നാടിനു സമർപ്പിച്ചു : ഉദ്ഘാടനം ആഘോഷമാക്കി നാട്
കോട്ടയം: നവീകരിച്ച ഈരാറ്റുപേട്ട-വാഗമൺ റോഡിന്റെ ഉദ്ഘാടനം ആഘോഷമാക്കി നാട്. അരുവിത്തുറ പള്ളിക്കു സമീപത്ത് മന്ത്രിമാരെയും വിശിഷ്ടാതിഥികളെയും നാട് ഘോഷയാത്രയോടെ വരവേറ്റു. 19.90 കോടി രൂപ ചെലവിൽ ബി.എം.ആൻഡ് ബി.സി. നിലവാരത്തിൽ നവീകരിച്ച റോഡ് ഈരാറ്റുപേട്ട സെൻട്രൽ ജംഗ്ഷനിൽ നടന്ന ചടങ്ങിൽ പൊതുമരാമത്ത്-ടൂറിസം വകുപ്പു മന്ത്രി അഡ്വ. പി.എ. മുഹമ്മദ് റിയാസ് നാടിനു സമർപ്പിച്ചു.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
ലോകത്ത് ആകെയുള്ള മലയാളികൾ പരിഹരിക്കണമെന്നാഗ്രഹിച്ച പ്രശ്നമാണ് വാഗമൺ റോഡ് നവീകരിച്ചതിലൂടെ സാധ്യമാക്കിയതെന്ന് ഉദ്ഘാടന പ്രസംഗത്തിൽ മന്ത്രി പറഞ്ഞു. സമൂഹമാധ്യമങ്ങളിലൂടെയും ഏറ്റവും കൂടുതൽ പേർ ആവശ്യമുന്നയിച്ച പ്രശ്നമായിരുന്നു ഇത്. സ്ഥലം ഏറ്റെടുക്കൽ അടക്കമുള്ള നടപടിക്രമങ്ങൾ കാലതാമസമുണ്ടാക്കുമെന്നതും കാലവർഷത്തിൽ തകർന്ന റോഡിന്റെ സ്ഥിതിയും ടൂറിസം സാധ്യതകളും കണക്കിലെടുത്താണ് ഈരാറ്റുപേട്ട-വാഗമൺ റോഡ് 19.90 കോടി രൂപ മുടക്കി അടിയന്തരമായി നവീകരിച്ചത്. റോഡിന്റെ നവീകരണ പുരോഗതി ആഴ്ചതോറും വിലയിരുത്തിയിരുന്നു.
അരിക്കൊമ്പനെ കൊണ്ടുപോയപ്പോഴാണ് കേരളത്തിലെ റോഡുകളുടെ നിലവാരം മാധ്യമങ്ങളിലൂടെ ആളുകളുടെ മുമ്പിലെത്തിയത്. കാസർഗോഡ് മുതൽ തിരുവനന്തപുരം വരെ 45 മീറ്റർ വീതിയിൽ നിർമിക്കുന്ന ദേശീയപാത 2025 ൽ പൂർത്തിയാകുമെന്നും മലയോര പാതയും സമയബന്ധിതമായി പൂർത്തീകരിക്കുമെന്നും മന്ത്രി പറഞ്ഞു.
വാഗമണ്ണിനെ വിനോദസഞ്ചാരികളുടെ പറുദീസയാക്കി മാറ്റാൻ ഈരാറ്റുപേട്ട-വാഗമൺ റോഡിന്റെ നവീകരണത്തിനും വീതികൂട്ടലടക്കമുള്ള വികസന പ്രവർത്തനങ്ങളും കൊണ്ട് സാധിക്കുമെന്ന് യോഗത്തിൽ അധ്യക്ഷത വഹിച്ച സഹകരണ-രജിസ്ട്രേഷൻ വകുപ്പു മന്ത്രി വി.എൻ. വാസവൻ പറഞ്ഞു.
