കോട്ടയം: തിരുനക്കരയിലെ ബസ് സ്റ്റാൻഡ് ഷോപ്പിംങ് കോംപ്ലക്‌സ് പൊളിക്കൽ പുരോഗമിക്കുന്നത് നഗരസഭയുമായുണ്ടാക്കിയ കരാറിലെ മാനദണ്ഡങ്ങളൊന്നും പാലിക്കാതെ. രാത്രി എട്ടു മണിയ്ക്കു ശേഷം മാത്രമേ കെട്ടിടം പൊളിക്കാവൂ എന്നും , കെട്ടിടം പൊളിക്കുമ്പോൾ നഗരസഭയുടെ ഫുട്പാത്ത് അടക്കമുള്ള ഭാഗത്ത് സംരക്ഷണത്തിനായി വല കെട്ടണമെന്നത് അടക്കമുള്ള കരാർ എഗ്രിമെന്റുകൾ നില നിൽക്കെയാണ് തിരുനക്കര മൈതാനത്തിൽ പൊളിക്കുന്ന പ്രവർത്തനങ്ങൾ നടക്കുന്നത്. രാജധാനി ഹോട്ടൽ കെട്ടിടത്തിൽ നിന്നും കോൺക്രീറ്റ് ബീം വീണ് മാസങ്ങൾക്ക് മുൻപാണ് യുവാവ് മരിച്ചത്.
എന്നാൽ, ഈ സംഭവം നടന്നിട്ടു പോലുമില്ലാത്ത രീതിയിലാണ് കോട്ടയം നഗരമധ്യത്തിലെ കെട്ടിടം പൊളിക്കുന്ന ജോലികൾ പുരോഗമിക്കുന്നത്. സാധാരണക്കാരായ നൂറു കണക്കിന് ആളുകളാണ് കെട്ടിടത്തിന് അടിയിലൂടെ നടന്നു പോകുന്നത്. ഇത് പോലും പരിഗണിക്കാതെയാണ് ഇപ്പോഴും കെട്ടിട നിർമ്മാണം പുരോഗമിക്കുന്നത്.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
ഇതു സംബന്ധിച്ചു വിവരം അറിയുന്നതിനായി ജാഗ്രതാ ന്യൂസ് ലൈവ് സംഘം കെട്ടിടം പൊളിക്കുന്ന അലയൻസ് സ്റ്റീൽ അധികൃതരെ ഫോണിൽ ബന്ധപ്പെട്ടു. എന്നാൽ, തീർത്തും നിരുത്തരവാദപരമായ നിലപാടാണ് ഇവർ സ്വീകരിക്കുന്നത്. കെട്ടിടം പൊളിക്കുന്ന സമയത്ത് മാത്രം ഇത്തരത്തിൽ മറച്ചു കെട്ടിയാൽ മതിയെന്നും, ഇപ്പോൾ നടക്കുന്ന നിർമ്മാണ പ്രവർത്തനങ്ങൾക്ക് ഇത്തരത്തിൽ മറച്ചു കെട്ടൽ ആവശ്യമില്ലെന്നുമുള്ള നിലപാടാണ് അധികൃതർ സ്വീകരിക്കുന്നത്.
കെട്ടിടത്തിന്റെ ഉള്ളിലെ പൊളിക്കൽ ജോലികൾ ആരംഭിച്ചപ്പോൾ തന്നെ ജില്ലാ സ്‌പെഷ്യൽ ബ്രാഞ്ച് സംഘം, സുരക്ഷാ മാനദണ്ഡങ്ങളില്ലാതെയാണ് കെട്ടിടം പൊളിക്കുന്നതെന്നു റിപ്പോർട്ട് നൽകിയിരുന്നു. ഇതു സംബന്ധിച്ചു പൊലീസ് നഗരസഭയെയും, ജില്ലാ ഭരണകൂടത്തെയും വിവരം അറിയിച്ചിരുന്നു. എന്നാൽ, കെട്ടിടം പൊളിക്കാൻ ആരംഭിച്ച് ദിവസങ്ങൾ കഴിഞ്ഞിട്ടും ഇതു സംബന്ധിച്ചുള്ള വിവരങ്ങൾ പങ്കു വയ്ക്കാനോ കൃത്യമായ സുരക്ഷ ഒരുക്കാനോ അധികൃതർ ആരും തന്നെ തയ്യാറായിട്ടില്ല.