കോട്ടയം: ഗാന്ധിനഗർ ചെമ്മനംപടിയിൽ വീട് കുത്തിത്തുറന്ന് 20 പവൻ മോഷ്ടിച്ചു. വീട്ടുകാർ മൂന്നാറിൽ മകന്റെ വീട്ടിൽ പോയ തക്കം നോക്കിയാണ് മോഷ്ടാക്കൾ വീട് കുത്തിത്തുറന്ന് മോഷണം നടത്തിയത്. ഗാന്ധിനഗർ മെഡിക്കൽ കോളേജ് റൂട്ടിൽ ചെമ്മനംപടിയിൽ ആലപ്പാട്ട് ചന്ദ്രന്റെ വീട്ടിലാണ് കഴിഞ്ഞ ദിവസം മോഷണം നടന്നത്. സംഭവത്തിൽ ഗാന്ധിനഗർ പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. ഇന്ന് രാവിലെ വീട്ടുകാർ മൂന്നാറിൽ നിന്ന് തിരികെ എത്തിയപ്പോഴാണ് മോഷണം നടന്ന വിവരം അറിഞ്ഞത്. രണ്ടു നില വീടിന്റെ മുൻ വാതിലിലെ ഒരു പാളി ഇളക്കി മാറ്റിയ ശേഷം ഉള്ളിൽ കടന്ന മോഷ്ടാവ് വീട് പൂർണമായും അരിച്ചു പെറുക്കിയിട്ടുണ്ട്. വീടിനുള്ളിലെ അലമാരയിൽ സൂക്ഷിച്ച 20 പവൻ സ്വർണമാണ് മോഷണം പോയത്. വീടിനുള്ളിൽ പൂർണമായും അരിച്ചു പെറുക്കിയെങ്കിലും ഉള്ളിലുണ്ടായിരുന്ന ലാപ്ടോപ്പോ മറ്റ് സാധനങ്ങളോ മോഷ്ടിച്ചിട്ടില്ല. ഗാന്ധിനഗർ പൊലീസ് സ്ഥലത്ത് എത്തി അന്വേഷണം ആരംഭിച്ചിട്ടുണ്ട്. വിരലടയാള വിദഗ്ധരും സൈന്റിഫിക് എക്സ്പേർട്ട് സംഘവും സ്ഥലത്ത് പരിശോധന നടത്തുകയാണ്.