കോട്ടയം: നഗരമധ്യത്തിൽ രാവിലെ രണ്ട് അപകടങ്ങളിലായി രണ്ടു പേർക്ക് പരിക്ക്. കോട്ടയം ഗാന്ധിനഗർ സ്വദേശിയായ വീട്ടമ്മയ്ക്കും തമിഴ്നാട് സ്വദേശിയ്ക്കുമാണ് പരിക്കേറ്റത്. ഇന്ന് രാവിലെ കോട്ടയം നാഗമ്പടത്താണ് ആദ്യ അപകടം ഉണ്ടായത്. നാഗമ്പടം ഭാഗത്ത് എംസി റോഡിലൂടെ പോകുകയായിരുന്ന തടിലോറിയുടെ പിന്നിൽ സ്കൂട്ടർ ഇടിച്ചാണ് തമിഴ്നാട് സ്വദേശിയ്ക്ക് പരിക്കേറ്റത്. സാരമായി പരിക്കേറ്റ തമിഴ്നാട് സ്വദേശി കനകരാജിനെ കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. വ്യാഴാഴ്ച രാവിലെയായിരുന്നു അപകടം. ബേക്കർ ജംഗ്ഷനിൽ സ്വകാര്യ ബസ് സ്കൂട്ടറിൽ ഇടിച്ചാണ് വീട്ടമ്മയ്ക്ക് പരിക്കേറ്റത്. ഗാന്ധിനഗർ സ്വദേശിനിയായ ടെസി എന്ന വീട്ടമ്മയ്ക്കാണ് പരിക്കേറ്റത്. ബേക്കർ ജംഗ്ഷനിലേയ്ക്കുള്ള വഴിയിൽ ജോയ് മാളിനു സമീപമാണ് അപകടമുണ്ടായത്. ഇവർ സഞ്ചരിച്ചിരുന്ന സ്കൂട്ടറിൽ സ്വകാര്യ ബസ് ഇടിയ്ക്കുകയായിരുന്നു. കോട്ടയം ഭരണങ്ങാനം റൂട്ടിൽ സർവീസ് നടത്തുന്ന ചെന്നിക്കര എന്ന സ്വകാര്യ ബസാണ് അപകടത്തിൽപ്പെട്ടത്. ബസ് ഇടിച്ചതിനെ തുടർന്ന് റോഡിൽ വീണ ഇവരുടെ കാലിലൂടെ ബസിന്റെ ചക്രം കയറിയിറങ്ങി. റോഡിൽ വീണ് കിടന്ന ഇവരെ നഗരസഭ ജീവനക്കാർ എത്തി, നഗരസഭയുടെ ആംബുലൻസിലാണ് കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിൽ എത്തിച്ചത്. ഇവരുടെ കാലിന് സാരമായി പരിക്കേറ്റിട്ടുണ്ട്.