കോട്ടയം: നാഗമ്പടം ബസ് സ്റ്റാൻഡ് സാമൂഹിക വിരുദ്ധ കേന്ദ്രമാകുന്നതിൽ പ്രതിഷേധിച്ച് നാളെ ഡിസംബർ 13 വെള്ളിയാഴ്ച ബി.എം.എസ് നേതൃത്വത്തിൽ പ്രതിഷേധം സംഘടിപ്പിക്കും. ബി.എംഎസ് കോട്ടയം മേഖലയുടെ നേതൃത്വത്തിലാണ് പ്രതിഷേധം സംഘടിപ്പിക്കുന്നത്. രാവിലെ പത്തിന് നാഗമ്പടം ബസ് സ്റ്റാൻഡിൽ പ്രതിഷേധ ധർണ നടത്തും. കഴിഞ്ഞ ദിവസം ധർണയ്ക്ക് മുന്നോടിയായി ബി.എം.എസ് കോട്ടയം മേഖലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ കോട്ടയം ജില്ലാ പൊലീസ് മേധാവിയ്ക്കും, കോട്ടയം ഈസ്റ്റ് സ്‌റ്റേഷൻ ഹൗസ് ഓഫിസർക്കും, കോട്ടയം നഗരസഭയ്ക്കും നിവേദനം നൽകിയിരുന്നു.
ഇതിന്റെ ഭാഗമായാണ് നാളെ നാഗമ്പടത്തേയ്ക്ക് പ്രതിഷേധ മാർച്ച് നടത്തുന്നത്. പട്ടാപ്പകൽ പോലും നാഗമ്പടം ബസ് സ്റ്റാൻഡിന്റെ രണ്ടാം നിലയിൽ സാമൂഹിക വിരുദ്ധർ തമ്പടിച്ചിരിക്കുകയാണ്. ഇത് കൂടാതെ ഈ സാമൂഹിക വിരുദ്ധ സംഘം പട്ടാപ്പകൽ പോലും ഇവിടെ മദ്യക്കുപ്പികൾ വച്ച് മദ്യപിക്കുന്നതും പതിവാണ്. ഇത്തരത്തിലുള്ള സാമൂഹിക വിരുദ്ധ സംഘങ്ങൾ നടത്തുന്ന ഇടപെടലുകൾ മൂലം സാധാരണക്കാരായ ആളുകളാണ് ബുദ്ധിമുട്ട് നേരിടുന്നത്. ഇവിടെയുള്ള വ്യാപാരികൾ അടക്കമുള്ളവർ ഈ സാമൂഹിക വിരുദ്ധ സംഘത്തിന്റെ ആക്രമണത്തെ ഭയന്നാണ് കഴിയുന്നത്. ഈ സാഹചര്യത്തിലാണ് സാമൂഹിക വിരുദ്ധ സംഘത്തെ നേരിടുന്നതിനു വേണ്ടി കർശന നടപടികൾ സ്വീകരിക്കണമെന്ന ആവശ്യവുമായി ബി.എം.എസ് രംഗത്ത് എത്തിയിരിക്കുന്നത്.