കോട്ടയം: പൊളിച്ചടുക്കലും, പൊളിച്ചടുക്കിയത് പരണത്തു വയ്ക്കലും മാത്രമാണ് കോട്ടയം നഗരസഭയുടെ രീതിയെന്നത് നഗരത്തിലെ വ്യാപാരികൾക്കും നാട്ടുകാർക്കും വ്യക്തമാണ്. ചില സ്ഥാപിത താല്പര്യക്കാരുടെ കുത്സിത പ്രവർത്തനങ്ങൾക്ക് വശംവദരായി നഗരമധ്യത്തിലെ തിരുനക്കര ബസ് സ്റ്റാൻഡ് കെട്ടിടം പൊളിച്ചു നീക്കാനിറങ്ങും മുൻപ് കോട്ടയം നഗരസഭ തിരിഞ്ഞ് നോക്കേണ്ട ഏറെക്കാര്യങ്ങളുണ്ട് കോട്ടയം നഗരമധ്യത്തിൽത്തന്നെ. പൊളിച്ചടുക്കി മൂലയ്ക്കാക്കിയ പൊലീസ് സ്റ്റേഷൻ കെട്ടിടം മുതൽ ഏറ്റവും ഒടുവിൽ പൊളിച്ച സ്ളോട്ടർ ഹൗസ് – ഉണക്കമീൻ മാർക്കറ്റ് വരെയുള്ള കെട്ടിടങ്ങളുടെ നീണ്ട നിരയുണ്ട് നഗരത്തിലെ വ്യാപാരികൾക്ക് ചൂണ്ടിക്കാട്ടാൻ. വഴിയിൽ നിന്ന് വീരവാദം മുഴക്കുന്നവരുടെ വാക്കുകേട്ട് നഗരമധ്യത്തിലേയ്ക്കു കെട്ടിടം പൊളിക്കാനിറങ്ങുന്ന നഗരസഭ അധികൃതർ തൊട്ടടുത്ത ഒഴിഞ്ഞ മൈതാനത്തിലേയ്ക്കും, ആകാശം മുട്ടെ ഉയരത്തിലേയ്ക്കുള്ള ഫൗണ്ടേഷനിട്ട് ശുഷ്കിച്ചു പോയ കെട്ടിടത്തിലേയ്ക്കും ഒന്ന് നോക്കണം.
പഴയ പൊലീസ് സ്റ്റേഷൻ മൈതാനം
കോട്ടയം നഗരമധ്യത്തിൽ കാൽനൂണ്ടാറ്റു മുൻപ് , വികസിപ്പിക്കാൻ വേണ്ടി പൊളിച്ച കെട്ടിടത്തിന്റെ ഇന്നത്തെ പേരാണ് പഴയ പൊലീസ് സ്റ്റേഷൻ മൈതാനം. 25 വർഷമായി കോട്ടയം നഗരമധ്യത്തിൽ രാഷ്ട്രീയപാർട്ടികൾക്ക് മാറി മാറിപൊതുപരിപാടികൾ നടത്താനുള്ള വേദിയായി ഈ സ്ഥലം മാറി. അടിയന്തിരമായി ഷോപ്പിംങ് കോംപ്ലക്്സ് നിർമ്മിക്കണമെന്നാവശ്യപ്പെട്ടാണ് അന്ന് കോട്ടയം നഗരമധ്യത്തിലെ പൊലീസ് സ്റ്റേഷൻ കോടിമതയിലേയ്ക്കു തട്ടിയത്. വർഷം 25 കഴിഞ്ഞ നഗരമധ്യത്തിലെ ആ പൊലീസ് സ്റ്റേഷൻ പൊളിച്ചിട്ട സ്ഥലത്ത് കിളുത്ത ആലിന കുഞ്ഞ് രണ്ടുണ്ടായി.. എന്നിട്ടും, ഒരു തറക്കല്ല് പോലുമിടാൻ ആരുമുണ്ടായില്ല.. ഭരണാധികാരികളായി…
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
