കോട്ടയം : കോതനല്ലൂർ ബാറിന് മുന്നിൽ തോക്കുമായി എത്തി വെടിയുതിർത്ത കേസിൽ രണ്ടുപേരെ പോലീസ് അറസ്റ്റ് ചെയ്തു. കാണക്കാരി കളത്തൂർ ഭാഗത്ത് വെട്ടിക്കുഴിയിൽ വീട്ടിൽ ജയ്മോൻ മകൻ കുട്ടപ്പായി എന്ന് വിളിക്കുന്ന നൈജിൽ ജയ്മോൻ (19), മാഞ്ഞൂർ ലൈബ്രറി ജംഗ്ഷൻ ഭാഗത്ത് ഞാറപറമ്പിൽ വീട്ടിൽ സാബു മകൻ ജോബിൻ സാബു (24) എന്നിവരെയാണ് കടുത്തുരുത്തി പോലീസ് അറസ്റ്റ് ചെയ്തത്.
ഇവർ ഇരുവരും കഴിഞ്ഞദിവസം സന്ധ്യയോടു കൂടി കോതനല്ലൂർ ഭാഗത്ത് പ്രവർത്തിക്കുന്ന ബാർ ഹോട്ടലിന്റെ മുൻവശം സ്കൂട്ടറിൽ എത്തി കയ്യിൽ കരുതിയിരുന്ന തോക്ക് ഉപയോഗിച്ച് വെടിയുതിർത്ത് ഭീകരാന്തരീക്ഷം സൃഷ്ടിക്കുകയായിരുന്നു. തുടർന്ന് ഇവർ സംഭവസ്ഥലത്ത് നിന്ന് കടന്നു കളയുകയും ചെയ്തു. ബാർ ഉടമയുടെ പരാതിയെ തുടർന്ന് കടുത്തുരുത്തി പോലീസ് കേസ് രജിസ്റ്റർ ചെയ്യുകയും ജില്ലാ പോലീസ് മേധാവി കെ.കാർത്തിക്കിന്റെ നേതൃത്വത്തിലുള്ള അന്വേഷണസംഘം ഇരുവരെയും പിടി കൂടുകയായിരുന്നു.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
ഇവരിൽ നിന്നും എയർഗൺ കസ്റ്റഡിയിൽ എടുക്കുകയും ചെയ്തു. പ്രതികളിൽ ഒരാളായ ജോബിൻ സാബുവിന് കുറവിലങ്ങാട് സ്റ്റേഷനിൽ അടിപിടി കേസ് നിലവിലുണ്ട്. കടുത്തുരുത്തി സ്റ്റേഷൻ എസ്.എച്ച്.ഓ സജീവ് ചെറിയാൻ, എസ്.ഐ വിനോദ്, സജിമോൻ എസ്.കെ എന്നിവരും അന്വേഷണ സംഘത്തിൽ ഉണ്ടായിരുന്നു. ഇവരെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.