കോട്ടയം ടെക്സ്റ്റൽസ് ജൂൺ 2 മുതൽ തുറന്ന് പ്രവർത്തിക്കാൻ തീരുമാനിച്ചു – അഡ്വ. മോൻസ് ജോസഫ് എംഎൽഎ

കോട്ടയം – ഏറ്റുമാനൂർ : വർഷങ്ങളായി അടച്ചു പൂട്ടിയിരുന്ന കോട്ടയം ടെക്സ്റ്റൽസ് ജൂൺ 2 മുതൽ തുറന്നു പ്രവർത്തിക്കാൻ സംസ്ഥാന സർക്കാരും ടെക്സ്റ്റൽസ് കോപ്പറേഷനും നടപടി സ്വീകരിച്ചതായി അഡ്വ. മോൻസ് ജോസഫ് എംഎൽഎ അറിയിച്ചു.

Advertisements

കോട്ടയം ടെക്സ്റ്റൽസ് അടച്ചു പൂട്ടിയത് മൂലം ദീർഘനാളുകളായി ജീവനക്കാരും തൊഴിലാളികളും ശമ്പളവും മറ്റ് ആനുകൂല്യങ്ങളും ലഭിക്കാതെ രൂക്ഷമായ പ്രതിസന്ധിയിലൂടെ കടന്നു പോകുകയായിരുന്നു. കടുത്തുരുത്തി അസംബ്ലി മണ്ഡലത്തിലെ വേദഗിരിയിൽ പ്രവർത്തിച്ചുവന്നിരുന്ന കോട്ടയം ടെക്സ്റ്റൽസ് തുറന്ന് പ്രവർത്തിക്കണമെന്ന് ആവശ്യപ്പെട്ടു കൊണ്ട് അഡ്വ. മോൻസ് ജോസഫ് എംഎൽഎ നിയമസഭയിൽ 2 പ്രാവശ്യം സബ്മിഷനുകൾ അവതരിപ്പിച്ചിരുന്നു.
വ്യവസായ വകുപ്പ് മന്ത്രി പി. രാജീവ്, സഹകരണ വകുപ്പ് മന്ത്രി വി.എൻ വാസവൻ എന്നിവരുടെ നേതൃത്വത്തിൽ സ്ഥാപനത്തിന്റെ പ്രതിസന്ധി പരിഹരിക്കുന്നതു സംബന്ധിച്ച് വിവിധ ചർച്ചകളും ആവശ്യമായ ഇടപെടലുകളും സർക്കാർതലത്തിൽ നടത്തുകയുണ്ടായി.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

2025 – 26 വർഷത്തെ ബജറ്റിൽ ഉൾപ്പെടുത്തി ധനകാര്യവകുപ്പ് മന്ത്രി കെ.എൻ ബാലഗോപാൽ കോട്ടയം ടെക്സ്റ്റൽസിന്റെ ഭാവി വികസനത്തിനുവേണ്ടി 40 കോടി രൂപയുടെ പദ്ധതി പ്രഖ്യാപിക്കുകയുണ്ടായി. ബജറ്റ് വിഹിതത്തിൽ നിന്ന് 8 കോടി രൂപ കമ്പനിയുടെ ആധുനികവൽക്കരണത്തിനു വേണ്ടി മന്ത്രിമാരുടെ സംയുക്ത ഇടപെടലിനെ തുടർന്ന് സംസ്ഥാന സർക്കാർ അനുവദിച്ച് തന്നതായി അഡ്വ. മോൻസ് ജോസഫ് എംഎൽഎ വ്യക്തമാക്കി. പ്രസ്തുത ഫണ്ട് വിനിയോഗിച്ചുകൊണ്ട് പുതിയ മിഷനുകളും ആധുനിക സാമഗ്രിരികളും വാങ്ങിക്കുന്നതിനുള്ള ഓർഡർ ടെക്സ്റ്റൽസ് കോർപ്പറേഷൻ അധികൃതർ ഇതിനോടകം നടത്തിയിട്ടുണ്ട്.

കോട്ടയം ടെക്സ്റ്റൽസ് തുറന്ന് പ്രവർത്തിക്കുന്നതിന് പ്രധാന തടസ്സമായിരുന്ന വൈദ്യുതി ചാർജ് കുടിശ്ശിക സർക്കാർതലത്തിൽ ചർച്ച ചെയ്ത് പരിഹാര നടപടികൾ സ്വീകരിക്കുകയുണ്ടായി. മുഖ്യമന്ത്രിയുടെ നേതൃത്വത്തിൽ ധനകാര്യ, വ്യവസായ, സഹകരണ, വൈദ്യുതി വകുപ്പ് മന്ത്രിമാർ കൂട്ടായി നടത്തിയ ചർച്ചയുടെ അടിസ്ഥാനത്തിൽ 2024 ഡിസംബർ 31 വരെയുള്ള കോട്ടയം ടെക്സ്റ്റൽസ് അടയ്ക്കാനുണ്ടായിരുന്ന 8 കോടി രൂപയുടെ വൈദ്യുതി കുടിശിക പൂർണ്ണമായും ഇളവ് ചെയ്യുന്നതിന് തീരുമാനിക്കുകയുണ്ടായി. ഇതിനെ തുടർന്ന് കമ്പനി തുറന്ന് പ്രവർത്തിക്കുന്നതു സംബന്ധിച്ച് ടെക്സ്റ്റൽസിലെ വിവിധ യൂണിയനുകളും നടത്തിയ ചർച്ചയുടെ അടിസ്ഥാനത്തിൽ നിലവിലുള്ള കുടിശ്ശികയ്ക്ക് സാവകാശം അഭ്യർത്ഥിച്ചുകൊണ്ട് സർക്കാരിലേക്ക് നിവേദനം സമർപ്പിക്കാൻ തീരുമാനിച്ചു. ഇതുപ്രകാരം വൈദ്യുതി വകുപ്പ് മന്ത്രി കെ. കൃഷ്ണൻകുട്ടിക്ക് വൈദ്യുതി കുടിശ്ശികയ്ക്ക് സാവകാശം അഭ്യർത്ഥിച്ചുകൊണ്ട് അഡ്വ.മോൻസ് ജോസഫ് എംഎൽഎ സമർപ്പിച്ച നിവേദനത്തിന്റെ അടിസ്ഥാനത്തിൽ വൈദ്യുതി ബോർഡ് അനുകൂല നടപടി സ്വീകരിച്ചതിനെ തുടർന്നാണ് ജൂൺ 2 മുതൽ കമ്പനി തുറന്ന് പ്രവർത്തിക്കാൻ തീരുമാനിച്ചിട്ടുള്ളത്.

Hot Topics

Related Articles