കോട്ടയം: കോട്ടയം – ഏറ്റുമാനൂർ – ചിങ്ങവനം പാത ഇരട്ടിപ്പിക്കലിന്റെ ഘട്ടം പൂർത്തിയായതോടെ പരീക്ഷണ ഓട്ടം നടത്തി റെയിൽവേ. 120 കിലോമീറ്റർ വേഗത്തിൽ എൻജിൻ മാത്രമാണ് സർവീസ് നടത്തിയത്. പരീക്ഷണ ഓട്ടം വിജയകരമാണെങ്കിൽ അടുത്ത മാസം ആദ്യം മുതൽ തന്നെ ട്രെയിൻ സർവീസ് ആരംഭിക്കും. ഇതോടെ കായംകുളം – എറണാകുളം റൂട്ട് പൂർണമായും ഇരട്ടപ്പാതയായി മാറും.
ഇരുപത് വർഷത്തോളമായി ഇഴഞ്ഞു നീങ്ങിയ പാത ഇരട്ടിപ്പിക്കൽ ജോലികളാണ് ഇപ്പോൾ പൂർത്തിയാകുന്നത്. കായംകുളം എറണാകുളം റൂട്ടിൽ ചിങ്ങവനത്തിനും ഏറ്റുമാനൂരിനും ഇടയിൽ മാത്രമായിരുന്നു സിംഗിൾ ലൈൻ ട്രാഫിക് നടന്നിരുന്നത്. എന്നാൽ, ചിങ്ങവനം മുതൽ ഏറ്റുമാനൂർ വരെയുള്ള ഭാഗത്ത് പാതഇരട്ടിപ്പിക്കൽ ജോലികൾ പൂർത്തിയായതോടെ ഇനി ഈ ഭാഗവും പൂർണമായും അതിവേഗത്തിൽ ട്രെയിനിന് സാധിക്കും.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
ശനിയാഴ്ച രാവിലെയാണ് ട്രെയിനുകൾ പരീക്ഷണ ഓട്ടം നടത്തിയത്. കൊച്ചിയിൽ നിന്നും റെയിൽവേ എൻജിനീയറിംങ് വിഭാഗം എൻജിനുമായി എത്തി രണ്ടാം ട്രാക്കിലൂടെ അതിവേഗം സർവീസ് നടത്തി. ഈ പരീക്ഷണ ഓട്ടം വിജയകരണമാണെങ്കിൽ റെയിൽവേ ഇരട്ടപ്പാതയിലൂടെ സർവീസിന് അനുമതി നൽകും. പാളത്തിന്റെ വേഗവും, ഉറപ്പും, വൈദ്യുതികരണവും അടക്കം പരിശോധിക്കുന്നതിനായാണ് റെയിൽവേ പരീക്ഷണ ഓട്ടം നടത്തിയത്. ചിങ്ങവനം റെയിൽവേ സ്റ്റേഷനിൽ നിന്നും ആരംഭിച്ച പരീക്ഷണ ഓട്ടം ഏറ്റുമാനൂരിൽ അവസാനിച്ചു.
പാളത്തിന്റെ ചരിവുള്ള ഭാഗത്തും, സ്റ്റേഷനുകളിലും നിർത്തിയും പ്ലാറ്റ്ഫോമിന്റെ ഉയരവും അടക്കമുള്ളവ പരീക്ഷിച്ച ശേഷമാണ് ട്രെയിനുകൾ കടന്നു പോയത്. പാതഇരട്ടിപ്പിക്കൽ ജോലികളും വൈദ്യുതികരണവും അടക്കം നടക്കുന്നതിനാൽ കായംകുളം എറണാകുളം പാതയിൽ അടുത്ത മാസം ആദ്യം വരെ ഗതാഗത നിയന്ത്രണം ഏർപ്പെടുത്തിയിട്ടുണ്ട്. രണ്ടര പതിറ്റാണ്ടായി മധ്യകേരളത്തിന്റെ യാത്രാക്ലേശത്തിനാണ് ഇപ്പോൾ ആശ്വാസമായിരിക്കുന്നത്.