കോട്ടയം: നഗരമധ്യത്തിൽ സബ് ജയിലിനു സമീപത്തെ റോഡിലേയ്ക്കു പടുകൂറ്റൻ മരം കടപുഴകി വീണു. റോഡിനു കുറുകെ വീണ മരത്തിന്റെ ഭാഗങ്ങൾ സബ് ജയിലിനുള്ളിലും പതിച്ചു. മരത്തിന്റെ ശിഖരമാണ് സബ് ജയിലിനുള്ളിലേയ്ക്കു പതിച്ചത്. സബ് ജയിലിന്റെ മതിലിനും വാട്ടർ അതോറിറ്റിയുടെ പരിസരത്തുമായാണ് മരം കിടക്കുന്നത്. കളക്ടറേറ്റ് വളപ്പിലെ വാട്ടർ അതോറിറ്റി ഓഫിസ് പരിസരത്തു നിൽക്കുന്ന കൂറ്റൻ വാകമരമാണ് കടപുഴകി റോഡിലേയ്ക്കു വീണത്. മരം കടപുഴകി വീഴുമ്പോൾ റോഡിൽ വാഹനങ്ങളില്ലാതിരുന്നത് വൻ അപകടം ഒഴിവാക്കി. വ്യാഴാഴ്ച രാത്രി 10.30 ഓടെ കോട്ടയം കളക്ടറേറ്റിനു സമീപം സബ് ജയിൽ റോഡിലായിരുന്നു സംഭവം. റോഡിലേയ്ക്കു മരം മറിഞ്ഞു വീഴുന്നത് കണ്ട നാട്ടുകാരാണ് വിവരം അഗ്നിരക്ഷാ സേനാ സംഘത്തെ അറിയിച്ചത്. തുടർന്ന് സ്ഥലത്ത് എത്തിയ അഗ്നിരക്ഷാ സേനാ സംഘം മരം വെട്ടിമാറ്റുന്ന ജോലികൾ ആരംഭിച്ചു. എന്നാൽ, ഒരു മണിക്കൂറോളം പരിശ്രമിച്ചും മരം പൂർണമായും വെട്ടിമാറ്റാൻ സാധിച്ചിട്ടില്ല. പ്രദേശത്തെ ടെലഫോൺ കേബിളുകളും, മറ്റ് കേബിളുകളും തകർന്നിട്ടുണ്ട്. ഈ പ്രദേശത്തെ ഇന്റർനെറ്റ് സംവിധാനത്തെ അടക്കം ഇത് ബാധിച്ചേക്കും.