കോട്ടയം: വട്ടമൂട്ടില്‍ തട്ടുകട ഉടമയ്ക്കും ഭാര്യയ്ക്കും ചായ കുടിക്കാനെത്തിയ കുടുംബത്തിലെ പിഞ്ചുകുഞ്ഞിനും നേരെ യുവാക്കളുടെ ക്രൂര ആക്രമണം. വൈകിട്ട് ആറേകാലിനു നാഗമ്പടം വട്ടമൂട് പാലത്തിനു സമീപം അയ്മനത്തുപുഴ റോഡിലാണ് സംഭവം. അക്രമി സംഘത്തിലെ മൂന്നു പേരെ നാട്ടുകാര്‍ തടഞ്ഞുവച്ച് പോലീസില്‍ ഏല്‍പ്പിച്ചു. മറ്റു മൂന്നു പേര്‍ക്കായി പോലീസ് തെരച്ചില്‍ ആരംഭിച്ചു. കൊശമറ്റം സ്വദേശിയായ യുവാവും ഭാര്യയുമാണ് ഇവിടെ തട്ടുകട നടത്തിയിരുന്നു. ആറേകാലോടെ യുവാക്കളുടെ സംഘം സ്ഥലത്തെത്തി. 100 പലഹാരം വേണമെന്നു യുവാക്കളോട് പറഞ്ഞു. തുടര്‍ന്നു പാത്രം കഴുകുന്നതിനിടെ യുവാക്കളിലൊരാള്‍ ഹെല്‍മെറ്റ് കൊണ്ടു തലയ്ക്കടിയ്ക്കുകയായിരുന്നുവെന്നു കടയുടമ പറഞ്ഞു. ചായ കുടിക്കാന്‍ എത്തിയവര്‍ ഉള്‍പ്പെടെ ഭയന്നു മാറിയതോടെ യുവാക്കള്‍ അഴിഞ്ഞാടി. ഉടമയുടെ ഭാര്യയ്ക്കും ചായ കുടിക്കാനെത്തിയ കുടുംബത്തിനും നേരെ ആക്രമണമുണ്ടായി.
സമീപത്തു ചായ കുടിച്ചു നില്‍ക്കുകയായിരുന്ന കുടുംബത്തിലെ കുഞ്ഞിനു നേരെ യുവാക്കളില്‍ ഒരാള്‍ ഹെല്‍മെറ്റ് കൊണ്ട് അടിച്ചതോടെ ഇവിടെയുണ്ടായിരുന്നവര്‍ വട്ടം കൂടി യുവാക്കളെ തടഞ്ഞു. തടയാനെത്തിയ യുവാവിന്റെ കണ്ണിനും ആക്രമണത്തില്‍ പരുക്കേറ്റു. ആക്രമണത്തിനു നേതൃത്വം നല്കിയ മൂന്നു പേര് ഓടി രക്ഷപ്പെട്ടു. ഒരാള്‍ ധരിച്ചിരുന്ന ഷര്‍ട്ട് പോലും കീറിയെറിഞ്ഞാണ് രക്ഷപ്പെട്ടത്. മറ്റുള്ളവരെ നാട്ടുകാര്‍ തടഞ്ഞു വയ്ക്കുകയും ഈസ്റ്റ് പോലീസ് സ്റ്റേഷനില്‍ വിവരം അറിയിക്കുകയും ചെയ്തു. പോലീസ് സ്ഥലത്തെത്തി മൂവരെയും കസ്റ്റഡിയിലെടുത്തു. കടയുടമ, യുവാക്കളിലൊരാളുടെ പിതാവിനെ മര്‍ദിച്ചതാണ് ആക്രമണ കാരണമെന്നാണ് ഇവര്‍ പോലീസിനോടു പറഞ്ഞത്. എന്നാല്‍, താന്‍ ആക്രമണം നടത്തിയിട്ടില്ലെന്നാണ് കടയുടമയുടെ വാദം. കടയുടമയും ഭാര്യയും പരുക്കേറ്റവരും ജനറല്‍ ആശുപത്രിയില്‍ ചികിത്സ തേടി.