കോട്ടയം: നാട്ടകം ട്രാവൻകൂർ സിമന്റ്സ് വളപ്പിൽ സാമൂഹിക വിരുദ്ധ ശല്യവും കമിതാക്കളുടെ അഴിഞ്ഞാട്ടവും. മദ്യലഹരിയിൽ സാമൂഹിക വിരുദ്ധ സംഘം സിമന്റ്സിന്റെ കെട്ടിടങ്ങളിൽ നിന്ന് മോഷണം നടത്തുകയും, വസ്തുക്കൾ തല്ലിത്തകർക്കുകയും ചെയ്തു. കാടുപിടിച്ച് കിടക്കുന്ന പ്രദേശത്ത് സൈ്വര്യ സല്ലാപത്തിന് എത്തുന്ന കമിതാക്കളാകട്ടെ ഇവിടെ എത്തുന്ന സാമൂഹിക വിരുദ്ധ സംഘത്തിന്റെ ഭീഷണി നിഴലിലുമാണ്. ഭരണപക്ഷ യൂണിയനിൽപ്പെട്ട നേതാവിന് സിമന്റ്സ് വളപ്പിൽ നിന്ന് പുറത്ത് കടക്കാനായി ചെറിയ ഗേറ്റ് തുറന്നിട്ടതോടെയാണ് മദ്യപ സംഘവും മോഷ്ടാക്കളും കമിതാക്കളും കാടു പിടിച്ച് കിടക്കുന്ന സിമന്റ്സ് വളപ്പിൽ കയറുന്നതെന്നാണ് വിമർശനം.
വർഷങ്ങളായി പ്രവർത്തനം ഏതാണ്ട് മന്ദീഭവിച്ചു കിടക്കുന്ന ട്രാവൻകൂർ സിമന്റ്സിന്റെ ഗസ്റ്റ് ഹൗസും ക്വാർട്ടേഴ്സും അടക്കമുള്ള ഭാഗം കാടു മൂടി കിടക്കുകയാണ്. ഈ പ്രദേശത്ത് സാമൂഹിക വിരുദ്ധ സംഘം നേരത്തെ തമ്പടിച്ചത് കണക്കിലെടുത്ത് സിമന്റ് ഫാക്ടറിയുടെ എല്ലാ ഗേറ്റുകളും അടച്ച് പൂട്ടുകയായിരുന്നു പതിവ്. എന്നാൽ, ഇടക്കാലത്ത് കമ്പനിയിലെ ഭരണാനുകൂല സംഘടനയുടെ നേതാവിന് പുറത്തിറങ്ങാൻ വേണ്ടി ചെറിയ ഗേറ്റുകൾ നിയന്ത്രണമില്ലാതെ തുറന്നിട്ടതോടെയാണ് സാമൂഹിക വിരുദ്ധ സംഘവും കമിതാക്കളും ഉള്ളിൽ കയറിത്തുടങ്ങിയത്.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
കഴിഞ്ഞ ദിവസം ട്രാവൻകൂർ സിമന്റ്സിന്റെ ഗസ്റ്റ് ഹൗസിന്റെ ചില്ലുകൾ സാമൂഹിക വിരുദ്ധ സംഘം തല്ലിത്തകർത്തിരുന്നു. ഇത് കൂടാതെയാണ് സിമന്റ്‌സ് വളപ്പിൽ നിന്നും കമ്പനിയുടെ ഉടമസ്ഥതയിലുള്ള കെട്ടിടങ്ങളുടെ പ്രധാന ഭാഗങ്ങൾ അടക്കം മോഷണം പോകുന്ന സാഹചര്യമുള്ളതായി ജീവനക്കാർ അടക്കം പരാതി പറഞ്ഞിരുന്നു. ഇതേ തുടർന്ന് കഴിഞ്ഞ ദിവസം ചിങ്ങവനം പൊലീസ് സംഘം ഫാക്ടറി വളപ്പിൽ നടത്തിയ പരിശോധനയിൽ കമിതാക്കളായ പെൺകുട്ടികളെയും, ആൺകുട്ടികളെയും അടക്കം കണ്ടെത്തിയിരുന്നു. ഇത് കൂടാതെ മദ്യക്കുപ്പികൾ പൊട്ടിച്ചതിന്റെ അവശിഷ്ടങ്ങളും മദ്യപ സംഘങ്ങൾ ഉപേക്ഷിച്ച കുപ്പിയും ഗ്ലാസും പാത്രങ്ങളും അടക്കം കണ്ടെത്തിയിരുന്നു.
എന്നാൽ, കമ്പനി അധികൃതർ ഇതുവരെയും രേഖാമൂലം വിഷയത്തിൽ പരാതി നൽകാൻ തയ്യാറായിട്ടില്ല. കമ്പനിയുടെ പൊതുമുതലുകൾ മോഷ്ടിച്ചെടുത്തവരെ കണ്ടെത്താനും അവർക്ക് എതിരെ നടപടി എടുക്കാനും മുന്നിട്ടിറങ്ങേണ്ട കമ്പനി അധികൃതർ പക്ഷേ നിസംഗഭാവമാണ് എടുത്തിരിക്കുന്നത്. കമ്പനി എം.ഡി താമസിക്കുന്ന ഗസ്റ്റ് ഹൗസിൽ നിന്നു പോലും സാധനങ്ങൾ മോഷണം പോയി. ഇത് കൂടാതെ കമ്പനിയുടെ ഗസ്റ്റ് ഹൗസിനുള്ളിൽ മരപ്പട്ടിയും മറ്റ് ക്ഷുദ്രജീവികളും തമ്പടിച്ചിരിക്കുകയുമാണ്. ഈ സാഹചര്യത്തിൽ അടിയന്തരമായി വിഷയത്തിൽ കമ്പനി അധികൃതരുടെ ഭാഗത്ത് നിന്നും ഇടപെടൽ ഉണ്ടാകണമെന്ന ആവശ്യം ശക്തമായിരിക്കുകയാണ്.