കോട്ടയം: കോട്ടയം റെയിൽവേ സ്‌റ്റേഷനു സമീപം റബർബോർഡ് റോഡിലെ റെയിൽവേ മേൽപ്പാലം നിർമ്മാണം പൂർത്തിയായി ഒരു വർഷത്തിലേറെ കഴിഞ്ഞിട്ടും, സുരക്ഷാ വേലികൾ സ്ഥാപിക്കാതെ റെയിൽവേയുടെ അനാസ്ഥ. തീവ്ര പ്രഹര ശേഷിയുള്ള റെയിൽവേയുടെ വൈദ്യുതി ലൈനുകൾ അടിയിലൂടെ കടന്നു പോകുന്ന പാലത്തിലാണ് ഇതുവരെയും സുരക്ഷാ വേലികൾ സ്ഥാപിക്കാത്തത്.
റെയിൽവേ മേൽപ്പാലങ്ങളുടെ മധ്യഭാഗത്തായി, രണ്ടാൾ പൊക്കത്തിൽ ഇരുമ്പ് സുരക്ഷാ വേലികൾ സ്ഥാപിക്കുന്നതാണ് പതിവ്. നിർമ്മാണം പൂർത്തിയാകുന്നതിന് മുൻപ് ഇത്തരത്തിൽ വേലികൾ സ്ഥാപിച്ച ശേഷം മാത്രമാണ് മേൽപ്പാലങ്ങൾ സാധാരണ ഗതിയിൽ തുറന്ന് കൊടുക്കുന്നത്. എന്നാൽ, റബർ ബോർഡിനു സമീപത്തെ റെയിൽവേ മേൽപ്പാലം തുറന്ന് നൽകി ഒരു വർഷം കഴിഞ്ഞിട്ടും ഇതുവരെയും ഇവിടെ ഇരുമ്പ് വേലികൾ സ്ഥാപിച്ചിട്ടില്ല.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
കഴിഞ്ഞ ദിവസം കഞ്ഞിക്കുഴി പ്ലാന്റേഷൻ കോർപ്പറേഷൻ മേൽപ്പാലത്തിൽ നിന്നും യുവാവ് റെയിൽവേ ട്രാക്കിലേയ്ക്കു ചാടിയിരുന്നു. ഇവിടെ ഇരുമ്പ് വേലികൾ സ്ഥാപിച്ചതിനാൽ ഇയാൾ സമീപത്തു നിന്നാണ് താഴേയ്ക്കു ചാടിയത്. മേൽപ്പാലത്തിൽ നിന്നും നേരിട്ട് താഴേയ്ക്ക് ചാടിയാൽ റെയിൽവേയുടെ വൈദ്യുതി ലൈനിൽ തട്ടി അപകടം ഉണ്ടാകാനുള്ള സാധ്യതയും ഏറെയാണ്. ഇത്തരത്തിലുള്ള അപകടം ഒഴിവാക്കാനാണ് മേൽപ്പാലങ്ങളിൽ ഇരുമ്പ് വേലികൾ സ്ഥാപിക്കുന്നത്. എന്നാൽ, ഇതാണ് ഇവിടെ ഇപ്പോൾ ഇല്ലാത്തത്.