കടുത്തുരുത്തി: ശക്തമായ മഴയെ തുടർന്ന് കടുത്തുരുത്തി പഞ്ചായത്തിലെ ആപ്പുഴ, എരുമത്തുരുത്ത് പ്രദേശങ്ങളിലെ വീടുകളിൽ വെള്ളം കയറി. ഇരുപതോളം വീടുകളിലാണ് വെള്ളം കയറിയത്. മറ്റ് വീടുകളുടെ മുറ്റത്ത് വെള്ളകെട്ടുണ്ട്. മഴ കനത്താൽ ഈ വീടുകളിലും വെള്ളം കയറുന്ന സ്ഥിതിയാണ് നിലവിലുള്ളത്. കടുത്തുരുത്തി വലിയ തോട്, ചുള്ളിത്തോട് എന്നിവ കരകവിഞ്ഞതിനെ തുടർന്നാണ് ഈ പ്രദേശത്ത് വെള്ളം കയറിയത്. വെള്ളം കയറിയ വീടുകളിൽ വീട്ടുപകരണങ്ങൾ കട്ടയുപയോഗിച്ച് ഉയർത്തി വെച്ചിരിക്കുകയാണ്.
വളർത്തു മൃഗങ്ങളെ ഉയർന്ന പ്രദേശത്തേക്ക് മാറ്റിയിട്ടുണ്ട്. വീടുകളിൽ വെള്ളം കയറിയതിനെ തുടർന്ന് പഞ്ചായത്ത് ആയാംകുടി ഗവ.എൽ പി സ്കൂളിൽ ക്യാമ്പ് തുറന്നു. ഇവിടെ ഏഴ് കുടുംബംഗങ്ങളിൽ നിന്നായി പതിനേഴ് പേർ എത്തിയിട്ടുണ്ട്. കടുത്തുരുത്തി -ആപ്പുഴ തീരദേശ റോഡ്, ഈരക്കടവ് – ആപ്പുഴ, ആപ്പാഞ്ചിറ-ആയാംകുടി റോഡിൽ കാന്താരിക്കടവ് – മുക്കം ഭാഗത്തും, ആയാംകുടി വായനശാല – പുതുശ്ശേരിക്കര റോഡ്, മധുരവേലി റേഷൻകട ജംഗ്ഷനിൽ നിന്ന് -പുലിത്തുരുത്തിലേക്ക് പോകുന്ന റോഡിലും വെള്ളം കയറി. എരുമത്തുരുത്തിനോട് ചേർന്നുള്ള വെള്ളാശ്ശേരി, മാന്നാർ പാടശേഖരങ്ങളിലും, മധുരവേലി പാലയ്ക്കത്തറ എന്നിവിടങ്ങളിലും താമസിക്കുന്നവർ വെള്ളപ്പൊക്ക ഭീഷണിയിലാണ്. ഇവിടെയും വെള്ളക്കെട്ട് രൂക്ഷമാണ്.