കോട്ടയം: കേരള ടൂറിസത്തിന്‍റെ സാംസ്കാരിക വിനിമയ പരിപാടിയുടെ ഭാഗമായി കേരള ഉത്തരവാദിത്ത ടൂറിസം മിഷന്‍ സൊസൈറ്റി സംഘടിപ്പിക്കുന്ന സാംസ്കാരിക വിനിമയ പരിപാടിയ്ക്ക് കോട്ടയത്ത് വര്‍ണ്ണാഭമായ തുടക്കം. അന്താരാഷ്ട്ര ടൂറിസം മാര്‍ക്കറ്റില്‍ കേരളത്തിന്‍റെ മികച്ച ടൂറിസം ഉത്പന്നങ്ങളിലൊന്നായി ഓണത്തെ അവതരിപ്പിക്കുന്നതിനും സാംസ്കാരിക ടൂറിസത്തിന്‍റെ സാധ്യതകള്‍ ഫലപ്രദമായി ഉപയോഗിക്കുന്നതിനുമായാണ് പരിപാടി സംഘടിപ്പിക്കുന്നത്.
ഇതിന്‍റെ ഭാഗമായി കേരളത്തിലെത്തിയ വിദേശീയരും സ്വദേശീയരുമായ സംഘത്തെ ഉത്തരവാദിത്ത ടൂറിസം മിഷന്‍ സൊസൈറ്റി സിഇഒ കെ. രൂപേഷ് കുമാര്‍ സ്വീകരിച്ചു. ആദ്യ ദിവസങ്ങളിലെ സന്ദര്‍ശനങ്ങള്‍ക്കായി കോട്ടയത്തെ വിവിധ ഗ്രാമങ്ങളിലെത്തിയ സംഘത്തെ പഞ്ചവാദ്യത്തിന്‍റെ അകമ്പടിയോടെയാണ് വരവേറ്റത്.




നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
യു.കെ, ഫ്രാന്‍സ്, ദക്ഷിണ കൊറിയ, ഇന്തോനേഷ്യ, തായ് ലന്‍ഡ്, വിയറ്റ്നാം, തായ് വാന്‍, നേപ്പാള്‍, ശ്രീലങ്ക, റൊമാനിയ തുടങ്ങിയ രാജ്യങ്ങളില്‍ നിന്നും ഇന്ത്യയിലെ വിവിധ സംസ്ഥാനങ്ങളില്‍ നിന്നുമുള്ള ഉത്തരവാദിത്ത ടൂറിസം നേതാക്കള്‍, അക്കാദമിഷ്യന്‍മാര്‍, ടൂര്‍ ഓപ്പറേറ്റര്‍മാര്‍ എന്നിവര്‍ സംഘത്തിലുണ്ട്.
ടൂറിസം വകുപ്പ് മന്ത്രി പി എ മുഹമ്മദ് റിയാസ് നല്‍കിയ നിര്‍ദ്ദേശത്തിന്‍റെ അടിസ്ഥാനത്തിലാണ് സംസ്ഥാന ടൂറിസം വകുപ്പിന്‍റെ ഭാഗമായ കേരള ഉത്തരവാദിത്ത ടൂറിസം മിഷന്‍ സൊസൈറ്റി സാംസ്കാരിക വിനിമയ പരിപാടി സംഘടിപ്പിക്കുന്നത്.
വിവിധ ഹോംസ്റ്റേകളില്‍ എത്തിയ സംഘം പൂക്കളവും ഓണസദ്യയും തയ്യാറാക്കി. തദ്ദേശവാസികള്‍ക്കും ജനപ്രതിനികള്‍ക്കുമൊപ്പമുള്ള തിരുവോണ സദ്യ, പ്രാദേശിക ക്ലബ്ബുകള്‍ക്കൊപ്പമുള്ള തിരുവോണ ഘോഷയാത്ര എന്നിവയും ആകര്‍ഷകമായി.
