച്ചതിന്റെ ആത്മവിശ്വാസത്തിൽ തന്നെയാണ് രണ്ട് മുന്നണികളും. ഇത് വോട്ടെടുപ്പിൽ തങ്ങളുടെ നില ഭദ്രമാക്കിയെന്നു തന്നെയാണ് മുന്നണികളുടെ കണക്ക് കൂട്ടലുകൾ. 72.91 ശതമാനം വരെ വോട്ട് ശതമാനം വർദ്ധിച്ചതിനെ ഇരു മുന്നണികളും ആത്മവിശ്വാസത്തോടെ തന്നെയാണ് കാണുന്നത്.
രാവിലെ മുതൽ കൃത്യമായി പോൾ ചെയ്ത് മൂന്നു മണിയോടെ തങ്ങളുടെ 95 ശതമാനം വോട്ടുകളും രേഖപ്പെടുത്തിയതായാണ് എൽഡിഎഫ് അവകാശപ്പെടുന്നത്. അതുകൊണ്ടു തന്നെ തങ്ങളുടെ നിർണ്ണായക കേന്ദ്രങ്ങളിൽ എല്ലാം വോട്ട് കൃത്യമായി രേഖപ്പെടുത്തിയെന്നാണ് എൽഡിഎഫിന്റെ പ്രതീക്ഷ. ഉച്ചയ്ക്ക് ശേഷം പോളിംങ് നില കുറഞ്ഞത് തങ്ങൾക്ക് ദോഷമായി ഭവിക്കില്ലെന്നും എൽഡിഎഫ് കണക്ക് കൂട്ടുന്നു. എൽഡിഎഫിന്റെ കേന്ദ്രങ്ങളായ മണർകാട്, പാമ്പാടി, വാകത്താനം എന്നിവിടങ്ങളിൽ നല്ല രീതിയൽ പോളിംങ് രേഖപ്പെടത്തിയിട്ടുണ്ട് എന്നാണ് എൽഡിഎഫിന്റെ കണക്ക് കൂട്ടൽ. അതുകൊണ്ടു തന്നെ ഭേദപ്പെട്ട ലീഡോടെ വിജയം ഉണ്ടാകുമെന്നും എൽഡിഎഫ് കണക്ക് കൂട്ടുന്നു.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
എന്നാൽ, സ്ത്രീകൾ കൂടുതലായി വോട്ട് ചെയ്തത് തങ്ങൾക്ക് ഗുണം ചെയ്യുമെന്നാണ് യുഡിഎഫിന്റെ കണക്ക് കൂട്ടൽ. ഉമ്മൻ ചാണ്ടിയുടെ ഓർമ്മകൾ അതുകൊണ്ടു തന്നെ വോട്ടായി മാറുമെന്നും യുഡിഎഫ് കണക്ക് കൂട്ടുന്നു. പുതുപ്പള്ളിയിലും, വാകത്താനത്തും തങ്ങളുടെ ശക്തി കേന്ദ്രങ്ങളായ ബൂത്തുകളിൽ 90 ശതമാനത്തിലധികം വോട്ട് രേഖപ്പെടുത്തിയത് ആശ്വാസമായി മാറുമെന്ന് യുഡിഎഫ് കേന്ദ്രങ്ങൾ കണക്ക് കൂട്ടുന്നു. മുപ്പതിനായിരത്തിനു മുകളിലേയ്ക്ക് ലീഡ് വർദ്ധിക്കുന്നതിന് പോലും ഇത്തരത്തിലുള്ള വോട്ട് നില തങ്ങളെ സഹായിക്കുമെന്നും യുഡിഎഫ് കണക്ക് കൂട്ടുന്നു. എന്നാൽ, ബിജെപി തങ്ങളുടെ നിർണ്ണായകമായ കേന്ദ്രങ്ങളിൽ വോട്ട് പൂർണമായും ചെയ്തതായി ബിജെപി അവകാശപ്പെടുന്നു.