കോട്ടയം: തിരുനക്കര മഹാദേവക്ഷേത്രത്തിലെ ഉത്സവത്തിന് ദിവസങ്ങൾ മാത്രം ബാക്കി നിൽക്കെ കോട്ടയം നഗരം സാമൂഹിക വിരുദ്ധ സംഘത്തിന്റെ പിടിയിൽ. കോട്ടയം നഗരമധ്യത്തിൽ ഞായറാഴ്ച രാത്രിയുണ്ടായ രണ്ട് സംഭവങ്ങളാണ് തിരുനക്കര ഉത്സവ കാലത്ത് പൊലീസ് പരിശോധന ശക്തമാക്കണമെന്ന് ആവശ്യം ഉയർന്നതിന് പിന്നിൽ. ഞായരാഴ്ച രാത്രി എട്ടരയോടെ കോട്ടയം ഗാന്ധിസ്ക്വയറിൽ ജോസ്കോ ജുവലറിയ്ക്കു മുന്നിലാണ് സാമൂഹിക വിരുദ്ധ സംഘം അക്രമവുമായി അഴിഞ്ഞാടിയത്.
ജോസ്കോ ജുവലറിയ്ക്കു മുന്നിൽ മദ്യലഹരിയിൽ ഏറ്റുമുട്ടിയ അക്രമി സംഘമാണ് ഇന്ന് നാട്ടുകാർക്ക് ശല്യമായി മാറിയത്. തിരുനക്കരയിലും പരിസര പ്രദേശങ്ങളിലും അലഞ്ഞു തിരിയുന്ന അക്രമി സംഘമാണ് മദ്യലഹരിയിൽ ഏറ്റുമുട്ടിയത്. മദ്യപിച്ച് ഏറ്റുമുട്ടിയവരിൽ ഒരാൾ , റോഡിൽ കിടന്നതോടെ കെ.കെ റോഡിൽ ഗതാഗതവും തടസപ്പെട്ടു. ഇതോടെ നാട്ടുകാർ വിവരം പൊലീസിൽ അറിയിച്ചു. പൊലീസ് സംഘം എത്തിയപ്പോൾ അക്രമി സംഘത്തിലെ രണ്ടു പേരും മദ്യലഹരിയിൽ റോഡിൽ കിടക്കുകയായിരുന്നു. തുടർന്ന്, അക്രമി സംഘത്തിലെ രണ്ടു പേരെയും പൊലീസ് കസ്റ്റഡിയിൽ എടുത്ത് ആംബുലൻസ് വിളിച്ചു വരുത്തി ജില്ലാ ജനറൽ ആശുപത്രിയിലേയ്ക്കു മാറ്റി.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
ഇതിനിടെ കോട്ടയം തിരുനക്കര മൈതാനത്ത് തിരുനക്കര മഹാദേവക്ഷേത്രത്തിലെ ഉത്സവത്തിന്റെ ഭാഗമായി ഒരുക്കുന്ന സാമൂഹിക സാംസ്കാരിക പ്രവർത്തനത്തിന്റെ ഭാഗമായി തയ്യാറാക്കിയ പന്തലിനായി എത്തിച്ച നട്ടും ബോൾട്ടും സാമൂഹിക വിരുദ്ധ അക്രമി സംഘം മോഷ്ടിച്ചു. എട്ടു കിലോ നട്ടും ബോൾട്ടുമാണ് അക്രമി സംഘം മോഷ്ടിച്ചത്. ഇതിനെതിരെ പൊലീസിൽ പരാതിയും നൽകിയിട്ടുണ്ട്.
തിരുനക്കര മഹാദേവക്ഷേത്രത്തിലെ ഉത്സവത്തിന് ദിവസങ്ങൾ മാത്രമാണ് ബാക്കി. ഇതിനിടെയാണ് ഇപ്പോൾ കോട്ടയം നഗരമധ്യത്തിൽ സാമൂഹിക വിരുദ്ധ അക്രമി സംഘം അഴിഞ്ഞാടുന്നത്. ഇത് നഗരത്തിലെ സൈ്വര്യ ജീവിതത്തിന് തടസം സൃഷ്ടിക്കുന്നതായും പരാതി ഉയർന്നിട്ടുണ്ട്. ഈ സാഹചര്യത്തിൽ നഗരത്തിലെത്തുന്ന ആളുകളുടെ സുരക്ഷ ഉറപ്പാക്കാൻ ശക്തമായ നടപടി സ്വീകരിക്കാൻ പൊലീസ് സംഘം തയ്യാറാകണമെന്നാണ് നാട്ടുകാരുടെ ആവശ്യം.