കോട്ടയം: തിരുനക്കരയിൽ ഇനി ഉത്സവമേളക്കാലം. ആഘോഷങ്ങളുടെ കൊടിയേറ്റം ഇന്ന് വൈകിട്ട് ഏഴിന്. ഇനി പത്തു ദിവസം കോട്ടയം നഗരത്തിന് ഉത്സവമേളാഘോഷം. തിരുനക്കര മഹാദേവക്ഷേത്രത്തിലെ ഉത്സവത്തിന് വൈകിട്ട് കൊടിയേറുന്നതോടെയാണ് കോട്ടയം നഗരം ഉത്സവമേളത്തിൽ ആറാടുക. കൊടിയേറ്റ് ദിവസമായ രാവിലെ നാലിന് നിർമ്മാല്യദർശനം, അഭിഷേകം. വൈകിട്ട് അഞ്ചിന് അഷ്ടദ്രവ്യ ഗണപതിഹോമം. വൈകിട്ട് അഞ്ചിന് നടതുറക്കൽ. വൈകിട്ട് അഞ്ചരയ്ക്ക് വേദപാരായണം (കൂത്തമ്പലത്തിൽ) തിരുനക്കര ശ്രീശങ്കരപീഠം വിദ്യാപീഠം സ്വാമിയാർമഠത്തിന്റെ നേതൃത്വത്തിൽ നടക്കും.
വൈകിട്ട് ഏഴിന് ക്ഷേത്രം തന്ത്രി താഴ്മൺമഠം കണ്ഠരര് മോഹനരരുടെ മുഖ്യകാർമ്മികത്വത്തിൽ കൊടിയേറ്റും. ക്ഷേത്രത്തിലെ കൊടിയേറ്റ് ചടങ്ങിൽ നപാറപ്പാടം സജീഷും, തിരുവാർപ്പ് ഗണേഷും നാദസ്വരവും, തകഴി വിനീഷും, കോട്ടയം സന്ദീപും തവിലും വായിക്കും. കുമാരനല്ലൂർ സജേഷ് ആന്റ് പാർട്ടിയുടെ സ്‌പെഷ്യൽ പഞ്ചാരിമേളവും അരങ്ങേറും. തിരുനക്കര നെടുമങ്ങാട് മേടയിൽ കുടുംബം കൊടിക്കൂറ, കൊടിക്കയറും സമർപ്പിക്കും. തിരുനക്കര സീമാസ് ഡ്രൈക്ലീനിങിന്റെ നേതൃത്വത്തിലാണ് ക്ഷേത്രത്തിൽ ചുറ്റുവിളക്കും, ജയൻതടത്തുംകുഴിയുടെ നേതൃത്വത്തിൽ പുഷ്പാലങ്കാരവും നടക്കും. രാത്രി ഏഴരയ്ക്ക് വെടിക്കെട്ട്.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
ശിവശക്തി കലാവേദിയിൽ ഉച്ചയ്ക്ക് രണ്ടിന് ഭാഗവതപാരായണം. മൂന്നിന് കൊല്ലം അനുഗ്രഹയുടെയും സംഘത്തിന്റെയും സംഗീതക്കച്ചേരി. വൈകിട്ട് നാലിന് ജ്യോതി പ്രിയദാസിന്റെ ക്ലാസിക്കൽ ഡാൻസ്. വൈകിട്ട് അഞ്ചിന് ശ്രീകൃഷ്ണാ ഭജൻസിന്റെ ഭജനാമൃതം. വൈകിട്ട് ആറിന് തിരുനക്കര ശ്രീമഹാദേവ ഭജനസംഘത്തിന്റെ ഭജന. വൈകിട്ട് എട്ടിന് നടക്കുന്ന സമ്മേളനം മന്ത്രി വി.എൻ വാസവൻ ഉദ്ഘാടനം ചെയ്യും. തിരുവതാംകൂർ ദേവസ്വം ബോർഡ് പ്രസിഡന്റ് അഡ്വ.കെ.അനന്തഗോപൻ അധ്യക്ഷത വഹിക്കും.
തിരുവഞ്ചൂർ രാധാകൃഷ്ണൻ എം.എൽ.എ മുഖ്യപ്രഭാഷണവും ആദരവും നടത്തും. മുതിർന്ന മാധ്യമപ്രവർത്തകൻ കാണക്കാരി രവി, നവതി പിന്നിട്ട നൃത്തപ്രതിഭ ഭവാനി ചെല്ലപ്പൻ, കളിയരങ്ങ് സ്ഥാപകന സെക്രട്ടറി പള്ളം ചന്ദ്രൻ, തിരുനക്കര ക്ഷേത്രജീവനക്കാരൻ എസ്.കാളിദാസൻ, മണ്ഡലകാലത്ത് തിരുനക്കരയിൽ മികച്ച സേവനം നടത്തിയ കെഎസ്ആർടിസി കോട്ടയം ഡിപ്പോ എന്നിവരെ ചടങ്ങിൽ ആദരിക്കും. ദേവസ്വം ബോർഡ് അംഗങ്ങളായ അഡ്വ.എസ്.എസ് ജീവൻ, ജി.സുന്ദരേശൻ എന്നിവർക്ക് സ്വീകരണം നൽകും.
കലാപരിപാടികൾ മനോജ് കെ.ജയൻ ഉദ്ഘാടനം ചെയ്യും. നഗരസഭ വൈസ് ചെയർമാൻ ബി.ഗോപകുമാർ സുവനീർ പ്രകാശനം ചെയ്യും. ദേവസ്വം കമ്മിഷണർ ബി.എസ് പ്രകാശ്, ദേവസ്വം ചീഫ് എഞ്ചിനീയർ ആർ.അജിത്ത്കുമാർ എന്നിവരുടെ സാന്നിധ്യം ഉണ്ടാകും. ബിജെപി ജില്ലാ പ്രസിഡന്റ് ലിജിൻ ലാൽ ഉത്സവ സന്ദേശം നൽകും. ക്ഷേത്രോപദേശക സമിതി മുൻ പ്രസിഡന്റ് ജയൻ തടത്തുംകുഴി, ഉത്സവകമ്മിറ്റി ജനറൽ കോ ഓർഡിനേറ്റർ ടി.സി രാമാനുജം, വൈക്കം ദേവസ്വം ഡെപ്യൂട്ടി കമ്മിഷണർ വി.കൃഷ്ണകുമാർ, ദേവസ്വം എക്‌സിക്യുട്ടീവ് എഞ്ചിനീയർ ഇൻ ചാർജ് പി.ശ്യാമപ്രസാദ്, കോട്ടയം ദേവസ്വം അസി.കമ്മിഷണർ സി.പി സതീഷ്‌കുമാർ, ദേവസ്വം അഡ്മിനിസ്‌ട്രേറ്റീവ് ഓഫിസർ പി.ആർ മീര, ക്ഷേത്ര ഉപദേശകസമിതി സെക്രട്ടറി അജയ് ടി.നായർ എന്നിവർ പ്രസംഗിക്കും.
രാത്രി ഒൻപതരയ്ക്ക് അച്ചായൻസ് ഗോൾസ് സ്‌പോൺസർ ചെയ്യുന്ന ചലച്ചിത്ര പിന്നണി ഗായകൻ വിധു പ്രതാപ് നയിക്കുന്ന പാലാ സൂപ്പർ ബീറ്റ്‌സിന്റെ ഗാനമേള നടക്കും.