കോട്ടയം: നഗരമധ്യത്തിൽ വൺവേ തെറ്റിച്ചെത്തിയ കെ.എസ്.ആർ.ടി.സി മിന്നൽ ബസിടിച്ച് ബൈക്ക് യാത്രക്കാരനായ യുവാവ് മരിച്ച സംഭവത്തിൽ കെഎസ്ആർടിസി മിന്നൽ ബസ് ഡ്രൈവർക്കെതിരെ കോട്ടയം വെസ്റ്റ് പൊലീസ് കേസെടുത്തു. അശ്രദ്ധമായി വാഹനം ഓടിച്ചതിനാണ് ഡ്രൈവർക്കെതിരെ കോട്ടയം വെസ്റ്റ് പൊലീസ് കേസെടുത്തിരിക്കുന്നത്. കാരാപ്പുഴയിലെ ബന്ധുവീട്ടിൽ പോയതിനുശേഷം ചങ്ങനാശ്ശേരിയിലെ വീട്ടിലേക്ക് മടങ്ങിയ യുവാവും സുഹൃത്തുമാണ് അപകടത്തിൽപ്പെട്ടത്. ചങ്ങനാശേരി മോർക്കുളങ്ങറ പുതുപ്പറമ്പിൽ അഭിഷേക് (ശ്രീഹരി -20)ആണ് മരിച്ചത്. ഒപ്പമുണ്ടായിരുന്ന കാരാപ്പുഴ കൊല്ലമ്പറമ്പിൽ ആരോമലിനെ (21)യാണ് പരിക്കുകളോടെ കോട്ടയം മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്.
വെള്ളിയാഴ്ച പുലർച്ചെ രണ്ടരയോടെ കോട്ടയം നഗരമധ്യത്തിൽ കോഴിച്ചന്ത റോഡിലായിരുന്നു അപകടം. കെ.എസ്.ആർ.ടി.സി ബസുകൾ പുളിമൂട് ജംഗ്ഷനിലൂടെ പ്രവേശിച്ച് കെ.എസ്.ആർ.ടി.സി സ്റ്റാൻഡിൽ എത്തുകയാണ് ചെയ്യുന്നത്. ഇവിടെ നിന്നും തിരികെ ടിബി റോഡ് വഴി ടിബി ജംഗ്ഷനിൽ എത്തിയാണ് കെ.എസ്.ആർ.ടി.സി ബസുകൾ സാധാരണ ഗതിയിൽ പോകുന്നത്. എന്നാൽ, വെള്ളിയാഴ്ച പുലർച്ചെ സ്റ്റാൻഡിൽ എത്തിയ കെ.എ്‌സ്.ആർ.ടി.സിയുടെ മിന്നൽ ബസ് വൺവേ തെറ്റിച്ച് കോഴിച്ചന്ത തിരുനക്കര മൈതാനം ഭാഗത്ത് കൂടി തിരികെ പോകുകയായിരുന്നു.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
ഈ സമയം എതിർ ദിശയിലൂടെ എത്തിയ ബൈക്കും ബസും തമ്മിൽ കോഴിച്ചന്ത റോഡിൽ പുളിമൂട് ജംഗ്ഷൻ ചേരുന്ന ഭാഗത്ത് വച്ച് കൂട്ടിയിടിക്കുകയായിരുന്നു. ഇടിയുടെ ആഘാതത്തിൽ റോഡിൽ വീണ് കിടന്ന രണ്ടു പേരെയും ഇവിടെയുണ്ടായിരുന്ന നാട്ടുകാരും ഓട്ടോ ഡ്രൈവർമാരും ചേർന്ന് ആശുപത്രിയിൽ എത്തിച്ചത്. ആദ്യം ജില്ലാ ജനറൽ ആശുപത്രിയിലും പിന്നീട് കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിലും എത്തിച്ചെങ്കിലും മരണം സംഭവിച്ചിരുന്നു. സംഭവത്തിൽ ഉൾപ്പെട്ട മിന്നൽ ബസ് കോട്ടയം വെസ്റ്റ് പൊലീസ് കസ്റ്റഡിയിൽ എടുത്തു. കോട്ടയം വെസ്റ്റ് പൊലീസ് സംഭവത്തിൽ കേസെടുത്തിട്ടുണ്ട്. മരിച്ച അഭിഷേകിന്റെ പിതാവ് പ്രദീപ്. മാതാവ് സുമ . സഹോദരൻ അഖിനേഷ്.