കോട്ടയം : തിരുനക്കരയിലെ നഗരസഭ ഷോപ്പിംഗ് കോംപ്ലക്സ് പൊളിക്കുന്നതിനിടെ കെട്ടിടത്തിന് മുകളിൽ നിന്നും കോൺക്രീറ്റ് പാളി അടർന്ന് റോഡിൽ വീണു. പഴയ പോലീസ് സ്റ്റേഷൻ മൈതാനത്തിന് സമീപം ആളുകൾ ബസ് കാത്തുനിൽക്കുന്നതിന് എതിർവശത്താണ് ഫുട്പാത്തിലേക്ക് കോൺക്രീറ്റ് പാളി അടർന്നു വീണത്. 100 അടിയോളം ഉയരത്തിൽ നിന്നും വീണ കോൺക്രീറ്റ് പാളി ചിന്നി ചിതറി. മഴയായിരുന്നതിനാൽ ഈ സമയം ഇവിടെ ആളുകൾ ഉണ്ടായിരുന്നില്ല. ഇതുമൂലം വൻ അപകടം ഒഴിവായി. ആളുകൾ ധാരാളം സഞ്ചരിക്കുന്ന ഫുട്പാത്തിലേക്കാണ് കോൺക്രീറ്റ് പാളി വീണത്. വൈകുന്നേരം നാലുമണിയോടെ ആയിരുന്നു സംഭവം. മതിയായ സുരക്ഷാസംവിധാനങ്ങൾ ഒരുക്കാതെയാണ് നഗരസഭ കെട്ടിടം പൊളിക്കുന്നത് എന്ന ആക്ഷേപം നിലനിൽക്കുകയാണ് കോൺക്രീറ്റ് പാളി അടർന്നു വീണ സംഭവം ഉണ്ടായത്.
കെട്ടിടത്തിലെ വാതിലുകളും ഷട്ടറുകളും മേൽക്കൂരയിലെ ഷീറ്റുകളും നീക്കം ചെയ്യുന്ന സമയത്ത് കെട്ടിടത്തിന് ചുറ്റും വലകെട്ടി മറച്ചിരുന്നില്ല. ഇത് ജാഗ്രത ന്യൂസ് റിപ്പോർട്ട് ചെയ്തിരുന്നു. സംഭവം അധികൃതരുടെ ശ്രദ്ധയിൽപ്പെട്ടതിനെ തുടർന്നാണ് പച്ച നെറ്റ് കെട്ടി പൊളിക്കുന്ന കെട്ടിടത്തിന്റെ ഭാഗം മറച്ചത്. എന്നാൽ നെറ്റ് കെട്ടിയിരിക്കുന്നതിന് സമീപത്തുകൂടി ആളുകൾ സഞ്ചരിക്കുന്നത് ഒഴിവാക്കാൻ ഇവിടെ വേലി കെട്ടിത്തിരിക്കാൻ ഇനിയും നടപടി ആയിട്ടില്ല. പൊളിക്കുന്ന കെട്ടിടത്തിന്റെ മുകൾഭാഗം ഇപ്പോഴും പച്ച നെറ്റ് കൊണ്ട് പൂർണ്ണമായും മറയ്ക്കപ്പെട്ടിട്ടുമില്ല. കെട്ടിടം പൊളിക്കുമ്പോൾ ഒരുക്കേണ്ട സുരക്ഷ ക്രമീകരണങ്ങൾ സംബന്ധിച്ച് കരാറിൽ കൃത്യമായ മാനദണ്ഡങ്ങൾ എഴുതി ചേർത്തിട്ടുള്ളതാണ്.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
കെട്ടിടം പൊളിക്കൽ നടപടികൾക്ക് നഗരസഭ എൻജിനീയറിങ് വിഭാഗം മേൽനോട്ടം വഹിക്കുമെന്ന് പറഞ്ഞിരുന്നെങ്കിലും പലപ്പോഴും ഇത്തരത്തിൽ ആരും ഇവിടെ ഉണ്ടാകാറില്ല. റോഡിനോട് ചേർന്നുള്ള ഭാഗം പകൽസമയം പൊളിക്കരുതെന്ന് നിർദ്ദേശം ഉണ്ടായിരുന്നെങ്കിലും പകലെന്നോ രാത്രിയെന്നോ വ്യത്യാസമില്ലാതെ പൊളിക്കൽ നടപടികൾ തുടരുകയാണ്. നിശ്ചിത സമയത്തിനുള്ളിൽ കെട്ടിടം പൊളിക്കൽ പൂർത്തീകരിക്കാൻ ഉള്ള ശ്രമമാണ് ഇതിന് കാരണം എന്നാണ് ചൂണ്ടിക്കാണിക്കപ്പെടുന്നത്. കാലഹരണപ്പെട്ട കെട്ടിടത്തിൽ നിന്നും കോൺക്രീറ്റ് ഭാഗം അടർന്നുവീണ് മുമ്പ് ഒരാൾ മരണപ്പെട്ടിരുന്നു. ഇതേ തുടർന്നാണ് ജില്ലാ കളക്ടർ ഇടപെട്ട് കെട്ടിടം യുദ്ധകാല അടിസ്ഥാനത്തിൽ പൊളിച്ച് നീക്കാൻ നടപടികൾ ആയത്. എന്നാൽ കരാർ എടുത്തിരിക്കുന്ന കമ്പനി മതിയായ സുരക്ഷാസംവിധാനങ്ങൾ ഒരുക്കാത്തത് വലിയ അപകടങ്ങൾക്ക് കാരണമായേക്കാം. ജില്ലാ കളക്ടർ ഉൾപ്പെടെയുള്ള അധികൃതർ വിഷയത്തിൽ അടിയന്തരമായി ഇടപെട്ട് സുരക്ഷ സംവിധാനങ്ങൾ ഉറപ്പാക്കണം എന്നാണ് വ്യാപാരികൾ അടക്കമുള്ളവർ പറയുന്നത്.