കോട്ടയം: നഗരമധ്യത്തിൽ ടിബി ജംഗ്ഷനിൽ അപകടകരമായ രീതിയിൽ കൊടും വളവിൽ തട്ടുകട പ്രവർത്തിച്ചിട്ടും നഗരസഭ നടപടിയെടുക്കുന്നില്ലെന്ന് പരാതി. ടിബിയ്ക്കു തൊട്ടു മുന്നിലായി റോഡിലെ ഏറ്റവും അപകടകരമായ ഭാഗത്താണ് തട്ടുകട പ്രവർത്തിക്കുന്നത്. രണ്ടു ദിവസം മുൻപാണ് തട്ടുകട ഇവിടെ പ്രവർത്തനം ആരംഭിച്ചത്. വൈകിട്ട് ഏഴു മണിയോടെ പ്രവർത്തനം ആരംഭിക്കുന്ന തട്ടുകട അർദ്ധരാത്രി വരെ ഇവിടെയുണ്ട്.





കെ.എസ്.ആർ.ടി.സി ഭാഗത്ത് നിന്നും വാഹനങ്ങൾ അതിവേഗം വരുന്ന വഴിയിലാണ് അപകടകരമായ രീതിയിൽ രാത്രിയിൽ തട്ടുകട സ്ഥാപിച്ചിരിക്കുന്നത്. മുൻപ് ഈ ഭാഗത്ത് രാത്രികാലങ്ങളിൽ കടകളൊന്നുമുണ്ടായിരുന്നില്ല. എന്നാൽ, ഈ റോഡിലെ വളവിൽ തന്നെ ഇത്തരത്തിൽ കട സ്ഥാപിച്ചിരിക്കുന്നത് അപകട സാധ്യത വർദ്ധിപ്പിക്കുന്നുണ്ട്. രാത്രിയിൽ ഇവിടെ നിന്നും ഭക്ഷണം കഴിക്കുന്ന ആളുകൾ റോഡിലേയ്ക്കിറങ്ങുമ്പോൾ അപകടത്തിൽപ്പെടാനുള്ള സാധ്യത ഇരട്ടിയാണ്.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
ഇത് കൂടാതെ കെ.എസ്.ആർ.ടി.സി ഭാഗത്ത് നിന്നും എത്തുന്ന വാഹനങ്ങൾ ശ്രദ്ധ തെറ്റിയാൽ തട്ടുകടയിൽ ഇടിച്ചു കയറിയും അപകടമുണ്ടാകാൻ സാധ്യതയുണ്ട്. ഈ സാഹചര്യത്തിൽ അപകടകരമായ സാഹചര്യത്തിൽ പ്രവർത്തിക്കുന്ന തട്ടുകടയ്‌ക്കെതിരെ നഗരസഭ അധികൃതർ നടപടിയെടുക്കണമെന്നാണ് ആവശ്യം. പ്രദേശത്തിന്റെ ചുമതലയുള്ള നഗരസഭ ഉദ്യോഗസ്ഥർ ആരും തന്നെ ഈ വിവരം അറിഞ്ഞതേയില്ല. ഈ സാഹചര്യത്തിൽ ശക്തമായ നടപടിയുണ്ടായില്ലെങ്കിൽ വരും ദിവസങ്ങളിൽ ഇവിടെ അപകടം ഉണ്ടായാൽ മറുപടി പറയേണ്ടി വരിക കോട്ടയം നഗരസഭ അധികൃതർ ആയിരിക്കും.