കോട്ടയം: വെട്ടിയിട്ട പ്ലാവിൽ പിടിച്ച് പ്ലാവിലയ്ക്കു പിന്നാലെ പോയ പൊലീസ് പിടികൂടിയത് , വയോധികയെ വീടിനുള്ളിൽ ആക്രിമിച്ചു ബോധം കെടുത്തിയിട്ട ശേഷം സ്വർണം കവർന്ന കേസിലെ പ്രതിയെ. പ്രതിയുടെ ആക്രമണത്തിൽ ബോധം നഷ്ടമായ വയോധികം ഒരു ദിവസം മുഴുവൻ വീടിനുള്ളിൽ അബോധാവസ്ഥയിൽ കിടന്നു. ബന്ധുക്കൾ എത്തി വിളിച്ചതോടെയാണ് വിവരം പുറത്ത് അറിഞ്ഞത്.
സംഭവവുമായി ബന്ധപ്പെട്ട് ഒളശ്ശ ഇല്ലത്തു കവല മാളിയേക്കൽ വീട്ടിൽ ഗോപാലൻ മകൻ പ്രസന്നൻ (56) എന്നയാളെയാണ് കോട്ടയം വെസ്റ്റ് പോലീസ് അറസ്റ്റ് ചെയ്തത്. അയ്മനത്ത് ഒറ്റയ്ക്ക് താമസിച്ചുവന്നിരുന്ന സരോജിനി എന്ന വയോധികയെ ആണ് ഇയാൾ ആക്രമിച്ച് സ്വർണ്ണം കവർന്നത്. സരോജിനി വീട്ടിൽ രണ്ട് ആടിനെ വളർത്തിയിരുന്നു. 26 ആം തീയതി രാവിലെ പ്രതിയായ പ്രസന്നൻ ആടിന് കൊടുക്കാൻ പ്ലാവില വിൽക്കുന്നതിനായി ഇവരുടെ വീട്ടിലെത്തുകയും പ്ലാവിലക്ക് 50 രൂപ നൽകണമെന്ന് ആവശ്യപ്പെടുകയും ചെയ്തു.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
പ്ലാവില വാങ്ങിയതിനു ശേഷം പണം എടുക്കാനായി അടുക്കളയിലേക്ക് പോയ വൃദ്ധയെ ഇയാൾ പിന്നിലൂടെ ചെന്ന് അരിപ്പെട്ടിയിൽ നിന്നും പണം എടുക്കുന്നതിനിടയിൽ അതെ അരിപ്പെട്ടിയിൽ തല പലതവണ ഇടിപ്പിച്ച് അബോധാവസ്ഥയിൽ ആക്കിയ ശേഷം കഴുത്തിൽ കിടന്ന മൂന്നു പവൻ വരുന്ന സ്വർണ്ണമാലയും കൈയിലെ മൂന്ന് വളകളും ഊരിയെടുത്ത് കടന്നു കളയുകയായിരുന്നു. സരോജിനിയെ കാണാഞ്ഞതിനെ തുടർന്ന് ബന്ധു അടുത്ത ദിവസം വീട്ടിൽ എത്തുമ്പോഴാണ് അബോധാവസ്ഥയിൽ കിടക്കുന്ന വൃദ്ധയെ കാണുന്നത്.
തുടർന്ന് ഇവരെ ആശുപത്രിയിൽ എത്തിക്കുകയും കോട്ടയം വെസ്റ്റ് സ്റ്റേഷനിൽ പരാതി നൽകുകയുമായിരുന്നു . തുടർന്ന് ജില്ലാ പോലീസ് മേധാവി കെ.കാർത്തിക്കിന്റെ നേതൃത്വത്തിലുള്ള അന്വേഷണ സംഘം വൃദ്ധയുടെ വീട്ടിലെത്തി നടത്തിയ ശാസ്ത്രീയ പരിശോധനയിൽ മോഷ്ടാവിനെ കുറിച്ച് സൂചന ലഭിക്കുകയും പ്രതിയായ പ്രസന്നനെ പിടികൂടുകയുമായിരുന്നു.
അബോധാവസ്ഥയിൽ കഴിഞ്ഞിരുന്ന വയോധികയ്ക്ക് പ്രതിയെ അറിയാമായിരുന്നെങ്കിലും കൃത്യമായ വിവരങ്ങൾ നൽകാൻ സാധിച്ചിരുന്നില്ല. ആറു മാസം മുൻപ് ഇയാൾ വീട്ടിൽ ജോലിയ്ക്ക് എത്തിയ ആളാണ് എന്നു മാത്രമാണ് പറയാൻ സാധിച്ചിരുന്നത്. തുടർന്ന് പൊലീസ് വിവരങ്ങൾ ചോദിച്ച് അറിഞ്ഞപ്പോഴാണ് സംഭവ ദിവസം വീട്ടിൽ പ്ലാവില എത്തിച്ചിരുന്നതായി വയോധിക വ്യക്തമാക്കിയത്. തുടർന്നു, പ്രദേശത്ത് വെട്ടിയ പ്ലാവുകളിൽ നിന്നും പ്ലാവില ശേഖരിച്ചവരെ കേന്ദ്രീകരിച്ച് പൊലീസ് അന്വേഷണം നടത്തുകയായിരുന്നു. തുടർന്നാണ് പ്രതിയിലേയ്ക്ക് അന്വേഷണം എത്തിയതും. അറസ്റ്റ് ചെയ്തതും. കോട്ടയം വെസ്റ്റ് സ്റ്റേഷൻ ഹൗസ് ഓഫിസർ ഇൻസ്പെക്ടർ അനൂപ് കൃഷ്ണ, എസ്.ഐ മാരായ ടി.ശ്രീജിത്ത്, ജയകുമാർ കെ, കുര്യൻ കെ കെ, എ.എസ്.ഐ അനീഷ് വിജയൻ, സി.പി.ഓ മാരായ വിഷ്ണുവിജയദാസ്, വിജയ് ശങ്കർ, ഷൈൻ തമ്പി തുടങ്ങിയവരും അന്വേഷണ സംഘത്തിൽ ഉണ്ടായിരുന്നു.