കോട്ടയത്ത് ലക്ഷങ്ങളുടെ ഹവാല വേട്ട; മഹാരാഷ്ട്രയിൽ നിന്നും ട്രെയിനിൽ കടത്തിക്കൊണ്ടു വന്ന 32 ലക്ഷം രൂപ കോട്ടയത്ത് പിടികൂടി; ട്രെയിനിൽ നിന്നും ഹവാല പണം പിടികൂടിയത് റെയിൽവേ പൊലീസും എക്‌സൈസും ആർപിഎഫും ചേർന്ന് നടത്തിയ പരിശോധനയിൽ

കോട്ടയം: റെയിൽവേ സ്‌റ്റേഷനിൽ ലക്ഷങ്ങളുടെ ഹവാല വേട്ട. മഹാരാഷ്ട്രയിൽ നിന്നും ട്രെയിൽ കടത്തിക്കൊണ്ടു വന്ന 32 ലക്ഷം രൂപയുമായി ഒരാളെ പിടികൂടി. മഹാരാഷ്ട്ര സ്വദേശിയായ പ്രശാന്ത് ശിവജിയെ(30)യാണ് കോട്ടയം റെയിൽവേ എസ്.ഐ റെജി പി.ജോസഫിന്റെ നേതൃത്വത്തിലുള്ള സംഘം പിടികൂടിയത്.

Advertisements

ഇന്നലെ വൈകിട്ട് അഞ്ചരയോടെയായിരുന്നു സംഭവം. ട്രെയിലിലെ കുറ്റകൃത്യങ്ങൾ തടയുന്നതിന്റെ ഭാഗമായി റെയിൽവേ പൊലീസും, എക്‌സൈസും, ആർപിഎഫും സംയുക്തമായി പരിശോധന നടത്താറുണ്ട്. ഇത്തരത്തിലുള്ള പരിശോധനയുടെ ഭാഗമായി ഇന്നലെ മഹാരാഷ്ട്രയിൽ നിന്നും കൊച്ചു വേളിയ്ക്കുള്ള ട്രെയിനിൽ പരിശോധന നടത്തുകയായിരുന്നു. ഈ ട്രെയിനിന്റെ എസ് 7 ബോഗിയിലാണ് സംശയാസ്പദമായ സാഹചര്യത്തിൽ യുവാവിനെ കണ്ടത്. ചെങ്ങന്നൂർ റെയിൽവേ സ്റ്റേഷൻ ഭാഗത്ത് ട്രെയിൻ എത്തിയപ്പോഴാണ് ഇയാളെ കണ്ടെത്തിയത്.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

ഇയാളുടെ ബാഗിനുള്ളിൽ പത്രക്കടലാസ് കൊണ്ട് പൊതിഞ്ഞ് പ്ലാസ്റ്റിക്ക് കൂടിനുള്ളിൽ സൂക്ഷിച്ചിരുന്ന വസ്തു എന്താണ് എന്ന് ചോദിച്ചെങ്കിലും കൃത്യമായ മറുപടി നൽകാൻ തയ്യാറായില്ല. ഇതേ തുടർന്ന് ഇത് തുറന്ന് നടത്തിയ പരിശോധനയിലാണ് ബാഗിനുള്ളിൽ നിന്നും 500 രൂപയുടെ കെട്ടുകൾ കണ്ടെത്തിയത്. ഓച്ചിറയിലെ പത്മിനി ഗോൾഡ് ഷോപ്പിലേയ്ക്കു കൊണ്ടു പോകുകയാണ് പണം എന്ന മൊഴിയാണ് പ്രതി നൽകിയത്.

തുടർന്ന്, മഹ്‌സർ അടക്കം തയ്യാറാക്കിയ ശേഷം പ്രതിയെ കോട്ടയം റെയിൽവേ പൊലീസ് സ്റ്റേഷനിൽ എത്തിച്ചു. ഇതിന് ശേഷം വിവരം ഇൻകംടാക്‌സ് അധികൃതരെ അറിയിച്ചു. തുടർന്ന് ഇന്ന് രാവിലെ ഇൻകംടാക്‌സ് അധികൃതർ റെയിൽവേ പൊലീസ് സ്റ്റേഷനിൽ എത്തി പ്രതിയെ കസ്റ്റഡിയിൽ വാങ്ങി.

പിടിച്ചെടുത്ത പണം രാവിലെ എസ്.ബി.ഐ അധികൃതർക്ക് കൈമാറി. നോട്ട് കള്ളനോട്ടാണോ എന്ന് പരിശോധിച്ച് ബാങ്ക് അധികൃതർ നൽകുന്ന റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ റെയിൽവേ പൊലീസ് തുടർ നടപടികൾ സ്വീകരിക്കും. ഇതിന് ശേഷം ചീഫ് ജുഡീഷ്യൽ മജിസ്‌ട്രേറ്റ് കോടതിയിൽ പണം ഹാജരാക്കിയ ശേഷം ട്രഷറിയിൽ പണം അടച്ച് കാര്യങ്ങൾ തീർപ്പാക്കുമെന്നും റെയിൽവേ എസ്.ഐ റെജി പി.ജോസഫ് അറിയിച്ചു. റെയിൽവേ പൊലീസ് സ്റ്റേഷൻ എസ്.എച്ച്.ഒ റെജി പി.ജോസഫ്, എക്‌സൈസ് ഇൻസെക്ടർ രാജേന്ദ്രൻ, എ.എസ്.ഐ റൂബി , ഇന്റലിജൻസ് ഉദ്യോഗസ്ഥനായ ശരത്, ആർപിഎഫ് എഎസ്.ഐ റൂബി എന്നിവർ ചേർന്നാണ് പ്രതിയെ പിടികൂടിയത്.

Hot Topics

Related Articles