കോട്ടയം: കോട്ടയം തിരുനക്കര മഹാദേവക്ഷേത്രത്തിനു ശ്രീകൃഷ്ണ സ്വാമി ക്ഷേത്രത്തിനും സമീപത്തുള്ള കുളത്തിലേയ്ക്കുള്ള വഴിയിലെ കെട്ടിടത്തിലെ കമ്പി താടിയിലൂടെ തുളച്ചു കയറി വായിലൂടെ പുറത്തു വന്ന് മരണത്തോട് മല്ലടിച്ച് തമിഴ്‌നാട് സ്വദേശി കിടന്നത് അരമണിക്കൂറിലേറെ. വേദനകൊണ്ട് നിലവിളിച്ചു കിടന്ന ഇദ്ദേഹത്തെ അഗ്നിരക്ഷാ സേനാ സംഘം എത്തിയാണ് രക്ഷപെടുത്തിയത്. വെള്ളിയാഴ്ച രാത്രി പത്തു മണിയോടെയുണ്ടായ സംഭവത്തിൽ പെട്ടയാളെ 11 മണിയോടെയാണ് അഗ്നിരക്ഷാ സേനാ സംഘം രക്ഷപെടുത്തി മെഡിക്കൽ കോളേജ് ആശുപത്രിയിൽ എത്തിച്ചത്.
കോട്ടയം നഗരത്തിൽ ലോട്ടറി കച്ചവടം നടത്തുന്ന തേനി സ്വദേശി പെരിയകറുപ്പൻ (70) ആണ് ഗുരുതരമായി പരിക്കേറ്റ് കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്നത്. വെള്ളിയാഴ്ച രാത്രി പത്തു മണിയോടെയാണ് തിരുനക്കര ക്ഷേത്രത്തിനു സമീപം ശ്രീകൃഷ്ണ സ്വാമി ക്ഷേത്രം റോഡിന്റെ ആരംഭത്തിലുള്ള വഴിയിലെ കെട്ടിടത്തിൽ നിന്നും ഒരാളുടെ അലർച്ചയും നിലവിളിയും കേട്ടത്. തുടർന്ന്, നാട്ടുകാർ വിവരം അഗ്നിരക്ഷാ സേനയെയും, കോട്ടയം വെസ്റ്റ് പൊലീസിനെയും അറിയിക്കുകയായിരുന്നു.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
തുടർന്ന്, കോട്ടയം വെസ്റ്റ് പൊലീസ് സംഘം അഗ്നിരക്ഷാ സേനയ്‌ക്കൊപ്പം സ്ഥലത്ത് എത്തി. തുടർന്ന്, അഗ്നിരക്ഷാ സേനാ സംഘം സ്ഥലത്ത് എത്തിയപ്പോൾ കണ്ടത് കെട്ടിടത്തിന്റെ കോൺക്രീറ്റിങിനായി ഉപയോഗിക്കുന്ന കമ്പി ഇദ്ദേഹത്തിന്റെ കീഴ്താടിയിലൂടെ തുളഞ്ഞു കയറി വായിലൂടെ പുറത്തിറങ്ങി നിൽക്കുന്ന കാഴ്ചയാണ്. കട്ടർ ഉപയോഗിച്ച് കമ്പി അറത്തു മാറ്റിയ അഗ്നിരക്ഷാ സേനാ സംഘം ഇദ്ദേഹത്തെ ഉടൻ തന്നെ ആംബുലൻസിൽ കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിൽ എത്തിച്ചു.
പൊലീസ് ഉദ്യോഗസ്ഥർ ഇദ്ദേഹത്തിന്റെ ഫോൺ നമ്പരിൽ വിളിച്ച് മകനുമായി സംസാരിച്ചപ്പോഴാണ് പരിക്കേറ്റയാളെ തിരിച്ചറിഞ്ഞത്. രക്ഷാപ്രവർത്തനത്തിന് അഗ്നിരക്ഷാ സേനാ അസി.സ്‌റ്റേഷൻ ഓഫിസർ കെ.ജി സജീവ് ഫയർ ആന്റ് റസ്‌ക്യു പ്രിയദർശൻ, രഞ്ജു കൃഷ്ണൻ, സജിൻ എസ്.എസ്, സുബിൻ എസ്എസ്, അജിത്കുമാർ, സണ്ണി ജോർജ് , അനീഷ് ശങ്കർ എന്നിവർ നേതൃത്വം നൽകി. മൂത്രമൊഴിയ്ക്കാനായി ഈ കെട്ടിടത്തിൻ്റെ ഭാഗത്ത് എത്തിയപ്പോൾ കാൽ തട്ടി വീണ് കമ്പിയിൽ താടി തുളച്ച് കയറിയതാണെന്നു സംശയിക്കുന്നതായി പൊലീസ് അറിയിച്ചു.