പാലാ: സ്വന്തം മന്ത്രിസഭയിലെ ഏറ്റവും സീനിയർ ആയ മന്ത്രിയും രാഷ്ട്രീയ നേതാവും ആയിരുന്ന കെഎം മാണിയെ “ബാർ കേസ് ഫാബ്രിക്കേററ് ചെയ്ത് പൊതുജനമദ്ധ്യത്തിൽ പരിഹാസ്യൻ ആക്കാൻ ശ്രമിച്ചതിനും കോടതി വ്യവഹാരത്തിന് വിധേയനാക്കിയതിലും അന്നത്തെ മന്ത്രിമാരായിരുന്ന കോൺഗ്രസ് നേതാക്കൾ സത്യം ഏറ്റുപറഞ്ഞ് ജനങ്ങളോട് മാപ്പ് പറയണമെന്ന് കേരള കോൺഗ്രസ് എം കോട്ടയം ജില്ലാ പ്രസിഡണ്ടും എൽഡിഎഫ് ജില്ലാ കൺവീനറുമായ പ്രൊഫ. ലോപ്പസ് മാത്യു ആവശ്യപ്പെട്ടു. അല്ലാത്തപക്ഷം മാണി സാറിന്റെ ആത്മാവും കേരള കോൺഗ്രസ് എം പ്രവർത്തകരും ഒരുകാലത്തും ബാർ കേസ് ഗൂഢാലോചനയിൽ പങ്കുചേർന്ന ഒരു കോൺഗ്രസ് നേതാവിനോടും പൊറുക്കില്ല എന്നും, കെ എം മാണിയെയും കേരള കോൺഗ്രസിനെയും ദുർബലമാക്കാൻ കോൺഗ്രസ് നേതാക്കൾ നടത്തിയ ബാർ കേസ് ഗൂഢാലോചന ഏറ്റുപറഞ്ഞു മാപ്പ് ചോദിക്കാത്തിടത്തോളം കാലം കേരളത്തിലെ കോൺഗ്രസ് രക്ഷപ്പെടുകയില്ല. ഭരണത്തിൽ ഇരുന്നപ്പോൾ റവന്യൂ മന്ത്രി എന്ന നിലയിൽ കെഎം മാണി കർഷകർക്ക് വേണ്ടി ചെയ്ത കാര്യങ്ങൾ ഒന്നൊന്നായി കോൺഗ്രസ് റവന്യൂ മന്ത്രിമാർ ഇല്ലാതാക്കുകയാണ് ചെയ്തത്. അതിന്റെ തിക്തഫലം ആണ് ഇന്ന് ഇടുക്കിയിലെ കുടിയേറ്റ കർഷകരുൾപ്പെടെ കേരളത്തിലെ കർഷകർ നേരിടുന്നത്. കോൺഗ്രസ് കേന്ദ്രമന്ത്രിമാരായിരുന്ന പി ചിദംബരവും ജയറാം രമേശും ഒക്കെ ചെയ്തുകൂട്ടിയ കാര്യങ്ങളാണ് ഇന്ന് കേരളത്തിലെ റബർ കർഷകരും വന്യമൃഗ ശല്യവും ഒക്കെ കർഷകർ അനുഭവിക്കുന്നത്. അന്ന് അതിന് കുടപിടിച്ച വി ഡി സതീശനും, തിരുവഞ്ചൂർ രാധാകൃഷ്ണനും ഒക്കെ കർഷക വിരുദ്ധ ചെയ്തികൾക്ക് കർഷകരോട് മാപ്പ് പറഞ്ഞ് തിരുത്തിയില്ല എങ്കിൽ കോൺഗ്രസ് എന്നും പറഞ്ഞ് ഇനിയും കർഷക സ്നേഹം നടിച്ചാൽ കർഷകർ സഹനത്തിനപ്പുറം കടന്നു പ്രവർത്തിക്കേണ്ടി വരുമെന്നും ലോപ്പസ് മാത്യു പറഞ്ഞു. സോളാർ കമ്മീഷനെ നിയമിച്ചത് കോൺഗ്രസ് തന്നെയാണ് എന്നത് വിസ്മരിക്കുകയാണ്. യൂത്ത് ഫ്രണ്ട് (എം) തിടനാട് സംഘടിപ്പിച്ച സമ്മേളനത്തിൽ മുഖ്യ പ്രഭാഷണം നടത്തുകയായിരുന്നു പ്രൊഫ. ലോപ്പസ് മാത്യു