കോട്ടയം: കോട്ടയത്ത് യു.ഡി.എഫ് പ്രവർത്തകർ നടത്തിയ കളക്ടറേറ്റ് മാർച്ചിലുണ്ടായ സംഘർഷത്തിൽ കോട്ടയം ഡിവൈ.എസ്.പി അടക്കം നാലു പൊലീസ് ഉദ്യോഗസ്ഥർക്ക് പരിക്ക്. ജില്ലാ പഞ്ചായത്തംഗം അടക്കം രണ്ടു യൂത്ത് കോൺഗ്രസ് പ്രവർത്തകരെ ഗുരുതരമായി പരിക്കേറ്റ് മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. വൈകിട്ട് അഞ്ചര മുതൽ എട്ടു മണിവരെ നീണ്ടു നിന്ന യുദ്ധസമാനമായ അന്തരീക്ഷത്തിനൊടുവിലാണ് കോട്ടയം നഗരത്തിൽ അക്രമസംഭവങ്ങൾ ഉണ്ടായത്. ഈ സംഘർഷത്തിലാണ് പൊലീസ് ഉദ്യോഗസ്ഥർക്കും നിരവധി യൂത്ത് കോൺഗ്രസ് യുഡിഎഫ് പ്രവർത്തകർക്കും പരിക്കേറ്റത്. മാധ്യമ പ്രവർത്തകയ്ക്കും പൊലീസിന്റെ കണ്ണീർ വാതക പ്രയോഗത്തിൽ അസ്വസ്ഥത അനുഭവപ്പെട്ടിട്ടുണ്ട്.
കോട്ടയം ഡിവൈഎസ്പി ജെ.സന്തോഷ്‌കുമാറിനു പ്രവർത്തകരുടെ കല്ലേറിലാണ് പരിക്കേറ്റത്. വെസ്റ്റ് എസ്.ഐ ടി.ശ്രീജിത്തിന്റെ കൈയ്ക്ക് പൊട്ടലേറ്റിട്ടുണ്ട്. ഗാന്ധിനഗർ സ്റ്റേഷനിലെ എ.എസ്.ഐ പ്രതാപ് ജോസ്, ഏറ്റുമാനൂർ സ്‌റ്റേഷൻ ഹൗസ് ഓഫിസർ രാജേഷ് കുമാർ എന്നിവർക്കാണ് പരിക്കേറ്റത്.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
ജില്ലാ പഞ്ചായത്തംഗം പി.കെ വൈശാഖിന് പൊലീസിന്റെ ലാത്തിയടിയിൽ കൈയ്ക്ക് പൊട്ടലേറ്റിട്ടുണ്ട്. യൂത്ത് കോൺഗ്രസ് നിയോജക മണ്ഡലം സെക്രട്ടറി രാഹുൽ മറിയപ്പള്ളിയ്ക്ക് ലാത്തിയടിയിൽ തലയ്ക്കു പൊട്ടലേറ്റിട്ടുണ്ട്. ഇരുവരും മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലാണ്. പൊലീസിന്റെ കണ്ണീർ വാതക പ്രയോഗത്തിൽ തിരുവഞ്ചൂർ രാധാകൃഷ്ണൻ എം.എൽ.എയ്ക്കു അസ്വസ്ഥത അനുഭവപ്പെട്ടിരുന്നു. കണ്ണീർ വാതക പ്രയോഗത്തിൽ ജയ്ഹിന്ദ് ടിവിയുടെ മാധ്യമപ്രവർത്തക അനീറ്റയ്ക്കും പരിക്കേറ്റിട്ടുണ്ട്.