കോട്ടയം : നഗര മധ്യത്തിൽ നാഗമ്പടം ബസ് സ്റ്റാൻഡിന് മുന്നിൽ അമിത വേഗത്തിൽ എത്തിയ കാറിടിച്ച് പരിക്കേറ്റ കാൽനടയാത്രക്കാരൻ മരിച്ചു. മരിച്ചയാളെ തിരിച്ചറിഞ്ഞില്ല. നാഗമ്പടം ബസ് സ്റ്റാൻഡിനു മുന്നിൽ സീബ്രാ ലൈനിലൂടെ റോഡ് മുറിച്ച് കടക്കുന്നതിനിടെയാണ് കാൽ നട യാത്രക്കാരനെ അമിതവേഗത്തിൽ എത്തിയ കാർ ഇടിച്ചുതെറിപ്പിച്ചത്. അപകടത്തിൽ ഗുരുതരമായി പരിക്കേറ്റ ഇദ്ദേഹത്തെ നാഗമ്പടം ബസ്റ്റാൻഡിൽ പെട്രോളിങ്ങിന് ഉണ്ടായിരുന്ന പോലീസ് ജീപ്പിലാണ് ആശുപത്രിയിൽ എത്തിച്ചത്. കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിൽ ഇദ്ദേഹത്തെ എത്തിച്ചെങ്കിലും മരണം സംഭവിച്ചിരുന്നു.
ശനിയാഴ്ച രാത്രി ഒമ്പതരയോട് കൂടിയായിരുന്നു അപകടം. ബസ്റ്റാൻഡിൽ നിന്നും റോഡ് മുറിച്ചു കടന്ന് റിലയൻസിന്റെ ഭാഗത്തേക്ക് പോകുകയായിരുന്നു കാൽ നടയാത്രക്കാരൻ. ഈ സമയം റെയിൽവേ സ്റ്റേഷൻ ഭാഗത്ത് നിന്നും എത്തിയ കാർ ഇദേഹത്തെ ഇടിച്ച് തെറുപ്പിക്കുകയായിരുന്നു. റോഡിൽ തലയിടിച്ചാണ് ഇദേഹം വീണത്. അദ്ദേഹത്തെ ഇടിച്ച കാർ സംഭവസ്ഥലത്ത് അൽപ്പനേരം നടത്തിയ ശേഷം ഓടിച്ചു പോയി.