കോട്ടയം: നഗരമധ്യത്തിലെ കോടിമതയിൽ നിർത്തിയിട്ടിരുന്ന വാഹനങ്ങളിൽ നിന്നും ലക്ഷങ്ങൾ വിലയുള്ള ബാറ്ററികൾ മോഷ്ടിച്ച കേസിൽ രണ്ടു പ്രതികൾ പിടിയിൽ. കൂത്താട്ടുകുളം മള്ളൂശേരി സ്വദേശികളായ പ്രതികളെയാണ് പൊലീസ് സംഘം പിടികൂടിയത്. കൂത്താട്ടുകുളം മൂങ്ങാൻകുന്ന് നിരപ്പേൽ വീട്ടിൽ ദീപു പ്രകാശ് (26), മള്ളൂശേരി നിർമ്മിതി കോളനി മഞ്ജു ഭവനിൽ കൃഷ്ണകുമാർ (29) എന്നിവരെയാണ് വെസ്റ്റ് എസ്.ഐ ടി.ശ്രീജിത്തിന്റെ നേതൃത്വത്തിലുള്ള സംഘം അറസ്റ്റ് ചെയ്തത്. കോട്ടയം നഗരത്തിൽ നിരവധി മോഷണം നടത്തിയ കേസിലെ പ്രതികളാണ് ഇരുവരും.
കോട്ടയം നഗരത്തിൽ കോടിമത എം.ജി റോഡിലും, എം.സി റോഡിലും കോടിമതയിലെ വെറ്റിനറി ആശുപത്രിയ്ക്കു സമീപത്തും പാർക്ക് ചെയ്തിരുന്ന ലോറികളിൽ നിന്നും രാത്രി കാലത്ത് ബാറ്ററി മോഷണം പോകുന്നത് പതിവായിരുന്നു. ഇതേ തുടർന്നു പൊലീസ് സംഘം പ്രദേശത്ത് നിരീക്ഷണം നടത്തി വരുന്നതു പതിവായിരുന്നു. ഇത്തരത്തിൽ നിരീക്ഷണത്തിനിടെയാണ് സംശയാസ്പദമായ സാഹചര്യത്തിൽ പ്രതികളെ കണ്ടെത്തിയത്. തുടർന്ന് ഇരുവരെയും കസ്റ്റഡിയിൽ എടുക്കുകയായിരുന്നു. തുടർന്നു ചോദ്യം ചെയ്തതോടെയാണ് കോട്ടയം നഗരത്തിൽ നടന്ന മോഷണങ്ങളിൽ ഇരുവരും പ്രതികളാണ് എന്നു കണ്ടെത്തിയത്.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
കോടിമത എം.ജി റോഡിലും നഗരത്തിലെ വിവിധ സ്ഥലങ്ങളിലും പാർക്ക് ചെയ്യുന്ന ലോറികളിൽ രാത്രി കാലങ്ങളിൽ എത്തുന്ന പ്രതികൾ വസ്തുക്കൾ മോഷ്ടിക്കുകയാണ് പതിവ്. ഇത്തരത്തിൽ മോഷ്ടിക്കുന്ന സാധനങ്ങൾ ആക്രിക്കടകളിൽ എത്തിച്ചു വിൽപ്പന നടത്തും. ഇത്തരത്തിൽ സാധനങ്ങൾ വിറ്റു കിട്ടുന്ന തുക ആർഭാടജീവിതത്തിനും, മദ്യപിക്കുന്നതിനും വേണ്ടിയാണ് പ്രതികൾ ഉപയോഗിച്ചിരുന്നത്. കോട്ടയം നഗരത്തിൽ വർങ്ങളിൽ എത്തിച്ചേർന്നിരുന്ന പ്രതികൾ നഗരത്തിൽ തന്നെ അലഞ്ഞു തിരിഞ്ഞു നടക്കുന്നതും പതിവായിരുന്നു. പ്രതികളെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.