കോട്ടയം : മാനസിക വെല്ലുവിളി നേരിടുന്ന യുവതിയെ കാറിൽ കയറ്റി പല സ്ഥലങ്ങളിൽ എത്തിച്ച് പീഡിപ്പിച്ച് ഗർഭിണിയാക്കിയ കേസിൽ കോട്ടയം പെരുമ്പായിക്കാട് സ്വദേശിയ്ക്ക് 32 വർഷം കഠിന തടവ്. കോട്ടയം പെരുമ്പായിക്കാട് ഉള്ളാട്ട് വീട്ടിൽ റിച്ചാർഡ് തോമസിനെയാണ് ചങ്ങനാശേരി ഫാസ്ട്രാക് കോടതി (പോക്സോ ) ജഡ്ജി സൈമ ശിക്ഷിച്ചത്. 2021 ലായിരുന്നു കേസിനാസ്പദമായ സംഭവം. യുവതിയും പിതാവും കോട്ടയം നഗരത്തിലാണ് താമസിച്ചിരുന്നത്. പിതാവ് നടത്തിയ തട്ടുകടയിൽ വച്ചാണ് പ്രതി യുവതിയെ പരിചയപ്പെടുന്നത്. തുടർന്ന് , കാറിൽ കയറ്റി വിവിധ സ്ഥലങളിൽ കൊണ്ട് നടന്ന് പീഡിപ്പിക്കുകയായിരുന്നു. യുവതി ഗർഭിണിയായതോടെയാണ് സംഭവം പുറത്ത് അറിഞ്ഞത്. തുടർന്ന് , പൊലീസ് കേസ് രജിസ്റ്റർ ചെയ്ത അന്വേഷണം നടത്തുകയായിരുന്നു. തുടർന്നാണ് പ്രതിയെ അറസ്റ്റ് ചെയ്ത് റിമാൻഡ് ചെയ്തത്. കേസിന്റെ അന്വേഷണ ഘട്ടത്തിലും വിചാരണയ്ക്ക് തൊട്ടുമുൻപും അതിജീവിതയായ യുവതിയെ കാണാതെ പോയിരുന്നു. യുവതിയുടെ പിതാവ് മരിച്ചതോടെ കുട്ടിയെ അനാഥാലയത്തിലേക്ക് മാറ്റുകയായിരുന്നു. ഇതോടെയാണ് പോലീസിന് യുവതി എവിടെയാണെന്ന് വിവരമില്ലാതെ ആയത്. തുടർന്ന് പോലീസ് സംഘം വിശദമായി അന്വേഷണം നടത്തിയ ശേഷം യുവതിയെ കോടതിയിൽ ഹാജരാക്കുകയായിരുന്നു. മൂന്ന് വകുപ്പുകളിലായി 15 , 12 , അഞ്ച് വർഷങ്ങളിലായി 32 വർഷമാണ് ശിക്ഷിച്ചിരിക്കുന്നത്. ശിക്ഷ ഒന്നിച്ച് അനുഭവിച്ചാൽ മതിയാകും. കോട്ടയം വെസ്റ്റ് എസ് എച്ച് ഒ ആയിരുന്ന നിലവിലെ തൃക്കൊടിത്താനം എസ് എച്ച് ഒ ഇൻസ്പെക്ടർ എം ജെ അരുൺ , വെസ്റ്റ് എസ് എച്ച് ഒ ആയിരുന്ന പ്രദീപ് , എസ് ഐ രാജേഷ് എന്നിവരാണ് കേസ് അന്വേഷിച്ച് കുറ്റപത്രം സമർപ്പിച്ചത്. പ്രോസിക്യൂഷന് വേണ്ടി പബ്ളിക്ക് പ്രോസിക്യൂട്ടർ അഡ്വ. പി. മനോജ് കോടതിയിൽ ഹാജരായി.
മാനസിക വെല്ലുവിളി നേരിടുന്ന യുവതിയെ കാറിൽ കയറ്റി പല സ്ഥലങ്ങളിൽ എത്തിച്ച് പീഡിപ്പിച്ച് ഗർഭിണിയാക്കി : കോട്ടയം പെരുമ്പായിക്കാട് സ്വദേശിയ്ക്ക് 32 വർഷം കഠിന തടവ്
