കോട്ടയം: കഞ്ഞിക്കുഴിയിൽ നാട്ടുകാരുടെ നട്ടെല്ലൊടിച്ചിരുന്ന കുഴിയടയ്ക്കാൻ നിർണ്ണായകമായ ഇടപെടലുമായി കേരള പൊലീസ്. കോട്ടയം ട്രാഫിക് പൊലീസിലെ എ.എസ്.ഐ ബിജു പി.നായരും, സീനിയർ സിവിൽ പൊലീസ് ഓഫിസർ ഷാജിയും ചേർന്നാണ് ഇപ്പോൾ റോഡിലെ കുഴി അടച്ചത്. കഴിഞ്ഞ ദിവസം കഞ്ഞിക്കുഴി നഗരത്തിലുണ്ടായ ഗതാഗതക്കുരുക്കിന് കാരണമായത് റോഡിലെ ഈ കുഴിയായിരുന്നു. ഈ കുഴി കാരണം ശരിക്കും വലഞ്ഞത് പൊലീസ് ഉദ്യോഗസ്ഥരായിരുന്നു.
ഗതാഗതം നിയന്ത്രിക്കാനാവാതെ വലഞ്ഞ ഉദ്യോഗസ്ഥർ തന്നെയാണ് ഒടുവിൽ കുഴി അടയക്കാൻ മുൻകൈ എടുത്തത്. രാവിലെ ബൈക്കിൽ ഈ റോഡിലൂടെ സഞ്ചരിച്ച പൊലീസ് സംഘം ഇഷ്ടികയും, കല്ലും കട്ടയും ഉപയോഗിച്ച് റോഡിലെ കുഴി അടയ്ക്കുകയായിരുന്നു. ഇതേ തുടർന്നാണ് ഈ റോഡിലെ ഗതാഗത തടസം പരിഹരിക്കാൻ താല്കാലികമായെങ്കിലും സാധിച്ചത്.