സർക്കാരിന്റെ ഇച്ഛാശക്തിയാണ് സംസ്ഥാനത്തെ സമാനതകളില്ലാത്ത വികസനപ്രവർത്തനങ്ങൾക്ക് തുണയാകുന്നതെന്നും സഹകരണപ്രസ്ഥാനത്തിന്റെ അഭിമാന സ്ഥാപനമായ ഊരാളുങ്കൽ ലേബർ കോൺട്രാക്റ്റ് സൊസൈറ്റിയാണ് റോഡു നവീകരണം അതിവേഗത്തിൽ പൂർത്തീകരിച്ചതെന്നും മന്ത്രി പറഞ്ഞു.
അഡ്വ. സെബാസ്റ്റ്യൻ കുളത്തുങ്കൽ എം.എൽ.എ. സ്വാഗതം ആശംസിച്ചു. ആന്റോ ആന്റണി എം.പി. മുഖ്യപ്രഭാഷണം നടത്തി. തോമസ് ചാഴികാടൻ എം.പി., വാഴൂർ സോമൻ എം.എൽ.എ. എന്നിവർ വിശിഷ്ടാതിഥികളായി. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ.വി. ബിന്ദു, ഈരാറ്റുപേട്ട ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ആർ. ശ്രീകല, നഗരസഭാധ്യക്ഷ സുഹ്റ അബ്ദുൾ ഖാദർ, തീക്കോയി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കെ.സി. ജയിംസ്, പൊതുമരാമത്ത് നിരത്തുവിഭാഗം ചീഫ് എൻജിനീയർ അജിത്ത് രാമചന്ദ്രൻ, രാഷ്ട്രീയകക്ഷി പ്രതിനിധികളായ എ.വി. റസൽ, പ്രൊഫ. ലോപ്പസ് മാത്യു, ജോയി ജോർജ്, രമ മോഹൻ, എം.ജി. ശേഖരൻ, അഡ്വ. വി.എം. മുഹമ്മദ് ഇല്ല്യാസ്, അഡ്വ. സാജൻ കുന്നത്ത്, സിറാജ് കണ്ടത്തിൽ, രാജേഷ് കുമാർ, റഫീഖ് പട്ടരുപറമ്പിൽ, റ്റി.എസ്. റഷീദ്, അക്ബർ നൗഷാദ്, ഉണ്ണിക്കുണ്ട് ജോർജ്ജ്, മജു മാത്യു പുളിയ്ക്കൽ, വിപിൻ രാജു, പി.സി. വർഗീസ് പുല്ലാട്ട്, എ.എം.എ. ഖാദർ, എ.ജെ. ജോർജ് അറമത്ത്, സൂപ്രണ്ടിംഗ് എൻജിനീയർ വി.ആർ. വിമല എന്നിവർ പങ്കെടുത്തു.
മധ്യകേരളത്തിലെ വിനോദസഞ്ചാര വികസനത്തിന് ആക്കംകൂട്ടുന്ന ഈരാറ്റുപേട്ട- വാഗമൺ റോഡ് നവീകരണം ഊരാളുങ്കൽ ലേബർ കോൺട്രാക്ട് സൊസൈറ്റിയാണ് നാലുമാസംകൊണ്ട് പൂർത്തിയാക്കിയത്. ഫെബ്രുവരിയിൽ ആരംഭിച്ച 24 കിലോമീറ്റർ റോഡ് നിർമാണം നാലുമാസംകൊണ്ടാണ് പൂർത്തിയായത്.
ബിഎം-ബിസി നിലവാരത്തിൽ നിർമിച്ച റോഡിന്റെ ഇരുവശത്തും ഓടകളും (ഐറിഷ് ഡ്രെയിൻ) ജലനിർഗമന മാർഗങ്ങളും സ്ഥാപിച്ചിട്ടുണ്ട്. കേടുപറ്റിയ കലുങ്കുകളും സംരക്ഷണഭിത്തികളും പുനർനിർമിച്ചു.