കോട്ടയം : അമിത കൂലി വാങ്ങിയ ഓട്ടോ ഡ്രൈവർക്കെതിരെ പരാതി ശക്തമായ സാഹചര്യത്തിൽ ബോധവത്കരണവുമായി മോട്ടോർ വാഹന വകുപ്പ്. അമിത കൂലിയുടെ പശ്ചാത്തലത്തിലാണ് കോട്ടയത്തെ ഓട്ടോ ഡ്രൈവർമാർക്ക് ബോധവത്കരണവുമായി മോട്ടോർ വാഹനവകുപ്പ് രംഗത്ത് എത്തിയത്. മോട്ടോർ വാഹന വകുപ്പ് കോട്ടയം ആർ ടി ഓഫിസിലെ അസി. മോട്ടോർ വെഹിക്കിൾ ഇൻസ്പെക്ടർ ടി.എസ് പ്രജുവാണ് ഓട്ടോ ഡ്രൈവർമാർക്ക് ബോധവത്കരണം നൽകിയത്. കോട്ടയം നഗരത്തിൽ ഓട്ടോ റിക്ഷ ഡ്രൈവർ യാത്രക്കാരിൽ നിന്നും അമിത കൂലി വാങ്ങിയതായുള്ള പരാതിയുടെ അടിസ്ഥാനത്തിലാണ് നടപടി. കോട്ടയം കെ.എസ്.ആർ.ടി.സി ബസ് സ്റ്റാൻഡിനു സമീപത്തെ ഓട്ടോ സ്റ്റാൻഡിലാണ് ബോധവത്കരണം നടത്തിയത്.
കഴിഞ്ഞ ദിവസം ആറു കിലോമീറ്റർ യാത്ര ചെയ്യുന്നതിന് യാത്രക്കാരനിൽ നിന്നും ഓട്ടോ ഡ്രൈവർ 450 രൂപ കൂലി വാങ്ങിയത് സംബന്ധിച്ച് പരാതി ഉയർന്നിരുന്നു. ഇതേ തുടർന്നാണ് എ.എം.വി.ഐ ബോധവത്കരണം നടത്തിയത്. യാത്രക്കാരോട് പെരുമാറേണ്ടത് എങ്ങിനെ , യാത്രക്കാരുടെ പ്രീതി എങ്ങിനെ പിടിച്ച് പറ്റാം എന്നിവ അടക്കമുള്ള കാര്യങ്ങൾ വിശദീകരിച്ചു.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
ഓട്ടോ ഡ്രൈവർമാർ തങ്ങളുടെ പ്രശ്നങ്ങൾ എ.എം വി ഐ യോട് വിശദീകരിച്ചു. തങ്ങൾ നേരിടുന്ന പ്രശ്നങ്ങൾക്ക് പരിഹാരം കാണണമെന്ന് അഭ്യർത്ഥിച്ചു. രാത്രിയിൽ ചില സാമൂഹിക വിരുദ്ധ ഓട്ടോ ഡ്രൈവർമാരാണ് അമിത കൂലി വാങ്ങുന്നത് എന്ന് ഓട്ടോ ഡ്രൈവർമാർ ആരോപിച്ചു.