കോട്ടയം: വടവാതൂർ ഡമ്പിംങ് യാർഡിലെ മാലിന്യ സംസ്കരണം സംബന്ധിച്ചുള്ള ചർച്ചയിൽ പങ്കെടുക്കാനെത്തിയ പൊതുപ്രവർത്തകനെ കളക്ടറേറ്റിൽ നിന്നും ബലമായി ഇറക്കി വിട്ടതായി പരാതി. കോട്ടയം നഗരത്തിലെ അറിയപ്പെടുന്ന പൊതുപ്രവർത്തകനായ കെ.പത്മകുമാറിനാണ് കളക്ടറേറ്റിൽ നിന്ന് ദുരനുഭവം ഉണ്ടായത്. യോഗത്തിൽ പങ്കെടുക്കാനെത്തിയ ഇദ്ദേഹത്തെ കളക്ടറുടെ ഗൺമാൻ പിടിച്ച് തള്ളിയതായും, ഒപ്പമുണ്ടായിരുന്നയാൾ ബലമായി ഇറക്കിവിട്ടതായുമാണ് പരാതി. ഇതേ തുടർന്ന് ഇദ്ദേഹം ജില്ലാ കളക്ടർക്ക് ഇതു സംബന്ധിച്ചു ഇ മെയിലായി പരാതി രേഖാമൂലം അയച്ചു.
കോട്ടയം കളക്ടറേറ്റിൽ വടവാതൂർ ഡമ്പിംങ് യാർഡിലെ മാലിന്യ പ്രശ്നം ചർച്ച ചെയ്യുന്നതിനായി ഇന്നലെയാണ് യോഗം ചേർന്നത്. ഈ യോഗത്തിലേയ്ക്കു പൊതുജനങ്ങൾക്കും പങ്കെടുക്കാമെന്ന രീതിയിൽ അറിയിപ്പ് മലയാള മനോരമ ദിനപത്രത്തിൽ നൽകിയിരുന്നു. ഈ അറിയിപ്പ് കണ്ടാണ് പൊതുപ്രവർത്തകനായ കെ.എസ് പത്മകുമാർ എത്തിയത്. എന്നാൽ, ഇവിടെ എത്തിയ ശേഷം ഇദ്ദേഹം ജില്ലാ കളക്ടറുടെ ചേംബറിൽ നടക്കുന്ന യോഗത്തിലേയ്ക്കു കയറാൻ ശ്രമിക്കുകയായിരുന്നു.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
യോഗത്തിൽ പങ്കെടുക്കുന്നതിന് ജില്ലാ കളക്ടറോട് അനുവാദം ചോദിക്കുന്നതിനായാണ് ഇദ്ദേഹം കയറാൻ ശ്രമിച്ചത്. എന്നാൽ, ഇദ്ദേഹത്തെ ഗൺമാനും മറ്റൊരു ജീവനക്കാരനും ചേർന്ന് ബലം പ്രയോഗിച്ച് തള്ളി മാറ്റുകയായിരുന്നു. തുടർന്ന്, യോഗത്തിൽ പങ്കെടുക്കാൻ അനുവദിക്കാതെ ഇദ്ദേഹത്തെ ഇറക്കി വിടുകയും ചെയ്തു. ഇത്തരത്തിൽ യോഗത്തിൽ പങ്കെടുക്കാൻ എത്തിയ പൊതുപ്രവർത്തകനോട് മോശമായി പെരുമാറിയതായി ആരോപിച്ച് ഇദ്ദേഹം ഇതിനോടകം തന്നെ ജില്ലാ കളക്ടർക്ക് പരാതി നൽകിയിട്ടുണ്ട്.