ഗാന്ധിനഗർ : കുമാരനല്ലൂരിൽ ഡോഗ് ട്രെയിനിങ് സെന്ററിന്റെ മറവിൽ കഞ്ചാവ് വില്പന നടത്തിയ കേസില്‍ രണ്ടുപേരെ കൂടി പോലീസ് അറസ്റ്റ് ചെയ്തു. ഏറ്റുമാനൂർ കിസ്മത്ത്പടി ഭാഗത്ത് കാട്ടുകുന്നേൽ വീട്ടിൽ അഖിൽ ഷാജി (25), മാഞ്ഞൂർ മേമുറി വാതുപള്ളി വീട്ടിൽ ഉണ്ണിക്കുട്ടൻ എന്ന് വിളിക്കുന്ന അനിൽകുമാർ(24) എന്നിവരെയാണ് ഗാന്ധിനഗർ പോലീസ് അറസ്റ്റ് ചെയ്തത്. കുമാരനെല്ലൂരിൽ വീട് വാടകക്കെടുത്ത് ഡോഗ് ട്രെയിനിങ് സെന്റർ നടത്തിയിരുന്ന കോട്ടയം പാറമ്പുഴ സ്വദേശിയായ റോബിൻ ജോർജിന്റെ വീട്ടിൽ നിന്നും കഴിഞ്ഞ മാസം 17.8 കിലോ കഞ്ചാവ് ജില്ലാ ലഹരി വിരുദ്ധ സ്ക്വാഡ് പിടികൂടിയിരുന്നു.
തുടര്‍ന്ന് ഈ കേസിലെ മുഖ്യപ്രതിയായ റോബിൻ ജോർജിനെ ജില്ലാ പോലീസ് മേധാവി കെ.കാർത്തിക്കിന്റെ നേതൃത്വത്തിലുള്ള അന്വേഷണസംഘം തിരുനെൽവേലിയിൽ നിന്ന് പിടികൂടിയിരുന്നു. ഇതിനെ തുടര്‍ന്ന് നടത്തിയ വിശദമായ അന്വേഷണത്തിലാണ് ഈ കേസില്‍ റോബിൻ ജോർജിനോടൊപ്പം കഞ്ചാവ് കച്ചവടം നടത്തിയിരുന്ന ഇവർ കൂടി അന്വേഷണസംഘത്തിന്റെ പിടിയിലാവുന്നത്. ഗാന്ധിനഗർ സ്റ്റേഷൻ എസ്. എച്ച്.ഓ ഷിജി കെ, എസ്.ഐ മാരായ സുധീ.കെ.സത്യപാലൻ, പത്മകുമാർ എന്നിവരും അന്വേഷണ സംഘത്തിൽ ഉണ്ടായിരുന്നു.കോടതിയില്‍ ഹാജരാക്കിയ ഇവരെ റിമാണ്ട് ചെയ്തു.