വെച്ചൂർ : വെച്ചൂർ ചേരകുളങ്ങര ഭാഗത്ത് തൊഴുത്തിന്റെ അരമതിൽ തകർന്നു നിലത്തു വീണ പശുവിനെ ഫയർഫോഴ്സ് ഉദ്യോഗസ്ഥരുടെ നേതൃത്വത്തിൽ രക്ഷപ്പെടുത്തി. ചേരകുളങ്ങര ഉച്ചാനത്തു കോളനിയിൽ സൂര്യ ഭവനിൽ സുദർശനന്റെ അഞ്ചു വയസ് പ്രായമുള്ള മൂന്നു മാസം ചെനയുള്ള പശുവാണ് ഇന്നലെ രാവിലെ അപകടപ്പെട്ടത്. വീടിന് ഒരു മീറ്റർ അകലത്തിൽ നിർമ്മിച്ചിരുന്ന അരമതിലിനു മീതേക്ക് കാൽ വഴുതി വീണ പശു അരമതിലിനുംതൊഴുത്തിനും ഇടയിൽ എഴുന്നേൽക്കാനാവാത്ത വിധം പശു കുടുങ്ങിക്കിടക്കുകയായിരുന്നു.
വിവരമറിയിച്ചതിനെത്തുടർന്ന് സംഭവ സ്ഥലത്തെത്തിയ വൈക്കംഫയർഫോഴ്സ് ഹോസും കയറും ഉപയോഗിച്ച് കെട്ടി പശുവിന് കൂടുതൽ പരിക്കേൽക്കാത്ത വിധം പുറത്തെടുക്കുകയായിരുന്നു. വൈക്കം ഫയർ സ്റ്റേഷൻ അസിസ്റ്റന്റ് സ്റ്റേഷൻ ഓഫീസർ ബിജുവിന്റെ നേതൃത്വത്തിൽ സീനിയർ ഫയർ ആൻഡ് റെസ്ക്യൂ ഓഫീസർ എൻ.സി അനിൽരാജ്, ഫയർ ആൻഡ് റെസ്ക്യൂ ഓഫീസറുമാരായ വി.വി സജു ,ഹരികൃഷ്ണൻനായർ, ജയകൃഷ്ണൻ, കെ.ശ്രീജിത്ത്, അരുൺരാജ്, ജി.ഗോകുൽ തുടങ്ങിയവർ രക്ഷാപ്രവർത്തനത്തിൽ പങ്കെടുത്തു.