കോട്ടയം: വടവാതൂരിൽ മൂന്നു ലക്ഷം രൂപ വിലവരുന്ന ഹാൻസ് നിർമ്മാണ യന്ത്രവും, 20 ലക്ഷം രൂപയുടെ നിരോധിത പുകയില ഉത്പന്നങ്ങളും എക്സൈസ് സംഘം പിടിച്ചെടുത്തു. സംഭവവുമായി ബന്ധപ്പെട്ട് വിജയപുരം തടത്തിപ്പറമ്പിൽ സരുൺ (30) എന്നയാളെ എക്സൈസ് സംഘം അറസ്റ്റ് ചെയ്തു. ഇയാളുടെ ഹാൻഡ് നിർമ്മാണ കേന്ദ്രത്തിൽ നിന്നും എട്ടു ലിറ്റർ വിദേശ മദ്യവും പിടിച്ചെടുത്തു. ഈ മദ്യം അനധികൃതമായി വിൽപ്പനയ്ക്ക് സൂക്ഷിച്ചതാണ് എന്നാണ് ലഭിക്കുന്ന സൂചന. ഇയാൾ ഹാൻസ് വിതരണത്തിന് ഉപയോഗിച്ചിരുന്ന കാറും പിടിച്ചെടുത്തു.
രണ്ടാഴ്ചയോളമായി കോട്ടയം വടവാതൂർ എം.ആർ.എഫ് ഫാക്ടറി റോഡിൽ വടവാതൂർ അയ്യപ്പ ക്ഷേത്രത്തിനു സമീപം കിഴക്കേ വീട്ടിൽ ഷീലയുടെ വാടക വീട്ടിലാണ് സരുൺ താമസിച്ചിരുന്നത്. ഈ വീട്ടിൽ നിരോധിത പുകയില ഉത്പന്നങ്ങൾ നിർമ്മാണത്തിനായി ഉപയോഗിച്ചിരുന്ന യന്ത്രം സ്ഥാപിച്ച ശേഷം ഹാൻസ് നിർമ്മിക്കുകയായിരുന്നു പ്രതി. ഇതു സംബന്ധിച്ചു എക്സൈസ് സംഘത്തിനു രഹസ്യ വിവരം ലഭിച്ചിരുന്നു. ഇതേ തുടർന്നു ഇയാളെ ദിവസങ്ങളോളമായി നിരീക്ഷിച്ചു വരികയായിരുന്നു. തുടർന്നാണ് ചൊവ്വാഴ്ച എക്സൈസ് സംഘം പരിശോധന നടത്തിയത്. എക്സൈസ് ഇന്റലിജൻസും, എക്സൈസ് കമ്മിഷണർ സ്ക്വാഡും, പാമ്പാടി എക്സൈസ് റേഞ്ച് സംഘവും സംയുക്തമായാണ് പരിശോധന നടത്തിയത്.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
റെയിഡിൽ എക്സൈസ് കമ്മിഷണർ സ്ക്വാഡ് അസി.എക്സൈസ് കമ്മിഷണറും കോട്ടയം ജില്ലാ അസി.കമ്മിഷണറുമായ ആർ.രാജേഷ്, എക്സൈസ് ഇൻസ്പെക്ടർമാരായ വൈശാക് വി.പിള്ള, അൽഫോൺസ് ജേക്കബ്, പി.ജെ ടോംസി, എക്സൈസ് കമ്മിഷണർ സ്ക്വാഡ അസി.എക്സൈസ് ഇൻസ്പെക്ടർ ഫിലിപ്പ് തോമസ്, പാമ്പാടി റേഞ്ച് അസി.എക്സൈസ് ഇൻസ്പെക്ടർ സജീവ് എം.ജോൺ, പ്രിവന്റീവ് ഓഫിസർ ആനന്ദ് രാജ്, മനോജ് ടി.കെ, സിവിൽ എക്സൈസ് ഓഫിസർമാരായ അഭിലാഷ് , പ്രവീൺകുമാർ, അഖിൽ എസ്.ശേഖർ, വനിതാ സിവിൽ എക്സൈസ് ഓഫിസർ സിനി ജോൺ, ഡ്രൈവർ സോജി എന്നിവർ പങ്കെടുത്തു.