പച്ചക്കറി മാർക്കറ്റ് പൊളിച്ചു
പാർക്കിങ് മൈതാനമാക്കി
കോട്ടയം നഗരസഭയിൽ മാത്രം കണ്ടുവരുന്ന ഒരു പ്രത്യേക സാങ്കേതിക വിദ്യയായിരുന്നു ഇത്. പച്ചക്കറി മൈതാനത്തിന്റെ കെട്ടിടം ബലക്ഷയത്തിന്റെ പേരിൽ പൊളിച്ചു മാറ്റിയ ശേഷം ആ സ്ഥലം പാർക്കിംങ് ഗ്രൗണ്ടാക്കി മാറ്റുകയായിരുന്നു നഗരസഭ ചെയ്തത്. ഇരുപത് വർഷം മുൻപ് പച്ചക്കറി മൈതാനം പൊളിച്ച് കോടിമതയിലേയ്ക്കു മാറ്റിയപ്പോൾ കോടിമതയിലേയ്ക്കു നഗരത്തിലെ മാർക്കറ്റ് മുഴുവൻ മാറ്റുമെന്നായിരുന്നു നഗരസഭയുടെ വാഗ്ദാനം. പൊളിച്ചു മാറ്റിയ സ്ഥലത്ത് ആധുനിക ഷോപ്പിംങ് കോംപ്ലക്സ് മുതൽ പാർക്കിംങ് പ്ലാസ വരെ നിർമ്മിച്ചു. പക്ഷേ, എല്ലാം കടലാസിലാണെന്നു മാത്രം. ഇപ്പോൾ നഗരസഭയ്ക്ക് കാറുകൾ പാർക്ക് ചെയ്തു പണംപിരിക്കാനുള്ള സ്ഥലമായി മാത്രം ഈ കെട്ടിടം മാറി. പത്തു വാഴ വച്ചിരുന്നെങിൽ എല്ലാക്കൊല്ലവും ഏത്തക്കുലവെട്ടി ഓണത്തിന് ഉപ്പേരിയെങ്കിലും വറുക്കാമായിരുന്നു.
പച്ചമീൻ – ഉണക്കമീൻ മാർക്കറ്റ് പൊളിച്ച്
ആധുനിക ഷെഡിലാക്കി
ആധൂനീകമേ നഗരമധ്യത്തിൽ ഉണ്ടാകാവൂ എന്നു നിർബന്ധമുള്ള നഗരഭരണാധികാരികളുള്ള ഒരു നാടാണ് കോട്ടയം. കോട്ടയത്തെത്തിയ ആരും പച്ചമീൻ – ഉണക്കമീൻ മാർക്കറ്റ് കണ്ടാൽ ചോദിച്ച് പോകും… എത്ര മനോഹരമായ ആചാരങ്ങൾ. അൽപം ബലക്ഷയമുണ്ടെങ്കിലും കുഴപ്പമില്ലാതെ കഴിഞ്ഞിരുന്ന മീൻ മാർക്കറ്റിനെ ആധുനീകമാക്കുന്നതിനു വേണ്ടി പൊളിച്ചടുക്കി എം.ജി റോഡരികിലെ ഷെഡിലേയ്ക്കു മാറ്റിയ ആധുനീക ഭരണാധികാരികളുടെ ദീർഘവീക്ഷണത്തിനു നാട്ടുകാർ നല്ലൊരു നമസ്കാരം നൽകി പോകുകയാണ്. മീൻ മാർക്കറ്റിനു തൊട്ടുമുന്നിലെ ആധുനിക കെട്ടിടം എന്തുകൊണ്ടു തുറക്കുന്നില്ലെന്നു ചോദിച്ചാൽ, ശങ്കരാടി കാട്ടിയ കൈരേഖയെടുത്തുകാട്ടുകയാണ് കാലിൽ ചങ്ങലയില്ലാത്ത, അഞ്ചു വർഷത്തേയ്ക്കു മാത്രം രാഷ്ട്രീയ പ്രവർത്തനം നടത്തുന്ന നഗരത്തിന്റെ മാതാപിതാക്കന്മാർ.
