കോട്ടയം : തിരുവാർപ്പിലെ ബസ് സമരം ഒത്തുതീർപ്പായി.
നാളെ മുതൽ വെട്ടിക്കുളങ്ങര ബസ് വീണ്ടും സർവ്വീസ് ആരംഭിക്കും.
ബസ് ഉടമ രാജ് മോഹനും, ജീവനക്കാരും തമ്മിലുള്ള പ്രശ്നം പരിഹരിക്കാൻ കലക്ടറേറ്റിൽ ലേബർ ഓഫീസറിന്റെ നേതൃത്വത്തിൽ വിളിച്ച് ചേർത്ത യോഗത്തിലാണ് തീരുമാനമായത്.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
ചർച്ചയിലെ ധാരണ പ്രകാരം അടുത്ത മൂന്ന് മാസം റൊട്ടേഷൻ വ്യവസ്ഥയിൽ ജീവനക്കാർക്ക് ഡ്യൂട്ടി നൽകുവാനാണ് തീരുമാനം.
തൊഴിലാളികളിൽ ആരോടും പക്ഷഭേദം കാണിക്കുന്നില്ല എന്നും നിലവിൽ കളക്ഷൻ കുറവുള്ള ബസ്സുകളിൽ ജീവനക്കാർക്ക് ശമ്പളം കുറവാണെന്നും അതുകൊണ്ട് തന്നെ എല്ലാ ബസ്സിലെ ജീവനക്കാരും മാറി മാറി എല്ലാ ബസുകളിലും ജോലി ചെയ്യണമെന്നും ഉള്ള വ്യവസ്ഥയിലാണ് തീരുമാനമായത്.
നാലു മാസങ്ങൾക്ക് ശേഷം വീണ്ടും ചർച്ച ചെയ്ത് നിബന്ധനകൾ ഒന്നുകൂടി തീർച്ച വരുത്തുന്നതാണ് എന്ന് ലേബർ ഓഫീസറും സിഐടിയു പ്രവർത്തകരും ചർച്ച ശേഷം പ്രതികരിച്ചു.
ചർച്ച പ്രകാരം വരുമാനം ഉള്ള ബസുകളിലെയും വരുമാനം ഇല്ലാത്ത ബസുകളിലെയും ജീവനക്കാർ ഉടമയുടെ എല്ലാ ബസുകളിലും മാറി മാറി ജോലി ചെയ്യും.
കഴിഞ്ഞ കാര്യങ്ങളെ കുറിച്ച് ഇനി സംസാരിക്കാനില്ലെന്ന് ബസ് ഉടമ രാജ്മോഹൻ പറഞ്ഞു.
തൊഴിൽ മന്ത്രി വി.ശിവൻകുട്ടിയുടെ നിർദ്ദേശത്തെ തുടർന്ന് സിഐടിയു പ്രവർത്തകരെയും, ബസ് ഉടമ രാജ്മോഹനെയും, ബസ് ഓപ്പറേറ്റേഴ്സ് ഫെഡറേഷന് അംഗങ്ങളെയും ചേർന്നാണ് ചർച്ച നടന്നത്.