തിരുവനന്തപുരം: ഇന്ന് കോട്ടയം,തൃശൂർ ജില്ലകളില്‍ താപനില 37 ഡിഗ്രി സെല്‍ഷ്യസ് വരെ ഉയരും. ആലപ്പുഴ, എറണാകുളം, കോഴിക്കോട്, കണ്ണൂർ ജില്ലകളില്‍ താപനില 36 വരെയും ഉയരാം. ഈ ജില്ലകളില്‍ യെല്ലോ അലർട്ടാണ്. കൊല്ലം, ആലപ്പുഴ, കോട്ടയം, തൃശൂർ ജില്ലകളില്‍ സൂര്യാഘാത സാദ്ധ്യതയുണ്ട്.അതേസമയം, കൊല്ലം ജില്ലയില്‍ ചൂട് വർദ്ധിക്കുന്നതും പൊതുപരീക്ഷയും കണക്കിലെടുത്ത് വിദ്യാർത്ഥികള്‍ ജാഗ്രത പാലിക്കണമെന്ന് ജില്ലാ ദുരന്ത നിവാരണ അതോറിറ്റി ചെയർമാൻ കൂടിയായ കളക്ടർ എൻ.ദേവിദാസ് മുന്നറിയിപ്പ് നല്കി. രാവിലെ 11 മുതല്‍ വൈകിട്ട് മൂന്ന് വരെ നേരിട്ട് സൂര്യപ്രകാശം ഏല്‍ക്കരുത്.
സ്കൂള്‍ അസംബ്ലികള്‍ പൂർണമായും ഒഴിവാക്കണം. അതോടൊപ്പം വാട്ടർ ബെല്‍ സമ്ബ്രദായവും നടപ്പാക്കണം. വെയില് നേരിട്ട് ഏല്‍ക്കാതിരിക്കാൻ കുടയോ ഷാളോ, തൊപ്പിയോ കരുതണം. സണ്‍ സ്ക്രീൻ ലോഷൻ ഉപയോഗിക്കണം. അയഞ്ഞ, ഇളം നിറത്തിലുള്ള കോട്ടണ്‍ വസ്ത്രങ്ങള്‍ ധരിക്കണം. കൈ പൂർണമായും മൂടുന്ന തരത്തിലുള്ള വസ്ത്രങ്ങള്‍ അഭികാമ്യം. ധാരാളം വെള്ളം കുടിക്കുക. ദാഹം ഇല്ലെങ്കിലും ഇടയ്ക്കിടെ വെള്ളം കുടിക്കണം. കാർബണേറ്റഡ് സോഫ്ട് ഡ്രിങ്കുകള്‍, കാപ്പി, ചായ തുടങ്ങിയവ ഒഴിവാക്കുക. പാദരക്ഷകള്‍ നിർബന്ധമായും ഉപയോഗിക്കുക. വിദ്യാർത്ഥികള്‍ ഉച്ചവെയിലില്‍ ഗ്രൗണ്ടില്‍ കളിക്കുന്നില്ലെന്ന് സ്കൂള്‍ അധികൃതർ ഉറപ്പാക്കണമെന്നും കളക്ടർ അറിയിച്ചു.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
സ്കൂളുകളുടെ ശ്രദ്ധയ്ക്ക്
എൻ.സി.സി, സ്കൗട്ട് ആൻഡ് ഗൈഡ്സ്, എൻ.എസ്.എസ് ഔട്ട്ഡോർ പ്രവർത്തനങ്ങള്‍ രാവിലെ 11 മുതല്‍ 3വരെ ഒഴിവാക്കുക
ക്ലാസ് മുറികളിലെ ഫാനുകളുടെ പ്രവർത്തനക്ഷമത ഉറപ്പുവരുത്തുക
ക്ലാസ് മുറികളില്‍ കർട്ടനുകള്‍ ഉപയോഗിക്കുക
ടോയ്ലെറ്റ് വൃത്തിയായി സൂക്ഷിക്കുക
സ്കൂള്‍ ബസുകള്‍ തണലത്ത് പാർക്ക് ചെയ്യണം
ടൈയുടെ ഉപയോഗം ഒഴിവാക്കുക
ഒ.ആർ.എസ് പായ്ക്കറ്റുകള്‍, പ്രഥമ ശുശ്രൂഷ സംവിധാനങ്ങള്‍ എന്നിവ സ്കൂളില്‍ കരുതണം. സൂര്യാഘാതത്തിന്റെ ലക്ഷണങ്ങള്‍ കണ്ടാല്‍ ഉടൻ വൈദ്യസഹായം ഉറപ്പാക്കണം
സ്കൂളുകളില്‍ ശുദ്ധജല ലഭ്യത ഉറപ്പാക്കണം
പരീക്ഷാ ഹാളുകള്‍ വായുസഞ്ചാരമുള്ള ക്ലാസ് മുറികളായിരിക്കണം