കോട്ടയം: ഓണത്തിന് പത്തു ദിവസം കേരളത്തിൽ കറങ്ങാനെത്തിയ കൊൽക്കത്ത സ്വദേശിയെ യൂബർ ഡ്രൈവറും സുഹൃത്തും ചേർന്ന് കൊള്ളയടിച്ചതായി പരാതി. കൊൽക്കത്തയിലെ സ്വകാര്യ കമ്പനിയിലെ ജീവനക്കാരനായ ഡോ.കിരൺ ജോഷ്വായാണ് കൊള്ളയ്ക്ക് ഇരയായത്. ആലുവയിൽ മോഷണത്തിന് ഇരയായ ഇദ്ദേഹത്തിന് കോട്ടയം തിരുനക്കരയിലെ ടാക്‌സി ഡ്രൈവർമാരാണ് സഹായമായി മാറിയത്. ഇന്നലെ വൈകിട്ടോടെയാണ് കൊൽക്കത്ത സ്വദേശി ആലുവ മെട്രോ റെയിൽവേ സ്‌റ്റേഷനിൽ എത്തിയത്. ഇവിടെ എത്തിയ ശേഷം ഇദ്ദേഹം യൂബർ പിടിക്കുകയായിരുന്നു.
തന്റെ ഒപ്പം കൊൽക്കത്തയിൽ ജോലി ചെയ്യുന്ന തൃശൂർ സ്വദേശിയെ കാണാനും, ഇദ്ദേഹത്തിന് ഒപ്പം കേരളം സന്ദർശിക്കാനുമാണ് കിരൺ എത്തിയിരുന്നത്. യൂബർ ടാക്‌സി എത്തിയപ്പോൾ ടാക്‌സി ഡ്രൈവറും ഒപ്പം ഇയാളുടെ സുഹൃത്ത് എന്ന പരിചയപ്പെടുത്തിയ ആളുമുണ്ടായിരുന്നു. തൃശൂരിലേയ്ക്കു പോകുന്നതിനിടെ ടാക്‌സി മറ്റ് ഇടവഴിയിലൂടെയാണ് കടന്നു പോയത്. ഇതിന് ശേഷം കിരണിന് കുടിയ്ക്കാനായി ഇവർ ജ്യൂസ് നൽകി. ഈ ജ്യൂസ് കുടിച്ചതിന് പിന്നാലെ താൻ അബോധാവസ്ഥയിലായതായി അദ്ദേഹം പറയുന്നു.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
രാത്രി ഏറെ വൈകി കണ്ണ് തുറക്കുമ്പോൾ കാണുന്നത് താൻ എറണാകുളത്ത് റെയിൽവേ ട്രാക്കിൽ കിടക്കുന്നതാണെന്ന് കിരൺ പറയുന്നു. തുടർന്ന് പൊലീസിൽ വിവരം അറിയിച്ചു. പൊലീസ് എത്തി തന്റെ മൊഴിയെടുക്കുകയും ചെയ്തു. സംഭവം ഉണ്ടായ പൊലീസ് സ്റ്റേഷൻ എന്നതിനാൽ കേസ് ആലുവ പൊലീസ് സ്റ്റേഷനിലേയ്ക്കു കൈമാറി. ഇതിന് ശേഷം ഭക്ഷണം കഴിക്കാൻ എറണാകുളം പൊലീസ് സ്റ്റേഷനിലെ എസ്.ഐ കിരണിന് 100 രൂപ നൽകി. തുടർന്ന്, ഇദ്ദേഹം ഇവിടെ നിന്നും ഒരു ട്രാവലർ ഡ്രൈവറുടെ സഹായത്തോടെ കോട്ടയത്ത് എത്തി.
തുടർന്ന്, കോട്ടയത്തെ ടാക്‌സി ഡ്രൈവർമാരുടെ സഹായത്തോടെ ഇദ്ദേഹം കൊൽക്കയ്ക്ക് പോകാൻ തയ്യാറെടുക്കുകയാണ്. ടിക്കറ്റിനുള്ള തുകയും, ഭക്ഷണം കഴിക്കാനും വെള്ളം കുടിക്കാനുമുള്ള സംവിധാനവും കോട്ടയത്തെ ടാക്‌സി ഡ്രൈവർമാരാണ് ഒരുക്കി നൽകിയത്. യൂബർ ടാക്‌സിയ്‌ക്കെതിരെ പരാതി നൽകാൻ നിലവിൽ മാർഗങ്ങളില്ലെന്ന് കിരൺ പറയുന്നു. അമേരിക്കയിലെ സെർവറിലാണ് യൂബറിന്റെ ഇടപാടുകൾ എല്ലാം. കേരളത്തിലോ ഇന്ത്യയിലോ പരാതി നൽകാൻ സംവിധാനമോ, ഓഫിസോ ഇല്ല. ഇത്തരം സാഹചര്യത്തിലാണ് ഈ അക്രമ സംഭവങ്ങൾ ഉണ്ടാകുമെന്നതെന്നും അദ്ദേഹം ആരോപിക്കുന്നു.