പരിശോധനയില്ലാതെ ഇറച്ചി പുറത്തു കിട്ടുമ്പോൾ
നഗരസഭയ്ക്ക് എന്തിന് സ്ളോട്ടർ ഹൗസ്
കോട്ടയം നഗരമധ്യത്തിൽ മാർക്കറ്റിനുള്ളിലുണ്ടായിരുന്ന ഇറച്ചിക്കടകൾ അടച്ചു പൂട്ടി, യാതൊരു പരിശോധനയുമില്ലാതെ റോഡരികിൽ ലൈസൻസില്ലാത്ത ഇറച്ചിക്കട പ്രവർത്തിപ്പിക്കാൻ അനുവാദം നൽകിയ ദീർഘവീക്ഷണമുള്ള ഭരണാധികാരികളാണ് കോട്ടയം ഭരിക്കുന്നത്. ആധുനിക ഇറച്ചിക്കടയെപ്പറ്റി പഠിക്കാൻ സ്ഥിരമായി തൃശൂർ സന്ദർശിക്കുന്ന ഭരണാധികാരികൾക്കു പക്ഷേ എട്ടും പൊട്ടും തിരിച്ചറിഞ്ഞ് സ്ളോട്ടർഹൗസ് തുറക്കാൻ ഇനിയും സാധിച്ചിട്ടില്ല. മണ്ടനമാർ ലണ്ടനിൽ പോയതുപോലെ പോയ വഴി തിരിച്ചു പോരുകയാണ് നഗരത്തിലെ തലയ്ക്കുള്ളിൽ ആൾത്താമസമില്ലാത്ത , പോക്കറ്റിൽ ഗാന്ധിമാത്രമുള്ള ഭരണാധികാരികൾ. വരുന്നവരും പോകുന്നവരും നിന്നവരും ഭരിച്ചവരുമെല്ലാം നോട്ടിലെ ഗാന്ധിയുടെ മാത്രം ഭക്തരാകുന്ന നാട്ടിൽ, എട്ടും പൊട്ടും തിരിയാത്ത ജനം വോട്ടു ചെയ്യാൻ മാത്രം വിധിക്കപ്പെട്ടവരാകുന്നു.
പരിഹാരം ഇങ്ങനെ
കോട്ടയം തിരുനക്കരയിലെ ബസ് സ്റ്റാൻഡ് കെട്ടിടം പൊളിക്കാനുള്ള നഗരസഭയുടെ നീക്കമാണല്ലോ ഇപ്പോൾ വിവാദമായിരിക്കുന്നത്. ഈ കെട്ടിടം പൊളിക്കും മുൻപ് നഗരമധ്യത്തിൽ തന്നെ ജോസ്കോ ജുവലറി പ്രവർത്തിക്കുന്ന രാജീവ് ഗാന്ധി ഷോപ്പിംങ് കോംപ്ലക്സിന്റെ മുകൾ നിലയിലേയ്ക്കുള്ള നിർമ്മാണം പൂർത്തിയാക്കാൻ നഗരഭരണാധികാരികൾ തയ്യാറാകണം. ഈ കെട്ടിട നിർമ്മാണം പൂർത്തിയാക്കി ഇതിനു മുകളിലേയ്ക്കു വ്യാപാരികളെ പുനരധിവസിപ്പിക്കണം. ഇതിനു ശേഷം നിങ്ങൾക്ക് വേണമെങ്കിൽ ബസ് സ്റ്റാൻഡ് കെട്ടിടം പൊളിച്ചു പണിയാം. അത് മറ്റൊന്നുംകൊണ്ടല്ല… ഞങ്ങൾക്ക് നിങ്ങളെ വിശ്വാസമില്ല…!!! ബസ് സ്റ്റാൻഡ് പാതി പൊളിച്ചിട്ട ശേഷം മീനവിയലെന്തായോ എന്തോ എന്നു പറഞ്ഞ് നിങ്ങളങ് പോകും.. അടിയിൽ പിടിച്ച അവിയൽ പോലെയാകും ഞങ്ങളുടെ ജീവിതം.