കോട്ടയം : കോട്ടയം പാർലമെന്റ് മണ്ഡലത്തിലെ മുഴുവൻ ഭിന്നശേഷിക്കാർക്കും സഹായ ഉപകരണങ്ങൾ വിതരണം ചെയ്യുന്ന പദ്ധതി ഉദ്ഘാടനം ജൂൺ ആറിന് രാവിലെ 11.30 ന് കോട്ടയം ബി.സി.എം കോളജ് ഓഡിറ്റോറിയത്തിൽ കേന്ദ്ര സാമൂഹ്യ നീതി വകുപ്പ് സഹമന്ത്രി എ.നാരായണ സ്വാമി നിർവഹിക്കും. സാമൂഹിക നീതി വകുപ്പുമായി ബന്ധപ്പെട്ട പാർലമെന്ററി സ്റ്റാൻഡിങ്ങ് കമ്മിറ്റിയിൽ കോട്ടയം മണ്ഡലത്തിലെ എല്ലാ ഭിന്നശേഷിക്കാർക്കും ഉപകരണം ലഭ്യമാക്കണമെന്ന് തോമസ് ചാഴികാടൻ എം.പി ആവശ്യപ്പെട്ടിരുന്നു. ഇതേ തുടർന്നാണ് ഇപ്പോൾ അലിം കോ നേതൃത്വത്തിൽ ഉപകരണങ്ങൾ വിതരണം ചെയ്യുന്നത്.
ജില്ലാ കളക്ടറുടെ നിർദ്ദേശ പ്രകാരം അലിംകോയുടെ നേതൃത്വത്തിൽ സാമൂഹ്യ നീതി വകുപ്പ് , ബ്ളോക്ക് പഞ്ചായത്തുകൾ , അംഗൻവാടി പ്രവർത്തകർ , ആരോഗ്യ വകുപ്പ് , ആർച്ച് ബിഷപ്പ് കുര്യാക്കോസ് കുന്നശേരി ഫൗണ്ടേഷൻ എന്നിവരുടെ സഹകരണത്തോടെ 12 ക്യാമ്പുകൾ സംഘടിപ്പിച്ചു, ഇത്തരത്തിലാണ് മണ്ഡലത്തിലെ ഭിന്നശേഷിക്കാരെ കണ്ടെത്തിയത്.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
ഈ ക്യാമ്പുകളിൽ നിന്ന് 1258 ഗുണഭോക്താക്കളെ കണ്ടെത്തി. തുടർന്ന് , 96 ലക്ഷം രൂപ ചിലവ് വരുന്ന ഉപകരങ്ങൾ അലംകോ സൗജന്യമായി നിർമ്മിച്ച് ലഭ്യമാക്കുകയായിരുന്നു. ബി.സി.എം കോളജിൽ നടക്കുന്ന ചടങ്ങിൽ മന്ത്രി ആർ.ബിന്ദു അധ്യക്ഷത വഹിക്കും. മന്ത്രി വി.എൻ വാസവൻ മുഖ്യാതിഥിയായി പങ്കെടുക്കും. ജോസ് കെ.മാണി എം.പി , മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി , തിരുവഞ്ചൂർ രാധാകൃഷ്ണൻ എം.എൽ.എ , ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് നിർമ്മല ജിമ്മി എന്നിവർ പങ്കെടുക്കും.
ജൂൺ ആറിന് പാമ്പാടി , പള്ളം , ഏറ്റുമാനൂർ ബ്ളോക്കിലേയും , കോട്ടയം ഏറ്റുമാനൂർ നഗരസഭയിലെയും ഭിന്നശേഷിക്കാർക്ക് ഉപകരണങ്ങൾ വിതരണം ചെയ്യും. ഏഴിന് ളാലം , ഒൻപതിന് വൈക്കം , 10 ന് കടുത്തുരുത്തി , 13 ന് ഉഴവൂർ , 14 ന് മുളന്തുരുത്തി , 15 ന് പാമ്പാക്കുട എന്നിവിടങ്ങളിലും ഉപകരണങ്ങൾ വിതരണം ചെയ്യുമെന്ന് തോമസ് ചാഴിക്കാടൻ എം.പിയും , ജില്ലാ കളക്ടർ ഡോ.പി.കെ ജയശ്രീയും പത്ര സമ്മേളനത്തിൽ അറിയിച്ചു.