കോട്ടയം: നഗരസഭയിലെ കോടികളുടെ പെൻഷൻ ഫണ്ട് തട്ടിപ്പിൽ അഖിൽ വർഗീസിന് പിന്നാലെ കൂടുതൽ തലകൾ ഉരുളുന്നു. അഖിൽ വർഗീസിന്റെ തട്ടിപ്പുമായി ബന്ധപ്പെട്ട് ഇന്നലെ കോട്ടയം നഗരസഭ ഡെപ്യൂട്ടി സെക്രട്ടറിയും പി.എ ടു സെക്രട്ടറിയുമായ ഫില്ലിസ് ഫെലിക്‌സിനെ തദ്ദേശ സ്വയംഭരണ വകുപ്പ് സസ്‌പെന്റ് ചെയ്തിരുന്നു. ഇത് കൂടാതെ നേരത്തെ കോട്ടയം നഗരസഭ സസ്‌പെന്റ് ചെയ്ത മൂന്നു ജീവനക്കാരുടെ സസ്‌പെൻഷൻ നടപടി സംസ്ഥാന സർക്കാർ അംഗീകരിക്കുകയും ചെയ്തു. നേരത്തെ കോട്ടയം നഗരസഭ സസ്‌പെന്റ് ചെയ്ത സെക്ഷൻ ക്ലർക്കിന്റെ ചുമതലയുണ്ടായിരുന്ന പബ്ലിക്ക് ഹെൽത്ത് നഴ്‌സ് കെ.ജി ബിന്ദു, സീനിയർ ക്ലർക്ക് സന്തോഷ് കുമാർ വി.ജി, സൂപ്രണ്ട് എസ്.കെ ശ്യാം എന്നിവരെയാണ് സസ്‌പെന്റ് ചെയ്തത്. ഇതോടെ സർവീസിൽ നിന്നും സസ്‌പെന്റ് ചെയ്യപ്പെട്ട ജീവനക്കാരുടെ എണ്ണം നാലായി. വിഷയത്തിൽ കോട്ടയം നഗരസഭ ഇപ്പോഴും ഇരുട്ടിൽ തപ്പുകയാണ്. 2.39 കോടി രൂപയുടെ തട്ടിപ്പ് നടന്നതായി ക്രൈംബ്രാഞ്ച് അന്വേഷണ സംഘം കണ്ടെത്തിയിട്ടുണ്ട്. ഇത്രയും തുകയുടെ കണക്ക് അഖിലിന്റെ അക്കൗണ്ടിൽ നിന്ന് കോട്ടയം ജില്ലാ ക്രൈംബ്രാഞ്ച് അന്വേഷണ സംഘം കണ്ടെത്തിയിട്ടുണ്ട്. എന്നാൽ, കൃത്യമായ കണക്ക് നൽകാൻ ഇതുവരെയും നഗരസഭയ്ക്ക് സാധിച്ചിട്ടില്ല. രണ്ടു വർഷത്തെ പെൻഷൻ ഫണ്ടിന്റെ വിവരങ്ങളൊന്നും കോട്ടയം നഗരസഭയ്ക്ക് കണ്ടെത്താൻ സാധിച്ചിട്ടില്ല. അതുകൊണ്ടു തന്നെ ഈ വിവരങ്ങൾ അന്വേഷണ സംഘത്തിനും ലഭിച്ചിട്ടില്ല. ഇത് കേസ് അന്വേഷണത്തെയും ബാധിച്ചിട്ടില്ല. സംഭവം പുറത്ത് വന്ന് 21 ദിവസം കഴിഞ്ഞിട്ടും ഇതുവരെയും പ്രതിയെ പിടികൂടാൻ സാധിച്ചിട്ടുമില്ല. ഇതിനിടെയാണ് നാലു ജീവനക്കാരെ സസ്‌പെന്റ് ചെയ്തിരിക്കുന്നത്.