കോട്ടയം : കോട്ടയം കളക്ടറേറ്റിന് സമീപം റോഡിൽ മരം വീണ് രണ്ടുമണിക്കൂർ തടസ്സപ്പെട്ട ഗതാഗതം പുനസ്ഥാപിച്ചു. പൊലീസും കെ.എസ്.ഇ.ബി അധികൃതരും അഗ്നിരക്ഷാ സേനാ സംഘവും രണ്ട് മണിക്കൂർ പരിശ്രമിച്ചാണ് മരം വെട്ടി നീക്കി റോഡ് ഗതാഗതം പുസ്ഥാപിച്ചത്. വൈകിട്ട് നാല് മണിയോടെയാണ് കോട്ടയം ഈസ്റ്റ് പൊലീസ് സ്റ്റേഷന് മുന്നിൽ റോഡിൽ വാകമരം കടപുഴകി വീണത്. മരം വീണതോടെ വൈദ്യുതി പോസ്റ്റുകൾ നാല് എണ്ണമാണ് ഒടിഞ്ഞ് വീണത്. ഇതോടെ കഞ്ഞിക്കുഴി മുതൽ മലയാള മനോരമ വരെയുള്ള കെ കെ റോഡ് ഭാഗത്ത് റോഡ് ഗതാഗതം വഴിതിരിച്ചുവിട്ടു. ഇതോടെ കോട്ടയം നഗരത്തിൽ ഇടറോഡുകളിൽ അടക്കം ഗതാഗതക്കുരുക്കായിരുന്നു. സ്കൂൾ വിദ്യാർത്ഥികൾ അടക്കമുള്ളവർ ഗതാഗതക്കുരുക്കിൽ കുടുങ്ങി. വൈകിട്ട് നാലരയോടെ വീണ മരം വെട്ടി മാറ്റാനുള്ള ശ്രമം പൂർത്തിയായത് രാത്രി ആറരയോടെയാണ്. തിരുവഞ്ചൂർ രാധാകൃഷ്ണൻ എംഎൽഎ അടക്കമുള്ളവർ സ്ഥലത്തെത്തി രക്ഷാപ്രവർത്തനത്തിന് നേതൃത്വം നൽകി.