കോട്ടയം: യൂത്ത് കോൺഗ്രസിൽ ‘കണ്ടുകിട്ടാനില്ലാത്ത’ മണ്ഡലം പ്രസിഡന്റിനെ ‘കണ്ടെത്തിയത്’ സിപിഎം വേദിയിൽ. യൂത്ത് കോൺഗ്രസ് കോട്ടയം വെസ്റ്റ് മണ്ഡലം പ്രസിഡന്റായി തിരഞ്ഞെടുക്കപ്പെട്ട പി.കെ ജിബിനെയാണ് സിപിഎം കോട്ടയം ഏരിയ സമ്മേളനത്തിന്റെ ഭാഗമായി തിരുവാതുക്കലിൽ നടത്തിയ വടംവലി മത്സരത്തിന്റെ വേദിയിൽ ബാഡ്ജ് ധരിച്ച് സംഘാടകരിലൊരാളായി കണ്ടെത്തിയത്. യൂത്ത് കോൺഗ്രസിന്റെ ഭാരവാഹികളോ പ്രവർത്തകരോ ഇതുവരെ കാണാത്ത് മണ്ഡലം പ്രസിഡന്റിനെ സിപിഎം വേദിയിൽ കണ്ടതിനെച്ചൊല്ലി യൂത്ത് കോൺഗ്രസിൽ വിവാദവും ഉയർന്നു. ഇതിനെതിരെ നടപടിയെടുക്കണമെന്നാവശ്യപ്പെട്ട് യൂത്ത് കോൺഗ്രസ് പ്രവർത്തകർ ജില്ലാ കമ്മിറ്റിയിൽ പരാതിയും നൽകി.
കഴിഞ്ഞ യൂത്ത് കോൺഗ്രസ് തിരഞ്ഞെടുപ്പിന്റെ ഭാഗമായി വെസ്റ്റ് കോൺഗ്രസ് മണ്ഡലം പ്രസിഡന്റായി തിരഞ്ഞെടുക്കപ്പെട്ട യുവാവ് വിദേശത്തേയ്ക്കു പോയിരുന്നു. ഇതേ തുടർന്നാണ് ഈ സ്ഥാനത്തേയ്ക്ക് ഒഴിവ് വന്നത്. വെസ്റ്റ് മണ്ഡലം പ്രസിഡന്റ് സ്ഥാനത്തേയ്ക്ക് കോട്ടയം ഡിസിസി പ്രസിഡന്റ് നാട്ടകം സുരേഷും – മുൻ മന്ത്രി കെ.സി ജോസഫും നേതൃത്വം നൽകുന്ന ഗ്രൂപ്പിന്റെ ഭാഗമായാണ് ആദ്യം പ്രസിഡന്റിനെ നാമനിർദേശം ചെയ്തത്. അന്ന് തന്നെ ഇതിനെതിരെ എതിർപ്പ് ഉയർന്നിരുന്നു. എന്നാൽ, ഇത് പരിഗണിക്കാതെ ഈ വിഭാഗം പേരുമായി സംസ്ഥാന നേതൃത്വത്തിന്റെ അനുമതിയോടെ മുന്നോട്ട് പോകുകയായിരുന്നു.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
ഈ പ്രസിഡന്റ് വിദേശത്തേയ്ക്കു ജോലിയ്ക്കു പോയതോടെയാണ് ഈ പോസ്റ്റിൽ ഒഴിവ് വന്നത്. ഇതേ തുടർന്ന് യൂത്ത് കോൺഗ്രസ് സംസ്ഥാന കമ്മിറ്റിയുടെ മാനദണ്ഡപ്രകാരമാണ് പുതിയ ആളെ നിയമിച്ചത്. നിലവിൽ തിരഞ്ഞെടുക്കപ്പെട്ട അതേ ഗ്രൂപ്പിന്റെ തന്നെ ഭാഗമായ ആളെ തന്നെ ഒഴിവ് വരുന്ന സ്ഥലത്ത് നിയമിക്കണമെന്നാണ് ചട്ടം. ഈ ചട്ടം അനുസരിച്ചാണ് യൂത്ത് കോൺഗ്രസ് കമ്മിറ്റിയിൽ പുതിയ പ്രസിഡന്റിനെ തിരഞ്ഞെടുത്തത്. ഇതേ ഗ്രൂപ്പിന്റെ തന്നെ നോമിനിയായാണ് ജിബിനെയും നിയമിച്ചത്.
ഇതിനെതിരെ നേരത്തെ തന്നെ ഒരു വിഭാഗം യൂത്ത് കോൺഗ്രസ് പ്രവർത്തകർ രംഗത്ത് എത്തിയിരുന്നു. തങ്ങൾ കാണാത്ത ഒരാളെയാണ് ഇപ്പോൾ നിയമിക്കുന്നതെന്നായിരുന്നു പ്രവർത്തകരുടെ ആരോപണം. ഇത് വകവയ്ക്കാതെയാണ് ജിബിനെ നിയമിച്ചത്. യൂത്ത് കോൺഗ്രസിന്റെ ഒരു പരിപാടിയിലും വെസ്റ്റ് മണ്ഡലം പ്രസിഡന്റ് പങ്കെടുക്കുന്നില്ലെന്നും നേരത്തെ തന്നെ ആരോപണം ഉയർന്നിരുന്നു. ഇതിനിടെയാണ് ഇപ്പോൾ ഇയാൾ സിപിഎം സംസ്ഥാന സമ്മേളനത്തിനു മുന്നോടിയായി നടന്ന കോട്ടയം ഏരിയ സമ്മേളനത്തിന്റെ പ്രചാരണത്തിനായി തിരുവാതുക്കലിൽ നടത്തിയ വടംവലി മത്സരത്തിന്റെ സംഘാടകനായി രംഗത്ത് എത്തിയത്. ഈ ചിത്രങ്ങൾ പുറത്ത് വന്നതോടെ യൂത്ത് കോൺഗ്രസിലെ ഒരു വിഭാഗം പരാതിയുമായി രംഗത്ത് എത്തിയിട്ടുണ്ട്.