കോട്ടയം : കോട്ടയം നഗരമധ്യത്തിൽ കെ എസ് ആർ ടി സി ബസ് സ്റ്റാൻഡിന് സമീപം യുവാവ് പെൺകുട്ടിയുടെ കയ്യിൽ പിടിച്ച് വലിച്ചു. നിരവധി ക്രിമിനൽ കേസുകളിൽ പ്രതിയായ യുവാവാണ് പെൺകുട്ടിയുടെ കൈ പിടിച്ച് വലിച്ചത്. ഇയാൾ മുൻ നഗരസഭ അംഗത്തിന്റെ മകനാണ് എന്ന് നാട്ടുകാർ പറഞ്ഞു. പൊലീസ് എത്തി യുവാവിനെ കസ്റ്റഡിയിൽ എടുത്തു. വ്യാഴാഴ്ച രാവിലെ 9.30 ന് കോട്ടയം കെ എസ് ആർ ടി സി ബസ് സ്റ്റാൻഡിന് സമീപത്തെ ഓട്ടോ സ്റ്റാൻഡിലാണ് സംഭവം ഉണ്ടായത്. രാവിലെ സ്റ്റാൻഡിൽ എത്തിയ പെൺകുട്ടിയെ പിൻതുടർന്ന് എത്തിയ യുവാവ് കുട്ടിയുടെ കയ്യിൽ കടന്ന് പിടിച്ചു. ഇതോടെ കുട്ടി ഓടി ഓട്ടോറിക്ഷയ്ക്കുള്ളിൽ കയറി. ഇതോടെ യുവാവ് ഓട്ടോ റിക്ഷ തടഞ്ഞു. പെൺകുട്ടിയുടെ കയ്യിൽ നിന്നും ഫോൺ തട്ടി എടുക്കുകയും ചെയ്തു. പെൺകുട്ടി കരഞ്ഞ് നിലവിളിച്ചതോടെ ഓട്ടോ ഡ്രൈവർമാരും സ്ഥലത്ത് എത്തി യുവാവിനെ തടഞ്ഞു. തുടർന്ന് ആദ്യം സ്പൈഡർ പെട്രോളിങ്ങ് സംഘം സ്ഥലത്ത് എത്തി. കൺട്രോൾ റൂം വാഹനത്തിൽ യുവാവിനെ സ്റ്റേഷനിലേക്ക് മാറ്റി. പിങ്ക് പോലീസിന്റെ വാഹനം വിളിച്ചുവരുത്തി പെൺകുട്ടിയെയും സ്റ്റേഷനിലേക്ക് എത്തിച്ചു. സംഭവത്തിൽ കേസെടുക്കണമെന്നാണ് പെൺകുട്ടി നിലവിൽ ആവശ്യപ്പെട്ടിരിക്കുന്നത്.