കോട്ടയം: നഗരമധ്യത്തിലൂടെ മൊബൈൽ ഫോണിൽ സംസ്‌കാരിച്ചു കൊണ്ടു ബസ് ഓടിച്ച ഡ്രൈവറുടെ ലൈസൻസ് മോട്ടോർ വാഹന വകുപ്പ് സസ്‌പെന്റ് ചെയ്തു. രണ്ടു മാസത്തേയ്ക്കാണ് ഡ്രൈവറുടെ ലൈസൻസ് സസ്‌പെന്റ് ചെയ്തത്. ഇത് കൂടാതെ ഇയാളോട് അഞ്ചു ദിവസം മോട്ടോർ വാഹന വകുപ്പിന്റെ ട്രാഫിക് ബോധവത്കരണ ക്ലാസിൽ പങ്കെടുക്കാനും നിർദേശിച്ചിട്ടുണ്ട്. കോട്ടയം ചങ്ങനാശേരി റൂട്ടിൽ സർവീസ് നടത്തുന്ന സെന്റ് മേരീസ് ബസിലെ ഡ്രൈവർ പി.പി പ്രവീണിന് എതിരെയാണ് ഇപ്പോൾ മോട്ടോർ വാഹന വകുപ്പ് എൻഫോഴ്‌സമെന്റ് ആർ.ടി.ഒ സി.ശ്യാം നടപടിയെടുത്തത്. ഒക്ടോബർ ഒൻപതിന് ഉച്ചയോടെയാണ് കോട്ടയം നഗരമധ്യത്തിലൂടെ മൊബൈൽ ഫോണിൽ സംസാരിച്ചുകൊണ്ടു സ്വകാര്യ ബസ് ഓടിക്കുന്ന ഡ്രൈവറുടെ വീഡിയോ യാത്രക്കാരൻ പകർത്തി ജാഗ്രത ന്യൂസ് ലൈവിന് കൈമാറിയത്. തുടർന്ന്, ജാഗ്രത ന്യൂസ് ഞങ്ങളുടെ ഫെയ്‌സ്ബുക്ക് , യുട്യൂബ് ചാനലിലൂടെ ഈ വീഡിയോ പുറത്ത് വിട്ടു. ഇതിന് പിന്നാലെ മോട്ടോർ വാഹന വകുപ്പ് എൻഫോഴ്‌സ്‌മെന്റ് വിഭാഗം ആർ.ടി.ഒ സി.ശ്യാം ഈ വിഷയത്തിൽ അന്വേഷണം നടത്താൻ നിർദേശിക്കുകയായിരുന്നു. ഇതിന്റെ അടിസ്ഥാനത്തിൽ മോട്ടോർ വാഹന വകുപ്പ് എം.വി.ഐ ബി.ആശാകുമാറിന്റെയും എ.എം.വി.ഐ ജോർജ് വർഗീസിന്റെയും നേതൃത്വത്തിൽ അന്വേഷണം നടത്തി റിപ്പോർട്ട് സമർപ്പിച്ചു. ഇതേ തുടർന്ന് സ്വകാര്യ ബസ് ഡ്രൈവറോട് ഇന്ന് ആർ.ടി.ഒ മുൻപിൽ ഹിയറിംങിനായി ഹാജരാകാൻ നിർദേശിച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് ഇപ്പോൾ ഇയാളുടെ ലൈസൻസ് മോട്ടോർ വാഹന വകുപ്പ് രണ്ട് മാസത്തേയ്ക്ക് സസ്‌പെന്റ് ചെയ്തിരിക്കുന്നത്.