കോട്ടയം : കോട്ടയം നഗരത്തിൽ എം സി റോഡിൽ 24 ചാനൽ വാർത്ത സംഘത്തിന് നേരെ തോക്ക് ചൂണ്ടി അക്രമി സംഘത്തിന്റെ ഭീഷണി. മദ്യലഹരിയിൽ കാറിലെത്തിയ അക്രമി സംഘം കാറുകൾ തമ്മിൽ തട്ടിയതിനെ തുടർന്നുണ്ടായ തർക്കത്തിനൊടുവിൽ തോക്കുമായി ചാടിയിറങ്ങി ഭീഷണിപ്പെടുത്തുകയായിരുന്നു. ഭയന്ന് പോയ ചാനൽ സംഘം വാഹനം അതിവേഗം ഓടിച്ചാണ് രക്ഷപെട്ടത്.
ചാനൽ സംഘത്തിന്റെ പരാതിയുടെ അടിസ്ഥാനത്തിൽ ചിങ്ങവനം പൊലീസ് പ്രതികളെ തോക്കു സഹിതം കസ്റ്റഡിയിലെടുത്തു. ബുധനാഴ്ച 1.30 ഓടെ നാട്ടകം സിമന്റ് കവലയിൽ ഐശ്വര്യ ഹോട്ടലിന് മുൻവശത്തായിരുന്നു സംഭവം. ചങ്ങനാശ്ശേരി ഭാഗത്തേക്ക് പോകുകയായിരുന്ന ചാനൽ സംഘത്തിന്റെ കാറിന് നേരെ ഇട റോഡിൽ നിന്ന് പിന്നോട്ട് എടുത്ത അക്രമി സംഘത്തിന്റെ കാർ എത്തുകയായിരുന്നു. ഈ സമയം ചാനൽ സംഘം തങ്ങളുടെ കാർ മുന്നിലേക്ക് എടുക്കുകയും അക്രമി സംഘത്തോട് വാഹനം ശ്രദ്ധിച്ച് ഓടിക്കണമെന്ന് ആവശ്യപ്പെടുകയും ചെയ്തു.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
ഇതോടെ കാറിനുള്ളിൽ ഉണ്ടായിരുന്ന വെള്ള ഷർട്ട് ധരിച്ച ഒരാൾ തോക്കുമായി ചാടിയിറങ്ങുകയും കാറിന് നേരെ എത്തി തോക്കു ചൂണ്ടി ഭീഷണി മുഴക്കുകയുമായിരുന്നു. അപ്രതീക്ഷിതമായ അക്രമണത്തിൽ ഭയന്ന് പോയ ചാനൽ സംഘം
പെട്ടെന്ന് തന്നെ വാഹനമെടുത്ത് സംഭവ സ്ഥലത്ത് നിന്നും രക്ഷപെടുകയായിരുന്നു.
തുടർന്ന് ചിങ്ങവനം സ്റ്റേഷൻ ഹൗസ് ഓഫീസർ ഇൻസ്പെക്ടർ ടി.ആർ ജിജുവിനെ ചാനൽ സംഘം വിവരമറിയിച്ചു. പൊലീസ് അന്വേഷണം നടക്കുന്നതിനിടെ മറിയപ്പള്ളി ക്ഷേത്രം ഭാഗത്ത് വച്ച് തങ്ങൾക്ക് നേരെ തോക്ക് ചൂണ്ടിയ കാർ ചാനൽ ജീവനക്കാർ കണ്ടെത്തി. തുടർന്ന് സ്ഥലത്തെത്തിയ ചിങ്ങവനം പൊലീസ് വീട്ടിനുള്ളിൽ കയറി അക്രമി സംഘത്തെ കസ്റ്റഡിയിലെടുക്കുകയായിരുന്നു. ഇവരുടെ തലയിണക്കടിയിൽ നിന്നും തോക്കും പൊലീസ് സംഘം കണ്ടെത്തി. പ്രതികളെ ചോദ്യം ചെയ്ത് വരികയാണെന്നും , തോക്കിന്റെ വിശദാംശങ്ങൾ അടക്കം പരിശോധിച്ച ശേഷം കൂടുതൽ വിവരങ്ങൾ പുറത്ത് വിടുമെന്നും ചിങ്ങവനം സ്റ്റേഷൻ ഹൗസ് ഓഫീസർ ഇൻസ്പെക്ടർ ടി.ആർ ജിജു അറിയിച്ചു.