ബാര്‍ട്ടര്‍ സമ്പ്രദായ കാലത്ത് ആരംഭിച്ചെന്ന് കരുതുന്ന മാറ്റ പറമ്പിലെ തിരുവോണം മാറ്റവും സംഘം സന്ദര്‍ശിച്ചു. ഗ്രാമത്തിലെ വീടുകളില്‍ തിരുവോണ സന്ദേശവുമായി എത്തിയ സംഘം ചിരട്ടയും പായയും കൊണ്ടുള്ള വിവിധ ഉത്പന്നങ്ങള്‍ വാങ്ങി.
ഉത്തരവാദിത്ത ടൂറിസം മിഷന്‍ യൂണിറ്റുകളുടെ നേതൃത്വത്തില്‍ പ്രാദേശിക ഓണമത്സരങ്ങളുും സംഘടിപ്പിച്ചിരുന്നു. സ്പൂണ്‍ നാരങ്ങാ മത്സരത്തില്‍ വിയറ്റ്നാമില്‍ നിന്നുള്ള ഫാം വാങ് ഡാം വിജയിയായി. മ്യൂസിക്കല്‍ ചെയര്‍ മത്സരത്തില്‍ ശ്രീലങ്കയില്‍ നിന്നുള്ള ചാര്‍മറി മെലങ്ങും കേരളത്തിലെ ഗൗരിലക്ഷ്മിയും വിജയി ആയി.
സുന്ദരിക്ക് പൊട്ടുതൊടല്‍, വടംവലി മത്സരങ്ങളിലും തദ്ദേശീയര്‍ക്കൊപ്പം സംഘം പങ്കെടുത്തു. ഉത്തരവാദിത്ത ടൂറിസം മിഷന്‍ വനിതാ ടീമിന്‍റെ തിരുവാതിരകളി ആസ്വദിച്ച സംഘം തിരുവാതിര കളിച്ചതും ശ്രദ്ധേയമായി.
കുക്കിംഗ് എക്സ്പീരിയന്‍സിന്‍റെ ഭാഗമായി ആര്‍ടി മിഷന്‍റെ എക്സ്പീരിയന്‍സ് എത്നിക് യൂണിറ്റുകളില്‍ ദോശയും ഇഡ്ഡലിയും സാമ്പാറും ചമ്മന്തിയും സ്വയം ഉണ്ടാക്കിയാണ് സംഘാംഗങ്ങള്‍ പ്രഭാത ഭക്ഷണം കഴിച്ചത്.
പരിപാടി സെപ്റ്റംബര്‍ 11 ന് സമാപിക്കും. തൃശ്ശൂരില്‍ പുലികളിയിലും കുമരകം കവണാറ്റിന്‍കര ജലോത്സവത്തിലും സംഘം പങ്കെടുക്കും. സെപ്റ്റംബര്‍ 9 ന് തിരുവനന്തപുരത്ത് നടക്കുന്ന സംസ്ഥാന സര്‍ക്കാരിന്‍റെ ഓണം വാരാഘോഷ സമാപന ഘോഷയാത്രയിലും ഇവര്‍ ഭാഗമാകും.
സംസ്ഥാനത്തെ സ്ത്രീസൗഹൃദ വിനോദസഞ്ചാരം, ജെന്‍ഡര്‍ ഇന്‍ക്ലൂസീവ് ടൂറിസം, ഗ്രാമജീവിത അനുഭവം, സ്ട്രീറ്റ് പെപ്പര്‍ മോഡല്‍ ആര്‍ടി വില്ലേജ് പദ്ധതികള്‍ തുടങ്ങിയവ പ്രതിനിധി സംഘത്തിന് മുന്നില്‍ അവതരിപ്പിക്കും. ഉത്തരവാദിത്ത ടൂറിസം വിദഗ്ധരും പ്രചാരകരും, ഗവേഷകരും കലാപ്രവര്‍ത്തകരും പരിപാടിയുടെ ഭാഗമാണ്.