കോട്ടയത്തു നിന്നും
ജാഗ്രതാ ന്യൂസ്
പ്രത്യേക ലേഖകൻ
കോട്ടയം: നഗരമധ്യത്തിൽ പട്ടാപ്പകൽ സർക്കാർ ജീവനക്കാരിയ്ക്കു നേരെ പട്ടാപ്പകൽ സാമൂഹ്യവിരുദ്ധന്റെ കടന്നാക്രമണം. കെ.എസ്.ആർ.ടി.സി സ്റ്റാൻഡിൽ വന്നിറങ്ങിയ സർക്കാർ ജീവനക്കാരിയെ പിൻതുടർന്ന് ആക്രമിക്കുകയായിരുന്നു ഇയാൾ. പ്രാണരക്ഷാർത്ഥനം സമീപത്തെ കൂൾ ബാറിലേയ്ക്ക് ഓടിക്കയറിയ ഇവരെ, കടയുടമയാണ് രക്ഷിച്ചത്. എന്നിട്ടും, ഇവരെ ആക്രമിക്കാൻ ശ്രമിച്ച അക്രമിയെ കടയുടമ കായികമായി നേരിടുകയും ചെയ്തു. ഇതോടെയാണ് ഇയാൾ ഇവിടെ നിന്നും ഓടിരക്ഷപെട്ടത്.
തിങ്കളാഴ്ച ഉച്ചയ്ക്ക് മൂന്നു മണിയോടെയായിരുന്നു സംഭവം. തിരുവനന്തപുരം ഭാഗത്തു നിന്നും എത്തിയ കെ.എസ്.ആർ.ടി.സി ബസ് സ്റ്റാൻഡിലാണ് ജീവനക്കാരി എത്തിയത്. ഇവർ സ്റ്റാൻഡിൽ വന്നിറങ്ങിയ ശേഷം നഗരഭാഗത്തേയ്ക്കു നടന്നു. ഈ സമയത്താണ് ഇയാൾ ബസിറങ്ങി പിന്നാലെ എത്തിയത്. ബസിൽ വച്ചു തന്നെ ഇയാൾ അശ്ലീല ചുവയോടെ നോക്കുകയും, അശ്ലീല ആഗ്യം കാട്ടുകയും അടക്കം ചെയ്തിരുന്നു. ഇതേ തുടർന്നാണ് ഇവർ ഇവിടെ നിന്നും മുന്നോട്ട് നടന്നത്.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
എന്നാൽ, ഇവരെ പിൻതുടർന്ന് ശല്യം ചെയ്യുകയായിരുന്നു അക്രമി. പിന്നാലെ എത്തിയ അക്രമി ഇവരോട് അശ്ലീല ചുവയോടെ സംസാരിക്കുകയും, അശ്ലീല ആഗ്യം കാട്ടുകയും ചെയ്തു. ഇതോടെ ഭയന്നു പോയ സ്ത്രീ ഓടി സമീപത്തെ കടയിൽ കയറി. ഈ സമയം കടയിലുണ്ടായിരുന്ന കടയുടമ വടവാതൂർ സ്വദേശി ഷാജി അക്രമിയെ ചോദ്യം ചെയ്തു. എന്നാൽ, പിന്മാറാൻ തയ്യാറാകാതിരുന്ന അക്രമി സർക്കാർ ജീവനക്കാരിയ്ക്ക് നേരെ അതിക്രമത്തിന് വീണ്ടും തയ്യാറെടുത്തു. ഇതോടെ ഷാജി ഇയാളെ കായികമായി നേരിടുകയായിരുന്നു. സംഭവം കണ്ട് നാട്ടുകാരും ഓടിക്കൂടിയതോടെ അക്രമി സ്ഥലത്ത് നിന്നും ഓടിരക്ഷപെട്ടു.
കോട്ടയം കെ.എസ്.ആർ.ടി.സി ബസ് സ്റ്റാൻഡ് കേന്ദ്രീകരിച്ച് സാമൂഹിക വിരുദ്ധ ശല്യം അതിരൂക്ഷമാണ്. ബസ് സ്റ്റാൻഡ് കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്ന അനാശാസ്യ പ്രവർത്തകരായ സ്ത്രീകളെ തേടിയെത്തുന്നവരാണ് പലപ്പോഴും സാധാരണക്കാരായ സ്ത്രീകൾക്ക് പോലും ശല്യമായി മാറുന്നത്. കോട്ടയം കെ.എസ്.ആർ.ടി.സി ബസ് സ്റ്റാൻഡിലെത്തുന്ന സ്ത്രീകൾക്ക് സുരക്ഷ ഉറപ്പാക്കാൻ പൊലീസ് കാവലുണ്ടാകണമെന്ന ആവശ്യമാണ് ശക്തമാകുന്നത്.