കോട്ടയം: പൊലീസിനെ കണ്ട് ഓടിരക്ഷപെടാൻ ശ്രമിച്ച ബംഗാൾ സ്വദേശിയെ ഓടിച്ചിട്ട് പിടികൂടിയ റെയിൽവേ പൊലീസ് സംഘം കണ്ടെത്തിയത് മൂന്നു കിലോ കഞ്ചാവ്. കോട്ടയം റെയിൽവേ സ്‌റ്റേഷൻ പ്ലാറ്റ്‌ഫോമിൽ നിന്നാണ് കഞ്ചാവുമായി ബംഗാൾ സ്വദേശിയെ റെയിൽവേ പൊലീസ് സംഘം പിടികൂടിയത്. വെസ്റ്റ് ബംഗാൾ മൂർഷിദാബാദ് സ്വദേശിയായ സബീർ ഫഖീർ പയസി (29)നെയാണ് റെയിൽവേ സ്റ്റേഷൻ ഹൗസ് ഓഫിസർ റെജി പി.ജോസഫിന്റെ നേതൃത്വത്തിലുള്ള സംഘം പിടികൂടിയത്. ഇയാളെ കോടതിയിൽ ഹാജരാക്കി റിമാന്റ് ചെയ്തു.
ഓഡീസയിലെ ഭുവനേശ്വരിൽ നിന്നും കഞ്ചാവുമായി കേരളത്തിലേയ്ക്ക് എത്തിതയാണ് എന്ന് ഇയാൾ പറഞ്ഞു. കഞ്ചാവ് വിൽപ്പനയ്ക്കായി എത്തിച്ചതായിരുന്നു. റെയിൽ പ്ലാര്‌റ്‌ഫോമിൽ പരിശോധന നടത്തുകയായിരുന്ന റെയിൽവേ പൊലീസ് സീനിയർ സിവിൽ പൊലീസ് ഓഫിസർമാരായ സന്തോഷ്, നിധിൻ, ഹരിജിത്ത് എന്നവിരുടെ മുന്നിൽ പ്രതി പെടുകയായിരുന്നു. സംശയാസ്പദമായ സാഹചര്യത്തിൽകണ്ട ഇയാളുടെ സമീപത്തേയ്ക്ക് പൊലീസ് സംഘം എത്തിയപ്പോൾ പ്രതി ഇവിടെ നിന്നും ഓടിരക്ഷപെടാൻ ശ്രമിച്ചു. ഇതോടെ പൊലീസ് സംഘം പിന്നാലെ ഓടി ഇയാളെ പിടികൂടി. തുടർന്ന് ഇയാളുടെ ബാഗ് പരിശോധിച്ചപ്പോഴാണ് ബാഗിനുള്ളിൽ നിന്നും കഞ്ചാവ് പിടികൂടിയത്.