കോട്ടയം: മണിക്കൂറുകളായി തുടരുന്ന കനത്ത മഴയിൽ കോട്ടയം ജില്ലയിലെ മലയോരമേഖലയിൽ കനത്ത ഭീതി. ഈരാറ്റുപേട്ടയിലും മൂന്നിലവിലും അടക്കം ജില്ലയിലെ പലയിടത്തും കനത്ത മഴയും കാറ്റും ഉരുൾപ്പൊട്ടലും അടക്കം റിപ്പോർട്ട് ചെയ്തിട്ടുണ്ട്. മുണ്ടക്കയം കോസ് വേയിൽ ജലനിരപ്പ് ക്രമാതീതമായി ഉയർന്ന സാഹചര്യത്തിൽ കാഞ്ഞിരപ്പള്ളി അഗ്നിരക്ഷാ നിലയത്തിൽ നിന്നും ഒരു ടീം ഇവിടേയ്ക്ക് പുറപ്പെട്ടിട്ടുണ്ട്. കാഞ്ഞിരപ്പള്ളി വണ്ടംപതാലിൽ പാലത്തിൽ കുടുങ്ങിയ മൂന്നു യുവാക്കളെ നാട്ടുകാർ വിവരം അറിയിച്ചത് അനുസരിച്ച് എത്തിയ അഗ്നിരക്ഷാ സേനാ സംഘം രക്ഷപെടുത്തിയിട്ടുണ്ട്.
മൂന്നിലവ്, മങ്കൊമ്പ് , കളത്തൂക്കടവ്, മുണ്ടയ്ക്കപ്പറമ്പ്, കടുവാമുഴി എന്നിവിടങ്ങളിലാണ് ഈരാറ്റുപേട്ടയിൽ വെള്ളം കയരിയിരിക്കുന്നത്. മഴ സമാന രീതിയിൽ തുടരുകയാണെങ്കിൽ രാത്രിയിൽ തന്നെ ഈരാറ്റുപേട്ടയിൽ വെള്ളം കയറുമെന്നാണ് നാട്ടുകാർ പറയുന്നത്.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
മൂന്നിലവ്, മേലുകാവ്, തലനാട്, തീക്കോയി പ്രദേശങ്ങളിൽ വലിയ മലവെള്ളപ്പാച്ചിലും കനത്ത മഴയും അനുഭവപ്പെടുന്നതായി പൂഞ്ഞാർ ഡിവിഷൻ ജില്ലാ പഞ്ചായത്തംഗം അഡ്വ.ഷോൺ ജോർജ് അറിയിച്ചു. മൂന്നിലവ്,തലനാട്, തീക്കോയി പ്രദേശങ്ങളിൽ കനത്ത മഴയാണ് അനുഭവപ്പെടുന്നത്. മൂന്നിലവ് ടൗൺ ഏതാണ്ട് പൂർണമായും വെള്ളത്തിൽ മുങ്ങിയതായി ഷോൺ ജോർജ് പറയുന്നു. പഞ്ചയാത്തിലെ രണ്ടുമൂന്ന് വാർഡുകൾ പൂർണമായും ഒറ്റപ്പെട്ട സ്ഥിതിയാണ്. ഇലവീഴാപ്പൂഞ്ചിറയിലേയ്ക്കു യാത്ര ചെയ്ത വിനോദ സഞ്ചാരികൾ ്അടക്കമുള്ളവർ കുടുങ്ങിക്കിടക്കുകയാണ്. ഈ സാഹചര്യത്തിൽ അഗ്നിരക്ഷാ സേനാ സംഘം അടക്കം രക്ഷാപ്രവർത്തനത്തിന് രംഗത്തിറങ്ങിയിട്ടുണ്ട്.
മഴയുടെ സ്ഥിതി ഇങ്ങനെ
മുന്നറിയിപ്പ് ഇങ്ങനെ-
കോട്ടയം ജില്ലയുടെ കിഴക്കൻ മേഖലയിൽ കനത്ത മഴ തുടരുന്നു. മൂന്നിലവ് ഗ്രാമപഞ്ചായത്ത് ഓഫീസിൽ
നിലവിൽ വെള്ളം കയറി. മീനച്ചിൽ, മണിമല നദികളിൽ ജലനിരപ്പ് ഉയരുകയാണ്. മീനച്ചിൽ, കാഞ്ഞിരപ്പള്ളി താലൂക്ക് പരിധിയിൽ വരുന്ന ഗ്രാമപഞ്ചായത്തുകളിൽ ജാഗ്രത പുലർത്താൻ ജില്ലാ കളക്ടർ വിവിധ വകുപ്പുകൾക്ക് നിർദ്ദേശം നൽകി.
എല്ലാ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിലും
കൺട്രോൾ റൂം പ്രവർത്തനം ആരംഭിക്കാൻ കളക്ടർ നിർദ്ദേശം നൽകി. മണ്ണിടിച്ചിൽ, വെള്ളപ്പൊക്ക മേഖലകളിൽ
അടിയന്തര സാഹചര്യങ്ങളിൽ മൈക്ക് അനൗൺസ്‌മെന്റ് നടത്തും. ദുരിതാശ്വാസ കേന്ദ്രങ്ങൾ തുറക്കാനും ആളുകളെ സുരക്ഷിത കേന്ദ്രങ്ങളിലേക്ക് മാറ്റാനും ആവശ്യമായ തയ്യാറെടുപ്പുകൾ നടത്താൻ എല്ലാ വകുപ്പുകൾക്കും നിർദ്ദേശം.
മലയോര മേഖലകളിലേക്ക് രാത്രി യാത്രയ്ക്ക് നിരോധനം ഏർപ്പെടുത്തി. രാവിലെ 7 വരെ കർശന ഗതാഗത നിയന്ത്രണം. വിനോദ സഞ്ചാര കേന്ദ്രങ്ങളിൽ പ്രവേശനം നിരോധിച്ചു. വിനോദ സഞ്ചാര കേന്ദ്രങ്ങൾ താൽക്കാലികമായി അടച്ചു. രാത്രിയാത്ര നിയന്ത്രണം വൈകിട്ട് 7 മുതൽ രാവിലെ 7 വരെ.
മീനച്ചിൽ താലൂക്കിൽ മേലുകാവ് വില്ലേജിൽ കോലാനി ഭാഗത്ത് മണ്ണിടിച്ചിൽ ഉണ്ടായിട്ടുള്ളതാണ്. ജലനിരപ്പ് ഉയർന്നിട്ടുള്ളതിനാൽ 5 വീടുകളിൽ വെള്ളം കയറാനുള്ള സാധ്യത ഉള്ളതിനാൽ തൊട്ടടുത്ത വീടുകളിലേക്ക് മാറിയിട്ടുള്ളതാണ്.